തിരുവനനന്തപുരം: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ജാമ്യം നല്കിയ സി.പി.എം നേതാവ് എം.വി ജയരാജന് ഇന്ന് ജയില്‍മോചിതനാകും. പുറത്തിറങ്ങുന്ന ജയരാജന് ജയില്‍ കവാടത്തിലും പൂജപ്പുര മൈതാനത്തും വച്ച് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍.
പതിനായിരം രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജയരാജന് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ഈ തുക ഹൈക്കോടതിയില്‍ ജയരാജന്റെ അഭിഭാഷകര്‍ അടച്ചു കഴിഞ്ഞു. തുടര്‍ന്ന് ബോണ്ട് രേഖകളുമായി പ്രത്യേക ദൂതന് ഹൈക്കോടതിയില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ വച്ച് ബോണ്ടില്‍ ജയരാജന് ഒപ്പിടുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന് ഇന്ന് രാവിലെ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ ജയരാജന് കണ്ണൂരിലേക്ക് യാത്ര തിരിക്കും. കണ്ണുര്‍ റെയില്‍വേ സ്റ്റേഷനില്‍ വലിയ രീതിയിലുള്ള സ്വീകരണ പരിപാടികളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് എന്നിവര്‍ ജയിലില്‍ എത്തിയാണ് ജാമ്യം ലഭിച്ച വിവരം ജയരാജനെ അറിയച്ചത്. പിന്നീട്, സിപിഎം, ഡിവൈഎഫ്ഐ ജില്ലാ നേതാക്കള്‍ ജയരാജനെ സന്ദര്‍ശിച്ചു.
ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ജയരാജനെ കൊച്ചിയില്‍നിന്ന് പൂജപ്പുര ജയിലിലേക്കു കൊണ്ടു പോകുമ്പോള്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: