വനിതാ കോഡ് ബില്‍ ചര്ച്ചാവേളകളിലെല്ലാം മുഴങ്ങിക്കേട്ട ഒരു വാചകം കുട്ടികള്‍ ദൈവം തരുന്ന വരദാനമാണെന്നും അവര്‍ അമൂല്യസമ്പത്താണെന്നും മറ്റുമാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ചുരുളഴിയുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതും അവര്‍ അമൂല്യ സമ്പത്താണെന്നുതന്നെയാണ്; അമൂല്യ ധനസമ്പാദന മാര്‍ഗം.
കേരളം ഇന്ത്യയില്‍ വികസന സൂചികയില്‍ മുന്നിലാണെന്നാണ് അടുത്തയിടെ വന്ന മറ്റൊരു റിപ്പോര്‍ട്ട്. ഈ വികസന സൂചികകളില്‍ ആരോഗ്യവും സാക്ഷരതയും പോഷകാഹാരവും മാത്രമല്ല ഉള്‍പ്പെടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പീഡന വികസനം കൂടിയാണ്. കേരളം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ പത്രത്തിലും സന്ധ്യക്ക് ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീയുടെ ബലാല്‍സംഗം ചെയ്യപ്പെട്ട മൃതദേഹം വയലിലാണല്ലോ തള്ളിയിരുന്നത്.
കുട്ടികള്‍ ദൈവത്തിന്റെ വരദാനവും ഭാവിയുടെ വാഗ്ദാനവും ആണെന്നിരിക്കെ ആ കുട്ടികള്‍ക്കുപോലും വീട്ടിലും വഴിയിലും വാഹനത്തിലും സ്കൂളിലും സുരക്ഷിതത്വമില്ലാതെ വരികയാണ്. 2011 ജൂണ്‍ മാസം വരെ പ്രായം തികയാത്ത 174 പെണ്‍കുട്ടികളാണ് കേരളത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. 2010 ല്‍ ഒരുവര്‍ഷത്തെ കണക്ക് 208 മാത്രമായിരുന്നു. എല്ലാ മാസവും കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി പരാതി ലഭിക്കുന്നുണ്ട് എന്നാണ് വനിതാ കമ്മീഷനും പറയുന്നത്. 2011 ല്‍ മാത്രം 698 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നടന്നത്. കേരള സ്റ്റേറ്റ് എക്കണോമിക് റിവ്യൂ പറയുന്നതും കുട്ടികളുടെ നേര്‍ക്ക് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 174.08 ശതമാനം വളര്‍ച്ചയുണ്ടെന്നാണ്.
ഇതെല്ലാം തെളിയിക്കുന്നത് കേരളത്തില്‍ സ്ത്രീകള്‍ മാത്രമല്ല കുട്ടികളും ലൈംഗികാക്രമണ വിധേയരാകുന്നു എന്ന സത്യമാണ്. യഥാര്‍ത്ഥത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലീസില്‍ എത്താതെ പോകുന്നത് അതുളവാക്കുന്ന സാമൂഹ്യവിലക്ക് കാരണമാണ്. കുട്ടികളുടെ തെറ്റുകൊണ്ട് അല്ല അവര്‍ ഇരകളായി മാറുന്നതെങ്കിലും അന്തിമമായി കുടുംബം പോലും അവരെ ഒറ്റപ്പെടുത്തുന്നു എന്നു കാണാം.
കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കുക അസാധ്യം. ചൊവ്വാഴ്ചത്തെ പത്രത്തില്‍ പോലും വിദ്യാര്‍ത്ഥിനികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്ക്കനെ പോലീസ് അറസ്റ്റു ചെയ്ത വാര്‍ത്തയുണ്ട്. സ്ത്രീകള്‍ ലൈംഗികാക്രമണ വിധേയരാകുന്നത് അവര്‍ ലൈംഗിക പ്രലോഭനം നല്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതിനാലാണെന്ന് പറയുന്നവര്‍ കുട്ടികള്‍ എന്ത് ലൈംഗിക പ്രലോഭനമാണ് സൃഷ്ടിക്കുന്നത് എന്നുകൂടി വിശദീകരിക്കേണ്ടതാണ്.
കുട്ടികളെ പീഡിപ്പിക്കുന്നത് അവര്‍ അറിയുന്നവരും വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണ്. മുത്തച്ഛന്, അച്ഛന്, അമ്മാവന്, കസിന്‍സ്, വീട്ടുവേലക്കാര്‍, അധ്യാപകര്‍ ഇങ്ങനെ പോകുന്നു ഇക്കൂട്ടരുടെ പട്ടിക. ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ചതായി തെളിഞ്ഞ അധ്യാപകനെതിരെ നടപടിയെടുക്കാതെ സ്കൂളിലെ പ്രധാനാധ്യാപിക സ്കൂള്‍കുട്ടികളുടെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററില്‍നിന്ന് നീക്കംചെയ്യുകയാണുണ്ടായത്.
2011 ല്‍ 22 കൊലപാതകങ്ങളും 173 ബലാല്‍സംഗങ്ങളും 96 തട്ടിക്കൊണ്ടുപോകലും അഞ്ച് ശിശുപീഡനങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം നാലില്‍ ഒരു പെണ്‍കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു. സ്കൂളില്‍ രണ്ടില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുണ്ട്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് ആണ്‍കുട്ടികളാണ് പെണ്കുട്ടികളെക്കാള് പീഡനം അനുഭവിക്കുന്നത് എന്നാണ്. വനിതാ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരവും ഒരു ദിവസം അഞ്ച് പെണ്‍കുട്ടികളെങ്കിലും വേശ്യാവൃത്തിക്കായി വില്ക്കപ്പെടുന്നു.
കുട്ടികള്‍ ഈ വിധം പീഡിപ്പിക്കപ്പെടുമ്പോള്തന്നെ അവരെ വിറ്റ് കാശാക്കുന്ന രക്ഷിതാക്കളും ഇന്ന് ഇവിടെയുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു എന്ന് ഉല്‍ഘോഷിക്കുമ്പോഴും പുറത്തുപറയാത്ത വസ്തുത കൂടുതല്‍ സ്ത്രീകള്‍ ഇന്ന് ഇതിന് ഇടനിലക്കാരാവുന്നു എന്നതാണ്. ഇത് ഒരു ശോഭാ ജോണില്‍ ഒതുങ്ങുന്നില്ല. ശോഭാ ജോണ്‍ പോലും വരാപ്പുഴ പെണ്‍കുട്ടിയെ അവളുടെ മാതാവില്നിന്നാണല്ലോ ഒരു ലക്ഷം രൂപക്ക് വിലയ്ക്കുവാങ്ങിയത്? എന്തുകൊണ്ട് ശോഭാജോണിനൊപ്പം വരാപ്പുഴ പെണ്‍കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തില്ല? അമ്മക്കോ അച്ഛനോ മക്കളെ വേശ്യാവൃത്തിക്ക് വില്ക്കാന് അവകാശമുണ്ടോ?
കേരളം ഉപഭോഗ സംസ്ഥാനമായതിനാല്‍ ധനസമ്പാദന ത്വരയില്‍ സ്ത്രീകള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറുന്നുവോ എന്ന സംശയം പല സംഭവങ്ങളും ബലപ്പെടുത്തുന്നു. കുടുംബകോടതിയില്‍ വരുന്ന ഗാര്‍ഹിക പീഡനക്കേസുകളില്‍ നല്ലൊരു ശതമാനം ഭാര്യമാര്‍ ഭര്ത്താക്കന്മാരെ കുടുക്കാന്‍ കൊടുക്കുന്നവയാണെന്ന് ഒരു കുടുംബകോടതി അഭിഭാഷകതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിലെ തൊഴില്‍സ്ഥലങ്ങളിലും പീഡനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്ന പരാതി സെല്ലില്‍ ഇപ്പോള്‍ ലഭിക്കുന്ന പരാതികള്‍ പുരുഷനാല്‍ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്നല്ല, മറിച്ച് സ്ത്രീയാല്‍ പുരുഷന് പീഡിപ്പിക്കപ്പെടുന്നു എന്നാണത്രെ. ഇത് പരാതി സെല്ലിന്റെ പരിധിയില്‍ വരാത്തതാണെന്ന് എനിക്ക് പറയേണ്ടിവന്നിട്ടുണ്ട്.
ഞാന്‍ സ്ത്രീകള്‍ക്കുവേണ്ടി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സുരക്ഷക്കും വേണ്ടി എഴുതുന്ന പത്രപ്രവര്‍ത്തകയാണ്. പക്ഷെ ഇപ്പോഴത്തെ പ്രവണത എന്നെ വേദനിപ്പിക്കുന്ന തരത്തിലായതിനാലാണ് ഇതെഴുതിപ്പോകുന്നത്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത പല പെണ്‍വാണിഭ റാക്കറ്റുകളിലും പെണ്‍കുട്ടിയെ വാങ്ങി കൈമാറിയത് സ്ത്രീകളാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അസമയത്ത് പുരുഷന്മാരുടെ ഇടയില്‍ ഒറ്റപ്പെടുന്ന പെണ്‍കുട്ടി അവിടെ കാണുന്ന സ്ത്രീയെ വിശ്വസിക്കാന്‍ സാധ്യതയുണ്ട്. ഈ വിശ്വാസം മുതലെടുത്താണ് സൂര്യനെല്ലി പെണ്‍കുട്ടിയും ചതിക്കപ്പെട്ടത്.
കിളിരൂര്‍ കേസില്‍ ശാരിയെ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ലതാനായരുടെ കൂട്ടുപ്രതിയായ ശാരിയുടെ ഇളയമ്മ ഓമനക്കുട്ടി മാപ്പുസാക്ഷിയായപ്പോള്‍ പറയുന്ന വസ്തുതയും ഞെട്ടിപ്പിക്കുന്നതാണ്. സീരിയലില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്കി ശാരി വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ലതാനായരോടൊപ്പം താനും ഉണ്ടായിരുന്നു എന്നും ലതാനായര്‍ ശാരിയുടെ വീട്ടുകാര്‍ക്ക് ഇടയ്ക്കിടെ പണം നല്‍കിയിരുന്നു എന്നും ഓമനക്കുട്ടി പറയുന്നു. കിളിരൂര്‍ കേസില്‍ മാതാപിതാക്കള്‍ക്ക് കൈകഴുകാനാകുമോ?
പെണ്‍കുട്ടികളെപ്പോലെ തന്നെ ആണ്‍കുട്ടികളും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാകുന്നത് കൂടിവരികയാണ്. മുരിക്കുംപാടത്ത് മയക്കുമരുന്ന് മാഫിയ ഒഴിഞ്ഞ വീട്ടിലായിരുന്നു ആണ്‍കുട്ടികളെ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നത്. സ്കൂളില്‍ ചില അധ്യാപകരും ഇതുപോലെ പെരുമാറുന്നുണ്ട്.
ഇതെല്ലാം നമുക്ക് നല്കുന്ന മുന്നറിയിപ്പ് കാലവും മൂല്യങ്ങളും സംസ്കാരവും മനുഷ്യത്വം പോലും മാറി എന്നാണ്.
കുട്ടികള്‍ അമൂല്യനിധിയാണെന്നും ദൈവത്തിന്റെ വരദാനമാണെന്നും പറഞ്ഞാല്‍ മാത്രം പോരാ, അവരുടെ പഠനത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, കുട്ടികളുടെ പെരുമാറ്റത്തിലും പ്രതികരണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടോ എന്നുകൂടി രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ലൈംഗികപീഡനം കുട്ടികളില്‍ വ്യാപകമായ മനോവിഭ്രാന്തി സൃഷ്ടിക്കുന്നു എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. മാനസികമായും വൈകാരികമായും പെരുമാറ്റത്തിലും അവര്‍ വ്രണിതരാണ് എന്ന് തിരിച്ചറിയണം. ലൈംഗികപീഡനത്തിനിരയാകുന്ന കുട്ടികളില്‍ കുറ്റബോധവും തന്നോട് തന്നെയുള്ള അവജ്ഞയും ജനിക്കും. ഭാവിയില്‍ ശരിയായ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും.
കുട്ടികളെ ഉല്പാദിപ്പിച്ചാല് മാത്രം പോരാ അവര്‍ ഉല്പ്പന്നങ്ങളാകാതിരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുത് എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത് മക്കളില്‍ പ്രതീക്ഷ വേണ്ട എന്ന അര്‍ത്ഥത്തിലായിരിക്കാം. ഇന്നത് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന വാര്‍ധക്യത്തിനുള്ള വിശദീകരണമാണ്. എന്നിരുന്നാലും മക്കള്‍ക്ക് സുരക്ഷിതരായി സന്മാര്‍ഗപാതയില്‍ ഉത്തരവാദബോധത്തോടെ വളരാനുള്ള സാഹചര്യം ഒരുക്കേണ്ടത് മാതാപിതാക്കളാണ്. മുന്തിയ ഭക്ഷണം നല്കി മികച്ച സ്കൂളിലാക്കി പോക്കറ്റ് മണിയും മൊബെയില്‍ ഫോണും നല്കിയാല് തീരുന്ന കടമയല്ല മാതാപിതാക്കളുടേത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: