തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വജനപക്ഷപാതം കാട്ടിയെന്ന് വീണ്ടും ആരോപണം. കൊച്ചി മെട്രോ റെയിലിന്റെ അക്കൗണ്ട് കൊല്ലത്തെ സ്വകാര്യ ബാങ്കിന് നല്‍കിയതില്‍ സ്വജനപക്ഷപാതമുണ്ടെന്ന് മുന്‍ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ ആണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ബന്ധുവാണ് ഈ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെന്നും ഐസക് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിനെ കോ ഓപ്പറേറ്റിവ് സൊസൈറ്റി പരീക്ഷാബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
മെട്രോ റെയില്‍ പദ്ധതിയ്ക്കു പുറമേ അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പടെയുള്ള അനുബന്ധജോലികളും കൊച്ചി മെട്രോ കമ്പനിയാണ് നിര്‍വഹിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 17 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ബന്ധു സച്ചു അസിസ്റ്റന്റ് മാനേജരായ ആക്സിസ് ബാങ്ക് കൊല്ലം ശാഖയില്‍ നിക്ഷേപിച്ചെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഖജനാവ് കുളം തോണ്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ തുടക്കം കുറിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സ്വാധീനത്തിന്റെയും ഇടപെടലിന്റെയും ഫലമായാണിങ്ങനെ സംഭവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പണം പുത്തന്‍തലമുറ ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ അനുവാദം നല്‍കിയെന്നത് ഗുരുതരമായ പ്രശ്നമാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
സഹകരണപരീക്ഷാബോര്‍ഡ് ചെയര്‍മാനായി മുഖ്യമന്ത്രിയുടെ ബന്ധു കുഞ്ഞ് ഇല്ലംപിള്ളിയെ നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. തോമസ് ഐസക് പറഞ്ഞു.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആക്സിസ് ബാങ്കിന്റെ കൊച്ചി മെയ്ന്‍ ബ്രാഞ്ചിലേക്ക് രണ്ടുകോടി രൂപ നിക്ഷേപിക്കാനാണ് എഴുതി നല്‍കിയതെങ്കിലും അവര്‍ കൊല്ലം ബ്രാഞ്ചിലാണ് നിക്ഷേപിച്ചത്. ഇന്റര്‍നെറ്റ് കോര്‍, ബാങ്കിങ് സമ്പ്രദായം മൂലമാകാം ഇങ്ങനെ സംഭവിച്ചത്. ആക്സിസ് ബാങ്കിലും എച്ച്.ഡി.എഫ്.സി ബാങ്കിലുമാണ് കൊച്ചി മെട്രോ കമ്പനിക്ക് അക്കൗണ്ട് ഉള്ളത്. ആക്സിസ് ബാങ്കിലെ കറണ്ട് അക്കൗണ്ടിലാണ് രണ്ടുകോടി രൂപ നിക്ഷേപിച്ചത്. കൊല്ലം ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ സച്ചു തന്റെ പിതാവിന്റെ സഹോദരിയുടെ മകന്റെ മകനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണപരീക്ഷാബോര്‍ഡ് ചെയര്‍മാനായി നിയിമച്ച കുഞ്ഞ് ഇല്ലംപിള്ളി തന്റെ ബന്ധുവാകുന്നതിന് മുമ്പുതന്നെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. പരീക്ഷാബോര്ഡിലേത് രാഷ്ട്രീയ നിയമനമാണ്. ഇടതുസര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ക്ക് താല്പര്യമുള്ള അധ്യാപകസംഘടനാ നേതാവിനെ ചെയര്‍മാനായി നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റംവരുത്തുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തെ അധ്യാപക പരിചയം ഉള്‍പ്പടെയുള്ള യോഗ്യതകള്‍ ഈ നേതാവിനെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യഥാര്‍ഥ സഹകരണ ചട്ടങ്ങളിലേക്ക് മടങ്ങിപ്പോകുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണപരീക്ഷാബോര്ഡില് കുഞ്ഞ് ഇല്ലംപിള്ളി അംഗമായിരുന്നു. തങ്ങളുടെ ഇഷ്ടക്കാരന്റെ നിയമനം ലക്ഷ്യമിട്ട് കുഞ്ഞ് ഇല്ലംപിള്ളിയെ ഒഴിവാക്കാന്‍ യോഗ്യതയില്‍ മാറ്റംവരുത്തുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് എന്‍.ആര്.എച്ച്.എമ്മിന്റെ പണം പുത്തന്‍തലമുറ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് മുഖേന അനുവദിച്ച കാര്യം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന് ഐസക്ക് മറുപടി നല്കി. കേന്ദ്രനിര്‍ദേശം അനുസരിച്ചാണ് പഞ്ചായത്തുകളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പുത്തന്‍തലമുറ ബാങ്കുകള്‍ മുഖേന ആവശ്യമെങ്കില്‍ നിര്‍വഹിക്കാമെന്ന നിര്‍ദേശം നല്‍കിയതെന്നും ഐസക്കിന്റെ സമീപനം ഇരട്ടത്താപ്പാണെന്നും ധനമന്ത്രി കെ എം മാണിയും പറഞ്ഞു. കേന്ദ്രഫണ്ട് സ്വകാര്യബാങ്കുകളിലൂടെ അനുവദിക്കുന്നതും സംസ്ഥാന ബജറ്റില്‍ നിന്നും അനുവദിക്കുന്ന പണം സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കുന്നതും വ്യത്യസ്തമായി കാണണമെന്ന് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: