തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദ്യത്തിനു മറുപടിയായി രേഖാമൂലം നിയമസഭയെ അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനലിന്റെ ലേഖകനോട് ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പിള്ള തടവില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് തെളിയുകയും സംഭവം വിവാദമാകുകയും ചെയ്തതിനെ ത്തുടര്‍ന്ന് നേരത്തെ പിള്ളയുടെ തടവുശിക്ഷ നാല് ദിവസത്തേക്ക്കൂടി നീട്ടിയിരുന്നു. ജയിലിലെ നല്ലനടപ്പിനും ജോലിക്കൂലി തിരികെ നല്‍കിയും ജയില്‍ പുള്ളികള്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഇതിന് പരോള്‍ കാലാവധിയും ചികിത്സയ്ക്കായി ആശുപത്രിയില്‍ കിടന്ന കാലവും പരിഗണിക്കുകയുമില്ല. ഇത്തരത്തില്‍ കിട്ടേണ്ട ഇളവാണ് പിള്ളയ്ക്ക് നഷ്ടമായത്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയുടെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാവുക 2012 ഫിബ്രവരി 18നാണ്. എന്നാല്‍ ഇളവുകള്‍ക്ക് ശേഷം ജനുവരി രണ്ടിന് പുറത്തിറങ്ങേണ്ട പിള്ളയ്ക്ക് ജനുവരി ആറിനേ പുറത്തിറങ്ങാനാവൂ.
പിള്ളയുടെ ഫോണില്‍നിന്ന് ബന്ധുക്കളെയും മറ്റ് പലരെയും വിളിച്ചിട്ടുണ്ട്. വാളകത്ത് സ്കൂള്‍ അധ്യാപകന് ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലുമാണിത്. എന്നാല്‍ ആരുടെയെല്ലാം ഫോണില്‍ എത്ര തവണ വിളിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ജയില്‍ ചട്ടങ്ങളുടെ 81-ാം വകുപ്പും 27-ാം ഉപവകുപ്പുമാണ് പിള്ള ലംഘിച്ചത്. ഇതനുസരിച്ച് രണ്ടു ശിക്ഷകള്‍ പറയുന്നുണ്ടെങ്കിലും അതില്‍ ലഘുവായ ശിക്ഷ മാത്രമേ നല്കാന് കഴിയൂ. സ്വകാര്യ ചാനല്‍ പ്രതിനിധിയോട് മൊബെയില്‍ ഫോണില്‍ സംസാരിച്ചതും ജയില്‍ ചട്ടങ്ങളുടെ കടുത്ത ലംഘനമാണ്. ആശുപത്രിയിലെ ലാന്റ് ഫോണില്‍നിന്നും പിള്ള വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പിള്ളയ്ക്ക് നല്ലനടപ്പിനും മറ്റും ലഭിക്കാവുന്ന ശിക്ഷാ ഇളവിലെ നാല് ദിവസമാണ് ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് വെട്ടിക്കുറച്ചത്. നല്ലനടപ്പ് പരിഗണിച്ച് ശിക്ഷാ ഇളവിന് ഭാവിയില്‍ സര്‍ക്കാരിന് പരിഗണിക്കാനുള്ള അവസരവും ഇതോടെ പിള്ളയ്ക്ക് നഷ്ടമായി. ആര്.ബാലകൃഷ്ണപിള്ളക്ക് ഇതുവരെ 75 ദിവസത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നതും പരോളില്‍ കഴിഞ്ഞതും കണക്കാക്കാതെ 69 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ കഴിയവെ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് ജയില്‍ എഡിജിപിക്കുവേണ്ടി വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്നായിരുന്നു അന്വേഷണത്തിലും തെളിഞ്ഞത്.
തടവില്‍ കഴിയുന്ന പിള്ളയെ മന്ത്രിമാരായ കെ.ബി.ഗണേഷ്കുമാറും ടി.എം.ജേക്കബും സന്ദര്‍ശിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളക്ക് ഒമ്പതു രോഗങ്ങളുണ്ട്. ഹെമറ്റോ ക്രൊമാറ്റോസിസ് രോഗം ചികിത്സിക്കാന്‍ പര്യാപ്തമായ സംവിധാനം മെഡിക്കല്‍ കോളേജിലില്ല. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിനില്‍ ഇതിന്റെ ഒപി മാത്രമാണുള്ളത്. അതിനാലാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഈ രോഗത്തിനു ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിനു മുന്‍പു ആര്‍ക്കും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: