പോലീസ്സേനയില്‍ ക്രിമിനലുകള്‍ ഇടം നേടുന്നുവെന്ന് കോടതി. ഇവര്‍ പരിശീലനത്തിന് പോയതുതന്നെ കോടതി ഉത്തരവ് നേടിയാണെന്നും കോടതി. അപ്പോള്‍ ഇവരെ ചെവിയ്ക്ക് പിടിച്ച് പുറത്താക്കാന്‍ ഇനി ആരാണാവോ?
അടുത്തകാലത്ത് പോലീസ് നിയമനം ലഭിച്ച നൂറിലേറെ പേര് ക്രിമിനലുകളാണത്രെ. പക്ഷേ അതിന് മുമ്പേ ഇതേ പ്രകൃതക്കാര്‍ പലരും പോലീസിന്റെ തലപ്പത്ത് എത്തിക്കഴിഞ്ഞു. പത്രപ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച ഡിവൈഎസ്പി, യുവാവിനെ കൊത്തി നുറുക്കി നാടാകെ വിതറിയ ഒരു ഏമാന്, അങ്ങനെ ചിലര്‍ മാതൃകയാണ്.
ക്രിമിനലുകളും കള്ളന്മാരും എല്ലാംകൂടി പോലീസില്‍ കയറി ഒരു ഫോള്ഡറായാല് പിന്നെ പോലീസിനെ പിടിക്കാന്‍ ആരാവും വരിക! സോപ്പിലെ അഴുക്ക് കളയാന്‍ ഏത് സോപ്പ് ഉപയോഗിക്കും? അതിനെ സോപ്പെന്ന് വിളിക്കാനാവുമോ? ആവോ?
കേരളത്തിലെ പോലീസില്‍ ഗുണ്ടകളും കുറ്റവാളികളും പെണ്‍വാണിഭക്കാരും മറ്റ് മാഫിയകളും അംഗങ്ങളാകുന്നത് കാലാനുസൃതമായ മാറ്റമായിരിക്കും! ഗുണ്ടാസംഘങ്ങളെ കണ്ടുപിടിക്കാന്‍ ഗുണ്ടകള്‍തന്നെ വേണം. അതുപോലെ വാണിഭക്കാരെയും മാഫിയകളേയും കണ്ടെത്താന്‍ അതേ കാറ്റഗറിയുള്ള ഓഫീസര്‍മാര്‍ വേണം!
നമ്മളെത്ര നിസ്സാരമായാണ് ചിന്തിക്കുന്നത്! ഒരു ഗുണ്ടയെ വളര്‍ത്തിയെടുക്കുന്നതിന് എന്ത് സമ്പത്തും സമയവും വേണം! അവരും തൊഴിലല്ലേ ചെയ്യുന്നത്. ഒരു കല. ഒരുതരം ആക്രമണ കല! അവര്‍ക്കു വേണ്ടേ ഒരു പ്രോത്സാഹനവുമൊക്കെ? സ്പോര്ട്ടസ്ക്കാര്ക്ക് കൊടുക്കുന്നതുപോലെ ക്വാട്ട ഇവര്‍ക്കും അനുവദിക്കണം.
ചെറിയ ഗുണ്ടകള്‍ക്ക് എസ്ഐ റാങ്ക്, അതിലും മുതിര്‍ന്നവര്‍ക്ക് ഡിവൈഎസ്പി റാങ്ക്, നല്ല പീഡനക്കാരന് എസ്പി റാങ്ക്, അങ്ങനെ പോകട്ടെ പോലീസ് സേനയിലെ റാങ്കിംഗും നവീകരണവും. പോക്കറ്റടിക്കാര്‍ക്ക് കോണ്‍സ്റ്റബിള്‍ തസ്തിക നല്‍കാം.
മണ്ണും മണലും പോലീസ് മാഫിയയുടെ ചുമതലയിലാണ്. ടിപ്പറും ജെസിബിയും ഒക്കെയുള്ളവര്‍ പോലീസാകണം! എന്നാലേ ആ മേഖലയ്ക്കൊരു ജീവനുണ്ടാകൂ. പോലീസിനെ ജനകീയമാക്കണമെങ്കില്‍ വിവിധ ജനസമൂഹത്തിന്റെ പ്രാതിനിധ്യം വേണം. പിന്നെ വിദേശ വാര്‍ത്തകള്‍ വായിക്കരുതെന്നൊരു നിര്‍ദേശമുണ്ട്. ഇറാനില്‍ പീഡനത്തില്‍ പ്രതികളായ നൂറിലേറെ പ്രതികളെ തൂക്കിക്കൊന്നുവത്രെ. അങ്ങനെ വല്ല ഒരു നിയമം ഇവിടെ വന്നാല്‍ നമ്മെ ഭരിക്കാന്‍ മന്ത്രിമാരേയും രാഷ്ട്രീയക്കാരേയും കിട്ടുകയില്ല!
അഴിമതിക്കാര്‍ക്ക് ചൈനക്കാരും വധശിക്ഷ വിധിക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വല്ലോം ദൈവമേ ഇവിടെ വരാതിരിക്കട്ടെ! ഇല്ലെങ്കില്‍ റോഡരികുകള്‍ രക്തസാക്ഷി മണ്ഡപങ്ങളാല്‍ നിറയും. നമുക്ക് പോലീസ് സേനയില്‍ ആളെ കിട്ടുകയുമില്ല. എല്ലാം ആലോചിക്കണമെന്നേ പറയാനുള്ളൂ.
പെണ്ണുക്കര രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: