ആലുവ: സംസ്ഥാനത്തേക്ക് വ്യാപകമായി കള്ളനോട്ടുകളെത്തുന്നത് ഫിഷിംഗ്ബോട്ടുകള്‍ മറയാക്കി മാലിദ്വീപ് വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് അധികൃതര്‍ ജാഗ്രത പുലര്‍ത്തിയതോടെയാണ് കടല്‍ വഴി കള്ളനോട്ടുകളെത്തിക്കുന്നത് വ്യാപകമായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയാളികളായ ചില ഏജന്റുമാരാണ് കേരളത്തിലേക്ക് കള്ളനോട്ടുകളെത്തിക്കുന്നതിന് മാലിദ്വീപിലും ശ്രീലങ്കയിലും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍നിന്നും രണ്ട് ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി ഈ രാജ്യങ്ങളില്‍ എത്തിച്ചാല്‍ ഇതിന്റെ നാലിരട്ടി തുകയുടെ കള്ളനോട്ടുകള്‍ ഏജന്റുമാര്‍ നിര്‍ദേശിക്കുന്ന കേരളത്തിലുള്ളവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വന്‍കിട കപ്പലുകള്‍വഴി ആഴക്കടലിലേക്ക് നോട്ടുകളടങ്ങിയ പെട്ടികള്‍ ആദ്യമെത്തിക്കും. ഇടപാടുകാര്ക്കുവേണ്ടിയുള്ള ഫിഷിംഗ് ബോട്ടുകളും ഇവിടേക്കെത്തും. ഈ ബോട്ടിലേക്ക് കള്ളനോട്ടുകളടങ്ങിയ പെട്ടി കൈമാറുകയാണ് ചെയ്യുന്നത്. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെടുമെന്ന് ബോധ്യപ്പെട്ടാല്‍ പെട്ടികള്‍ കടലിലേക്കെറിഞ്ഞ് ബോട്ടിലുള്ളവര്‍ക്ക് രക്ഷപ്പെടാനാവും.
ശ്രീലങ്കയിലേക്ക് വ്യാപകമായി ഇന്ത്യന്‍ കറന്‍സി കടത്തുന്നവര് പകരമായി അവിടെനിന്നും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഇന്ത്യന്‍ കറന്‍സി നല്കുമ്പോള് അതിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കൊണ്ടുവരുന്നത്. അനധികൃതമായ ഈ ഇടപാടുകളെല്ലാം വിവിധ ഏജന്‍സികളുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം കൊച്ചി സ്വദേശികളായ രണ്ടുപേരെ നാലര ലക്ഷത്തിലേറെ രൂപയുടെ ഇന്ത്യന്‍ കറന്‍സി കടത്തുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടുകയുണ്ടായി. വിദേശയാത്രയില്‍ ഒരാള്‍ക്ക് പരമാവധി 7500 ഇന്ത്യന്‍ രൂപവരെ മാത്രമേ നിയമാനുസൃതം കൊണ്ടുപോകാന്‍ കഴിയൂ. ഈ നിയമം അറിയില്ലായിരുന്നുവെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. എന്നാല്‍ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പതിവായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവരാണ് ഇവരെന്ന് വെളിപ്പെടുകയും ചെയ്തു.
ബംഗ്ലാദേശ് വഴിയും കള്ളനോട്ടുകള്‍ വ്യാപകമായി കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ദുബായിയില്‍ നിന്നുമാണ് ബംഗ്ലാദേശിലേക്ക് നോട്ടുകളെത്തിക്കുന്നത്. അവിടെനിന്നും ഇത് പശ്ചിമബംഗാളിലെത്തിക്കും. ചില ബംഗ്ലാദേശികള്‍ തന്നെയാണ് പശ്ചിമബംഗാളികളാണെന്ന പേരില്‍ നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തി കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ മുന്‍കൂറായാണ് ഇവരുടെ കൈവശം കൊടുത്തുവിടുന്നത്. ഇത് കേരളത്തിലെത്തിച്ച് യഥാര്‍ത്ഥ നോട്ടുകളാക്കി മാറ്റി തിരികെ ബംഗാളിലെത്തി ഇതിന്റെ വിഹിതം കള്ളനോട്ട് വിതരണസംഘത്തിന് കൈമാറിയാല്‍ മതി. പിന്നീട് കൂടുതല്‍ കള്ളനോട്ടുകള്‍ ഇവര്‍ക്ക് വീണ്ടും നല്‍കുകയാണ് പതിവ്. എന്നാല്‍ പശ്ചിമബംഗാളില്‍ ഈ സംഘം കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ അവിടെ യാതൊരുവിധ കേസുകളുമില്ല.
കേരളത്തില്‍ ഏജന്റുമാര്‍ പിടിയിലായാല്‍ പശ്ചിമബംഗാളില്‍ ഉടന്‍ വിവരമറിയും. കേരളാ പോലീസെത്തുന്നതിനുമുമ്പേ ഇവര്‍ മാറുകയും ചെയ്യും. ഇവരുടെ ശരിയായ പേരും മറ്റുമായിരിക്കില്ല ഏജന്റുമാര്‍ക്ക് നല്‍കുക. നിരവധിതവണ കേരളാ പോലീസിന്റെ പല സംഘങ്ങള്‍ കള്ളനോട്ട് മാഫിയയെ പിടികൂടാന്‍ കൊല്‍ക്കത്തയില്‍ പോയെങ്കിലും വിഫലമായിരുന്നു.
കള്ളനോട്ടുകള്‍ പിടികൂടുന്ന സംഭവമുണ്ടായാല്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് ജാഗ്രതയും നിരന്തര നിരീക്ഷണവും നടത്താന്‍ ക്രൈംബ്രാഞ്ചോ മറ്റ് ഏജന്‍സികളോ താല്‍പ്പര്യം കാണിക്കാറില്ല. ഏതെങ്കിലും കാരണവശാല്‍ കള്ളനോട്ടുകള്‍ കൈകളിലെത്തിയാല്‍ പലരും ഇത് നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. കള്ളനോട്ടുകളെത്തിയാല് ആ വിവരം യഥാസമയം അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിക്കാറുണ്ടെങ്കിലും ബാങ്കുകള്‍ ഇതില്‍ താല്‍പ്പര്യം കാണിക്കാറില്ലത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: