തിരുവനന്തപുരം: ഇരട്ടപ്പദവി പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവിനും ചീഫ്വിപ്പിനും സംരക്ഷണം നല്കാന് സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സിറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുന്‍കാലപ്രാബല്യത്തോടെയുള്ള ഓര്ഡിനന്സാകും നടപ്പാക്കുകയെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇപ്പോള്‍ ഭരണഘടനാപരമായ സംരക്ഷണം മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഉണ്ട്. അതു പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനുംകൂടി ബാധകമാക്കിയാകും ഓര്ഡിനന്സിറക്കുക. ഇരട്ടപ്പദവി വിവാദത്തില്‍ രണ്ടു തരത്തിലുള്ള നിയമോപദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇരട്ടപ്പദവി ഇവര്‍ക്ക് ബാധകമല്ലെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ പിന്നീട് അതിന് വിരുദ്ധമായ ഉപദേശങ്ങളുമുണ്ടായി. അതിനാലാണിപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
ഇരട്ടപ്പദവി പ്രശ്നം സംസ്ഥാനത്ത് കത്തി നില്ക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ക്യാബിനറ്റ് റാങ്കിലുള്ള ചീഫ് വിപ്പിന്റെ പദവി ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുന്നതാണെന്ന് കാട്ടി മുന്‍ എംപി സെബാസ്റ്റ്യന്പോളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനോട് തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം തേടിയിരുന്നു.
കോടതികള്‍ സംബന്ധിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തില്‍ പുനര്‍വിചിന്തനം വേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലകൃഷ്ണപിള്ളയ്ക്കെതിരായ വിധിയെ സ്വാഗതംചെയ്ത സിപിഎം എം.വി. ജയരാജന്റെ കാര്യത്തില്‍ കടകവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടുതരം നിലപാടിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ ജുഡീഷ്യറി വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കോടതികളുടെ പല തീരുമാനങ്ങളും സര്‍ക്കാരിന് അസൗകര്യം ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ചില നിയന്ത്രണങ്ങളും പരിശോധനകളും ഒക്കെയാണ് ജനാധിപത്യത്തിന്റെ ശക്തി. എല്ലാം നിയമത്തിനും പരസ്യവിചാരണയ്ക്കും വിധേയമാവണം. കോടതികള്‍ക്ക് അതിരുണ്ട്. അതാണ് അപ്പീല്‍ കോടതി. എന്നാല്‍ വിധി അനൂകൂലമാവുമ്പോള് പ്രശംസിക്കുകയും അല്ലാത്തപ്പോള്‍ കടകവിരുദ്ധമായ സമീപനം സ്വീകരിക്കുന്നതും ശരിയല്ല. ജുഡീഷ്യറിയെ വികാരത്തിന്റെ പേരില്‍ അപമാനിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന് പുറത്തുനില്‍ക്കുന്ന തീവ്രവാദികളും മാവോയിസ്റ്റുകളും നക്സലുകളുമാണ് അത് ചെയ്യുന്നത്.
എം.വി.ജയരാജനെ ജയിലിലേക്ക് കൊണ്ടുവന്ന വാഹനം വഴിയില്‍ തടഞ്ഞതിനെക്കുറിച്ച് ചോദിക്കേണ്ടത് വിഎസിനോടും പിണറായിയോടുമാണ്. പിള്ളയെ കാറില്‍ കൊണ്ടുവന്നതിനെ വിമര്‍ശിച്ചവരാണ് അവര്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ രണ്ട് രീതിയില്ല. അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് ജനങ്ങളോട് മറുപടി പറയണം.
ജയരാജനെ ശിക്ഷിച്ചതില്‍ സന്തോഷിക്കുന്ന കൂട്ടത്തില്‍പ്പെട്ടയാളല്ല താന്‍. ഒരാളുടെ പ്രയാസത്തില്‍ സന്തോഷിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാതയോര നിരോധനം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം സ്റ്റേ ചെയ്ത കോടതിവിധിയ്്ക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: