വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള സൈനികേതര ആണവ സഹകരണകരാറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒപ്പുവെച്ചത് അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസുമായി ചര്‍ച്ച നടത്താന്‍ പോലും മന്മോഹന് തയ്യാറായിരുന്നില്ല. ആണവ സഹകരണകരാര്‍ ഒപ്പുവെക്കുന്ന കാലത്ത് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന റൈസ് തന്നെയാണ് തന്റെ പുതിയ പുസ്തകത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. പുസ്തകം നവംബര്‍ ഒന്നിന് പ്രകാശനം ചെയ്യും.
ഇന്ത്യയിലും അമേരിക്കയിലും ഒരേപോലെ വിവാദമുയര്‍ത്തിയ ആണവസഹകരണ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങനെയാണ് നടന്നതെന്നും കരാറില്‍ ഇരുരാജ്യങ്ങളും എങ്ങനെയാണ് ഒപ്പുവെച്ചതെന്നും കോണ്ടലീസ റൈസ് വിശദീകരിക്കുന്നുണ്ട്. കരാറിനെക്കുറിച്ച് അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷുമായി അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് ചര്‍ച്ച നടക്കുന്ന ദിവസം താന്‍ പുലര്‍ച്ചെ 4.30 ന് ഉറക്കമുണര്‍ന്നതായി റൈസ് പറയുന്നു.
പൊതുവെ കരുതപ്പെട്ടിരുന്നതുപോലെ അന്നത്തെ വിദേശകാര്യമന്ത്രി നട്വര്‍സിംഗ് ആണവക്കരാറിന് എതിരായിരുന്നില്ലെന്നും അനുകൂലമായിരുന്നുവെന്നും റൈസ് പുസ്തകത്തില്‍ അവകാശപ്പെടുന്നു. കരാറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനായിരുന്നു ആശങ്കയെന്നും ഇന്ത്യയില്‍ അത് വിലപ്പോവുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമായിരുന്നുവെന്നും റൈസ് പറയുന്നു.
“നട്വര്‍സിംഗ് ഉറച്ചുനിന്നു. കരാര്‍ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഇന്ത്യയില്‍ കരാറിന് അംഗീകാരം നേടാനാവുമോ എന്ന് പ്രധാനമന്ത്രിക്ക് ഉറപ്പില്ലായിരുന്നു. ഞങ്ങള്‍ കരാറുണ്ടാക്കാന്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ കരാറിന്റെ രേഖ പ്രധാനമന്ത്രിയെ കാണിക്കാമെന്ന് നട്വര്‍സിംഗ് പറഞ്ഞു”- 784 പേജുള്ള പുസ്തകത്തില്‍ റൈസ് വെളിപ്പെടുത്തുന്നു.
നട്വര്‍സിംഗ് ശ്രമിച്ചിട്ടും മന്മോഹന് കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറാവുന്നില്ലെന്ന് യുഎസ് അണ്ടര്‍ സെക്രട്ടറിയായിരുന്ന നിക്കോളാസ് ബേണ്‍സ് തന്നെ ഫോണില്‍ അറിയിച്ചതായി റൈസ് ഓര്‍മിക്കുന്നു. താന്‍ പ്രസിഡന്റ് ബുഷിനെ വിളിച്ചുവെന്നും കരാര്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്നും സിംഗിന് അതിനാവില്ലെന്നും ബുഷിനെ അറിയിച്ചെന്നും റൈസ് പറയുന്നു. വളരെ മോശം എന്നാണത്രേ ബുഷ് ഇതിനോട് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ബന്ധിക്കേണ്ടെന്ന് ബുഷ് പറഞ്ഞതായി റൈസ് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: