മുംബൈ: പൊതുജനത്തിന്റെ സാമ്പത്തികഭാരം വര്‍ധിക്കാന്‍ വഴിതെളിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ വീണ്ടും കൂട്ടി. പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരിലാണ് റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തിയിരിക്കുന്നത്.
വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.50 ശതമാനമായും ബാങ്കുകളുടെ പക്കലുള്ള അധികപണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 7.25 ശതമാനത്തില്‍നിന്ന് 7.50 ശതമാനവുമായാണ് കൂട്ടിയിരിക്കുന്നത്. കരുതല്‍ ധന അനുപാതം (കാഷ് റിസര്‍വ് റേഷ്യോ) ആറ് ശതമാനമായി തുടരും.
നാണയപ്പെരുപ്പം തടയാനെന്ന പേരില്‍ 2010 മാര്‍ച്ച് 19 നുശേഷം ഇത് 13-ാം തവണയാണ് റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ കൂട്ടുന്നത്. 2010 മാര്‍ച്ച് 19 ന് കാല് ശതമാനം വര്‍ധനയോടെ റിപ്പോ നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇതിപ്പോള്‍ 8.50 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. അന്ന് കാല് ശതമാനം വര്‍ധനയോടെ റിവേഴ്സ് റിപ്പോ നിരക്ക് 3.5 ശതമാനമായിരുന്നു. 13 പ്രാവശ്യത്തെ വര്‍ധനക്കുശേഷം ഇത് ഇപ്പോള്‍ 7.5 ശതമാനത്തില്‍ എത്തിയിരിക്കയാണ്.
റിസര്‍വ് ബാങ്കിന്റെ മധ്യകാല പണവായ്പാ നയത്തിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയതോടെ പൊതുജനങ്ങളുടെ വായ്പാഭാരം കൂടും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങി എല്ലാവിധ വായ്പകളുടെയും പലിശനിരക്ക് ബാങ്കുകള്‍ ഉടന്‍ ഉയര്‍ത്തും. സേവിംഗ്സ് ബാങ്ക് പലിശനിരക്ക് ബാങ്കുകള്ക്ക്തന്നെ തീരുമാനിക്കാം. ഇപ്പോള്‍ ഇത് 4 ശതമാനമാണ്.
നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രവും റിസര്‍വ് ബാങ്കും കടുത്ത നടപടികള്‍ ആരംഭിച്ചിട്ട് ഏറെ നാളുകളായി. എന്നാല്‍ ജനങ്ങളുടെ സാമ്പത്തികഭാരം കൂടിവന്നതല്ലാതെ ഇതുകൊണ്ട് ഫലമൊന്നും ഉണ്ടായില്ല. തന്നെയുമല്ല ഈ നടപടി വ്യാവസായിക, സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. റിയല്‍ എസ്റ്റേറ്റ്, കെട്ടിടനിര്‍മാണ മേഖല, വാഹന വ്യവസായം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇതിന്റെ തിരിച്ചടി ദൃശ്യമാണ്.
ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ ഉയര്‍ത്തുന്നതിന് പുറമെ നിലവിലെ വായ്പകള്‍ക്കുള്ള പലിശയും ഉയര്‍ത്തിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനമൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തനിടെ ഭവനവായ്പാ പലിശ നിരക്കില്‍ മൂന്ന് ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസര്‍വ്ബാങ്ക് വായ്പാനിരക്കുകളില്‍ വരുത്തിയ വര്‍ധന സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി സമ്മതിച്ചു. റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയ നടപടി പണപ്പെരുപ്പം ചെറുക്കാന്‍ ഉപകരിക്കുമെങ്കിലും പ്രതികൂല ഘടകങ്ങള്‍ ഒട്ടേറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന നിലയില്‍ തുടരുന്ന പലിശനിരക്കുകള്‍ ഡിസംബറോടെ കുറയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു അവകാശപ്പെട്ടു. മാര്‍ച്ച് അവസാനത്തോടെ ഇത് ഏഴ് ശതമാനമായി താഴുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: