ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പൊതുപ്രവര്‍ത്തകരുടെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തുകയാണ് സുബ്രഹ്മണ്യം സ്വാമിയെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
സ്പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജി സുപ്രീംകോടതി വാദം കേട്ട് വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. അതിനിടെയാണ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
ബംഗളുരുവില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ഹര്‍ജി. ടുജി സ്പെക്ട്രം ഇടപാടില്‍ ഇപ്പോള്‍ കുടുങ്ങിയ എ.രാജ ചെറിയ മത്സ്യം മാത്രമാണെന്നും തിമിംഗലങ്ങള്‍ ഇനിയും ഉണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം.
സ്പെക്ട്രം ഇടപാടില്‍ നിലപാടുകളെടുത്തത് ചിദംബരമായിരുന്നുവെന്നും സോണിയാഗാന്ധി, കരുണാനിധി ഉള്‍പ്പടെയുള്ളവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായെന്നും സ്വാമി ആരോപിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ സുബ്രഹ്മണ്യം സ്വാമി പരസ്യപ്രസ്താവന നടത്തിയത് ജുഡീഷ്യറിയുടെ നടപടിയോടുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരുടെ വില ഇടിച്ചുകാണിക്കുന്നതാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനകളെന്നും അത് തടയണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ എതിര് കക്ഷിക്ക് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കണമെന്ന സാമാന്യ മര്യാദ പോലും പാലിക്കാത്ത സര്‍ക്കാര്‍ ഹര്‍ജി മാധ്യമങ്ങള്‍ക്ക് നല്കിയ നടപടി തെറ്റാണെന്ന് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു.
ചിദംബരം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിസ്സമ്മതിച്ച സ്വാമി തനിക്കെതിരെ മാനനഷ്ടക്കേസ് നല്കാന് സര്‍ക്കരിനെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: