ബിഎംഎസ് നേതൃത്വത്തില്‍ നാളെ 10 ലക്ഷം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. തൊഴിലാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് ദല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും എല്ലാ തൊഴില്‍ മേഖലയില്‍നിന്നും തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും ശാശ്വതമായ പരിഹാരം കാണുന്നതിന് ഗവണ്മെന്റുകള് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച്. തൊഴിലിനേയും തൊഴിലാളിയേയും സംരക്ഷിക്കൂ, രാഷ്ട്രത്തെ രക്ഷിക്കൂ എന്നതാണ് പ്രധാന മുദ്രാവാക്യം.
അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം പൂര്‍ണമായി ലഭ്യമാക്കുക, അസംഘടിത മേഖല, സാമൂഹ്യ സുരക്ഷിതത്വനിയമം പൂര്‍ണമായി നടപ്പിലാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന നിര്‍ത്തലാക്കുക, വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുക, അഴിമതി കര്‍ശനമായി തടയുക, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നത്.
ആഗോളവല്‍ക്കരണ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കി 20 വര്‍ഷം പിന്നിടുകയാണ്. തൊഴില്‍ മേഖലയില്‍ കടുത്ത ആഘാതമാണ് ഈ പരിഷ്ക്കാരങ്ങള്‍ നല്‍കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം തൊഴിലാളികളെ വ്യാപകമായി വിആര്സിന്റെ പേരിലും മറ്റ് പദ്ധതികളുടെ പേരിലും വ്യാപകമായി പിരിച്ചുവിട്ടിരിക്കുകയാണ്. സംഘടിത മേഖലയില്‍ പോലും ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. റിട്ടയര്‍മെന്റ് നടക്കുമ്പോള്‍ അതിന് ആനുപാതികമായ റിക്രൂട്ട്മെന്റ് നടക്കുന്നില്ല. എല്ലാ മേഖലകളിലും തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറച്ചുവരുകയെന്നത് സര്‍ക്കാരുകളുടെ നയമായി മാറിയിരിക്കുന്നു. ഭാരതംപോലെ വിശാലമായ ജനസാന്ദ്രതയും ജനസംഖ്യയുമുള്ള രാജ്യത്ത് തൊഴില്‍ നയത്തിലും വ്യവസായ നയത്തിലും മുന്തിയ പരിഗണന നല്‍കേണ്ടത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ്. പക്ഷെ ഗവണ്മെന്റ് തൊഴിലവസരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്.
രാജ്യത്ത് റിക്കാര്‍ഡ് വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടേയും വില ഗണ്യമായി ഉയര്‍ന്നിരിക്കുന്നു. വില നിയന്ത്രിച്ച് സാധാരണക്കാരന്റേയും തൊഴിലാളികളുടേയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മാന്ത്രികവടിയൊന്നും കയ്യില്‍ ഇല്ല എന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന അപലപനീയമാണ്. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുന്നില്ല. ഭക്ഷ്യസംഭരണവും വിതരണവും സര്‍ക്കാര്‍ ഉപേക്ഷിച്ചുവരുകയാണ്. മൂലധനശക്തികളും കോര്‍പ്പറേറ്റ് കുത്തകകളും വാണിജ്യവ്യാപാരമേഖലകളുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നു. ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമായിരിക്കുന്നു. അരപട്ടിണിക്കാരനെ മുഴുപട്ടിണിക്കാരനാക്കുന്ന സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം തിരുത്തേണ്ടതാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയിരക്കണക്കിന് തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങളുടെ സംരക്ഷണം അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഫലവത്തായ സംവിധാനം ഇല്ല. തൊഴില്‍ തര്‍ക്കനിയമം ഗ്രാറ്റുവിറ്റി ആക്ട്, ബോണസ് ആക്ട്, മിനിമം വേജസ് ആക്ട്, ഇഎസ്ഐ ആക്ട്, പിഎഫ് ആക്ട് എന്നീ നിയമങ്ങളുടെ സംരക്ഷണം എന്നിവ വളരെ ചെറിയൊരു ശതമാനം തൊഴിലാളികള്‍ക്കേ ലഭ്യമാകുന്നുള്ളൂ. ഈ നിയമങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ണ പരാജയമാണ്. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും കവര്‍ന്നെടുക്കുകയും ചെയ്യുന്ന തൊഴില്‍ ഉടമകള്‍ക്ക് സഹായമായ നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാദാവ് ഗവണ്മെന്റാണ്. ഇരുമ്പുരുക്ക് വ്യവസായം, കല്‍ക്കരി, ബാങ്കിംഗ്, ടെലി കമ്മ്യൂണിക്കേഷന്‍, റെയില്‍വേ, പോര്‍ട്ട് ആന്റ് ഷിപ്പിയാര്ഡ്സ്, എയര്‍ലൈന്‍സ്, എല്‍ഐസി തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥന് സര്‍ക്കാരാണ്. രാജ്യത്തുണ്ടാക്കിയിട്ടുള്ള തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി മാതൃക കാണിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കുത്തക മുതലാളിമാരേക്കാള്‍ മോശമായ രീതിയിലാണ് സര്‍ക്കാരുകളുടെ സമീപനം.
രാജ്യത്ത് അമ്പത് കോടിയില്‍പ്പരം വരുന്ന തൊഴിലാളികളില്‍ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ അസംഘടിത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരാണ്. മതിയായ വേതനം, സാമൂഹ്യസുരക്ഷിതത്വ പദ്ധതികള്‍, ബോണസ്, പെന്ഷന് തുടങ്ങിയവ ഇവര്‍ക്ക് ലഭ്യമാകുന്നില്ല. അവരുടെ പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി നിലവില്‍ വന്നിട്ടുള്ള അസംഘടിതമേഖല സാമൂഹ്യ സുരക്ഷിതത്വ പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. തൊഴില്‍ ശക്തിയുടെ 90 ശതമാനം വരുന്ന മേഖലയെ അവഗണിക്കുന്നത് തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായതാണ്. കോടാനുകോടി രൂപയുടെ സൗജന്യങ്ങള്‍ കുത്തക മുതലാളിമാര്‍ക്കും വ്യവസായികള്‍ക്കും നല്കുമ്പോള് തൊഴിലാളികളെ മാത്രം അവഗണിക്കുന്നത് അനുചിതമാണ്.
രാജ്യത്തെ അടിസ്ഥാന വ്യവസായ മേഖലകള്‍ പൂര്‍ണമായും പൊതുമേഖലയിലാണ്. ദേശസാല്‍ക്കരണ നയം വ്യവസായങ്ങളെ ശക്തിപ്പെടുത്താനും സ്വകാര്യ കുത്തകകളെ നിയന്ത്രിക്കാനുമായിരുന്നു. അതീവ രഹസ്യമായ രാജ്യരഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ടെലി കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കുകയാണ്. ഈ ഓഹരി വില്‍പ്പനയ്ക്ക് പുറകില്‍ വലിയ അഴിമതി കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വ്യവസായങ്ങള്‍ നടത്തേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല എന്നാണ് മന്ത്രിമാര്‍ പറയുന്നത്. പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മില്‍ ആരോഗ്യകരമായ മത്സരമാവാം. എന്നാല്‍ പൊതുമേഖലയെ പൂര്‍ണമായും ദുര്‍ബലപ്പെടുത്തി, കുത്തകകളെ കൊഴുപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. ഓഹരി വില്‍പ്പനയുടെ പേരില്‍ കോടികള്‍ തട്ടിയ ഇടപാടില്‍ കേന്ദ്രമന്ത്രിമാരും എംപിമാരും ജയിലിലാണ്. പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ കാണിക്കുന്ന ധൃതി വിദേശ സ്വദേശകുത്തകകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ തീറെഴുതി കൊടുക്കാനും അതിലൂടെ കോടികള്‍ തട്ടിയെടുക്കാനുമുള്ള ശ്രമമാണ്. അതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന അടിയന്തരമായി നിര്‍ത്തിവെയ്ക്കേണ്ടതാണ്.
ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്മാര്, വ്യവസായികള്‍ എന്നിവര്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ജനങ്ങളുടെ നികുതിപ്പണം വെട്ടിച്ചും അഴിമതി നടത്തിയും സംഭരിച്ച കള്ളപ്പണം കണ്ടുകെട്ടി രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഉപയോഗപ്രദമാക്കുന്ന രീതിയില്‍ നടപടി ഉണ്ടാകണം. നിലവിലുള്ള നിയമങ്ങളുടെ പോരായ്മയും പരിമിതിയും അതോടൊപ്പം ഭരണാധികാരികളുടെ ഒത്താശയും ഇതിന് പുറകിലുണ്ട്. കള്ളപ്പണക്കാരുടെ പട്ടിക ഗവണ്മെന്റിന് അറിയാമെങ്കിലും അത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. കര്‍ക്കശമായ നിയമ സംവിധാനത്തിലൂടെ ഇതിന് പരിഹാരം കാണണം.
സാമൂഹ്യ ജീവിതത്തില്‍ ഏറ്റവും മലീമസമായ സാഹചര്യമാണ് വ്യാപകമായ അഴിമതി സൃഷ്ടിച്ചിരിക്കുന്നത്. അഴിമതി കര്‍ക്കശമായി തടയുന്നതിനുള്ള നിലവിലുള്ള നിയമങ്ങള്‍ ദുര്‍ബലമാണ്. ഇതിന് മാറ്റം വരുന്ന രീതിയില്‍ നിയമഭേദഗതി ഉണ്ടാവണം. അഴിമതിക്കെതിരെ അതിശക്തമായ പോരാട്ടങ്ങള്‍ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങള്‍ ഈ സമരത്തെ ഭയപ്പെടുന്നു. അഴിമതിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധവും അനിവാര്യമായിരിക്കുന്നു.
ഐല്‍ഒ കണ്‍വെന്‍ഷന്‍സ് അംഗീകരിച്ചിട്ടുള്ള നിരവധി സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ചെറിയൊരു ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ലഭ്യമാക്കുന്നത്. 50കോടിയില്‍പ്പരം തൊഴിലാളികളുള്ള നമ്മുടെ രാജ്യത്ത് 4.75 കോടി തൊഴിലാളികളാണ് ഇഎസ്ഐയില്‍ അംഗമായിട്ടുള്ളത്. 4.50 കോടി തൊഴിലാളികളാണ് ഇപിഎഫില്‍ അംഗമായിട്ടുള്ളത്. പെന്ഷന് ലഭിക്കുന്ന തൊഴിലാളികള്‍ ചെറിയ ശതമാനമേ ഉള്ളൂ.
പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്), ന്യൂ ജനറേഷന് തൊഴില്‍ മേഖലയില്‍, ഐടി തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷിതത്വമോ സംരക്ഷണമോ ഇല്ല. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം. എട്ട് മണിക്കൂര്‍ വിനോദം തുടങ്ങിയ തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ്. 15-16 മണിക്കൂര്‍ തൊഴിലാളികള്‍ ജോലി എടുക്കേണ്ടി വരുന്നു. തൊഴിലാളികളെ നിയോഗിക്കുവാനും പിരിച്ചുവിടാനും ജോലി സമയം, ശമ്പളം, അധ്വാനഭാരം എന്നിവ എല്ലാം തൊഴില്‍ ഉടമകള്‍ തീരുമാനിക്കും. തൊഴിലാളികള്‍ യന്ത്രങ്ങള്‍പോലെ പ്രവര്‍ത്തിക്കണം. തൊഴിലാളിക്ക് സംഘടിക്കാനോ വില പേശാനോ അവകാശങ്ങള്‍ ചോദിക്കാനോ സാഹചര്യമില്ല. വികസനം എന്ന പേരില്‍ തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളികളും തൊഴിലാളി സംഘടനകളും വികസന വിരോധികളാണെന്ന് വ്യാപകമായ രീതിയില്‍ കുത്തകകള്‍ പ്രചരിപ്പിക്കുന്നു. അതിന് കുഴലൂതുകയാണ് സര്‍ക്കാര്‍. തൊഴിലാളികളുടെ വിയര്പ്പിന് യാതൊരു മാന്യതയും കല്‍പ്പിക്കാത്ത ഭരണകൂടവും കുത്തകകളും തൊഴിലാളി വിരുദ്ധരും ജനവിരുദ്ധരും ദേശവിരുദ്ധരുമാണ്. സമ്പന്നന് കൂടുതല്‍ സമ്പന്നന് ആകുകയും ദരിദ്രന് വീണ്ടും ദരിദ്രന് ആകുന്ന സാമൂഹ്യനീതി അംഗീകരിക്കാന്‍ കഴിയില്ല.
മേല്‍പ്പറഞ്ഞ വിഷയങ്ങളും മറ്റ് നിരവധി പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ബിഎംഎസ് ദേശീയ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. തൊഴിലാളി ശബ്ദം ദേശത്തിന്റെ ശബ്ദമാണ് എന്ന് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ബിഎംഎസ് വ്യാപകമായ പ്രചാരണ പരിപാടികള്‍ രാജ്യത്താകമാനം സംഘടിപ്പിച്ചുവരുകയാണ്. ഇതിനകം തന്നെ ബിഎംഎസ് മുന്നോട്ടുവെച്ചിട്ടുള്ള പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിന് വേണ്ടി പദയാത്രകള്‍, വാഹന ജാഥകള്‍, ജില്ലാ റാലികള്‍, സെക്രട്ടറിയേറ്റ് മാര്‍ച്ചുകള്‍ എന്നിവ നടന്നു കഴിഞ്ഞു. ഈ പ്രക്ഷോഭങ്ങള്‍ക്ക് വലിയ തൊഴിലാളി പങ്കാളിത്തവും ജനപിന്തുണയുമാണ് ലഭിച്ചത്. രാജ്യത്താകമാനം തൊഴിലാളികള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴിലാളി സംഘടനയായ ബിഎംഎസിന് വലിയ മുന്നേറ്റമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലിനേയും തൊഴിലാളികളേയും രാജ്യത്തേയും രക്ഷിക്കാനുള്ള ഐതിഹാസികമായ സമരപോരാട്ടം ചരിത്ര സംഭവമായി മാറും. ഭരണകൂടങ്ങള്‍ക്ക് ശക്തമായ താക്കീതാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ ബിഎംഎസ് ഉദ്ദേശിക്കുന്നത്. പാര്‍ലമെന്റ് മാര്‍ച്ചിനുശേഷം ബിഎംഎസ് അഖിലേന്ത്യാ കമ്മറ്റി തയ്യാറാക്കിയിട്ടുള്ള അവകാശ പത്രിക പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മാര്‍ച്ചിന് കേരളത്തില്‍നിന്ന് 1000-ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ് മാര്‍ച്ചിന് അഖിലേന്ത്യാ പ്രസിഡന്റ് സി.കെ.സജിനാരായണന്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബൈജനാഥ് റായ് മറ്റ് ദേശീയ നേതാക്കളും അണിനിരക്കും
വി.രാധാകൃഷ്ണന്.
(ബിഎംഎസ് സംസ്ഥാന
ഖജാന്‍ജിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: