ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ കുറിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടറിയേറ്റുമായി കൂടിയാലോചിച്ച ശേഷം തയ്യാറാക്കിയതാണെന്ന് വ്യക്തമായി.
2 ജി സ്പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യണമെന്ന് 2008-ല്‍ ധനമന്ത്രിയായിരുന്ന ചിദംബരം നിര്‍ബന്ധിച്ചിരുന്നെങ്കില്‍ വന്‍ കുംഭകോണം ഒഴിവാകുമായിരുന്നുവെന്ന ധനമന്ത്രാലയത്തിന്റെ കുറിപ്പാണ് വന്‍വിവാദമായത്. ചിദംബരത്തെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് അഴിച്ചുവിട്ട കൊടുങ്കാറ്റ് അടങ്ങുന്നതിനിടെയാണ് പുതിയ രേഖ പുറത്തുവന്നിരിക്കുന്നത്. ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ ചിദംബരത്തിനെതിരായ പരാമര്‍ശങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് കാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഓഫീസും ആവശ്യപ്പെടുകയാണുണ്ടായതത്രെ. കുറിപ്പ് അയക്കാന്‍ സാമ്പത്തികകാര്യ വകുപ്പിന് താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിഎംഒയിലെ ജോയിന്റ് സെക്രട്ടറി സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഔദ്യോഗിക ഓഫീസ് മെമ്മോറാണ്ടം വഴി കുറിപ്പ് അയക്കാന്‍ നിര്ദ്ദേശിക്കുകയായിരുന്നത്രെ.
ന്യൂയോര്‍ക്കില്‍നിന്ന് മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ സപ്തംബര്‍ 26ന് മുഖര്‍ജി സിങ്ങിനെഴുതിയ കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 25ന് ധനമന്ത്രാലയം അയച്ച കുറിപ്പ് വിവരാവകാശ നിയമപ്രകാരമാണ് പരസ്യമായത്. ചിദംബരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാചകം മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും വലിയ പ്രശ്നമാക്കിയതോടെയാണ് കുറിപ്പ് അയക്കാനുള്ള സാഹചര്യം വിശദീകരിച്ച് മുഖര്‍ജി പ്രധാനമന്ത്രി മന്മോഹന്സിംഗിന് അയച്ച രണ്ട്പേജ് വരുന്ന കത്ത് പുറത്തുവന്നത്.
ധനവകുപ്പിന്റെ കുറിപ്പില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ഇത് ഇ-മെയില്‍ ചെയ്യുകയാണെന്നും കാബിനറ്റ് സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറിയുടെ മറുപടി കിട്ടിയതായും മുഖര്‍ജി വിശദീകരിക്കുന്നു. കുറിപ്പില്‍ പിന്നീട് ചേര്‍ത്ത രണ്ടുകാര്യങ്ങള്‍ പച്ചനിറത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെങ്കില്‍ അറിയിക്കണമെന്നും മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: