തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന് വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യില്ല. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളെപ്പറ്റി നിയമസഭാ സമിതിയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കും. അരുണ്‍കുമാര്‍ പ്രശ്നം പ്രതിപക്ഷത്തെ പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ അടിക്കാനുള്ള വടിയെന്ന നിലയില്‍ നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭാസമിതി അന്വേഷിക്കുന്നുണ്ടെങ്കിലും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ സസ്പെന്റ് ചെയ്യുന്നതില്‍ നിയമതടസമില്ല. മാത്രമല്ല, സസ്പെന്ഷന് ഒരാളെ കുറ്റവാളിയാക്കുന്നില്ല. പല അന്വേഷണങ്ങളും ബന്ധപ്പെട്ടവരെ സസ്പെന്റ് ചെയ്തതിന് ശേഷമാണ് നടത്തുക. അതുകൊണ്ടുതന്നെ സസ്പെന്ഷന് വച്ച് താമസിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനെന്ന് വ്യക്തം.
ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ ഡോ. സുബ്രഹ്മണ്യത്തെയും അരുണ്‍ കുമാറിനെയും സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ വിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സെക്രട്ടറി സസ്പെന്ഷന് ശുപാര്‍ശ നല്‍കിയത്. ഐ.എച്ച്.ആര്.ഡിയുടെ ഗവേണിങ് ബോഡിയെ നോക്കുകുത്തിയാക്കി എല്ലാ തീരുമാനങ്ങളും ചെയര്‍മാനായ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ അംഗീകാരത്തോടെ നടപ്പാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം.
അരുണ്‍കുമാറിനെ മോഡല്‍ ഫിനിഷിങ് സ്കൂളിന്റെ ഡയറക്ടറായി നിയമിച്ചത് ഐ.എച്ച്.ആര്.ഡി ഭരണസമിതി അംഗീകരിച്ചിരുന്നില്ല. നാല് വര്‍ഷമായി ഭരണസമിതി യോഗം പോലും ചേര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഡയറക്ടറുടെ യോഗ്യത ഇതുവരെ നിശ്ചയിച്ചിട്ടുപോലുമില്ല. എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നടക്കമുള്ള കുട്ടികളെ പരീശീലിപ്പിക്കുന്ന ഫിനിഷിങ് സ്കൂളിന്റെ ഡയറക്ടറാകാന്‍ അരുണ്‍കുമാറിന് യോഗ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രിന്‍സിപ്പല്‍ ആകാന്‍വേണ്ട ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം ഇദ്ദേഹത്തിനില്ലായിരിക്കെ അദ്ദേഹത്തിന് ആ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്കി. തുടര്‍ന്ന് ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലേക്കും സ്ഥാനക്കയറ്റം നല്കി. അഡീഷണല്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചതിന് സര്‍ക്കാരിന്റെ അനുവാദവും വാങ്ങിയിട്ടില്ല. ഇതുകൂടാതെ ഡോ. ജേക്കബ് തോമസ്, പ്രൊഫ. ജ്യോതി ജോണ്‍, ഡോ വി.പി. ദേവസ്യ എന്നിവര്‍ക്ക് നല്കിയ സ്ഥാനക്കയറ്റവും ചട്ടപ്രകാരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിനിഷിങ് സ്കൂളിന്റെ ഫണ്ട് വിനിയോഗിച്ചതും ക്രമപ്രകാരമായിരുന്നില്ല. കെല്‍ട്രോണുമായി നിയമാനുസൃത കരാറിലേര്പ്പെടാതെയാണ് പണി ഏല്പിച്ചത്. ഈ കാരണങ്ങളാല്‍ അരുണ്‍കുമാറിനെതിരെയും സുബ്രഹ്മണ്യത്തിനെതിരെയും നടപടി വേണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ ഡയറക്ടറുടെ യോഗ്യത നിശ്ചയിച്ചാല്‍ അരുണിന് ഈ സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 1997ല്‍ അഢോക്ക് അടിസ്ഥാനത്തില്‍ അരുണിനെ അസിസ്റ്റന്റ് ഡയറക്ടറാക്കി. 2004ല്‍ പ്രിന്‍സിപ്പലാക്കി. എന്നാല്‍ 99 മുതല്‍ 2001 വരെ അരുണ്‍കുമാര്‍ കയര്‍ഫെഡ് എംഡി ആയി ജോലി ചെയ്യുകയായിരുന്നു.
പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റത്തിനു വേണ്ട ഏഴു വര്‍ഷ അധ്യാപന പരിചയം അരുണ്‍കുമാറിന് ഇല്ല. കൂടാതെ 2007ല്‍ ജോയിന്റ് ഡയറക്ടറായും 2011ല്‍ അഡീഷനല്‍ ഡയറക്ടറായും സ്ഥാനക്കയറ്റം നല്കിയതും ചട്ടവിരുദ്ധമായാണ്. ഫണ്ട് ദുര്‍വിനിയോഗവും അരുണിനെതിരെ ആരോപിക്കപ്പെട്ടു.
അരുണിനെതിരായ വിവിധ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘത്തിനു രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഐഎച്ച്ആര്‍ഡിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു ധനകാര്യ പരിശോധനാ വിഭാഗവും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലും നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടു പോയത്.വിജിലന്‍സ് അന്വേഷണം വേണമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബും ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണങ്ങള്‍ക്കു പുറമെ, അരുണിനെതിരെ വിവാദ സന്യാസി സന്തോഷ് മാധവന്റെ പരാതി, ചന്ദന ഫാക്ടറി ഉടമയില്‍ നിന്നു കോഴപറ്റിയെന്ന ആരോപണം തുടങ്ങിയവ വിജിലന്‍സ് സംഘം അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: