തിരുവനന്തപുരം: കിളിരൂര്‍ സ്ത്രീപീഡനക്കേസ് സാക്ഷിവിസ്താരം തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയില്‍ ആരംഭിച്ചു. കോടതി ഇന്നലെ മാപ്പുസാക്ഷി ഓമനക്കുട്ടിയെ വിസ്തരിച്ചു. കേസിലെ മറ്റു പ്രതികളെ ഓമനക്കുട്ടി കോടതിയില്‍ തിരിച്ചറിഞ്ഞു. ലതാനായര്‍, മനോജ്, പ്രശാന്ത്, കൊച്ചുമോന്, പ്രവീണ്‍, സോമനാഥ് എന്നിങ്ങനെ ആറ് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയായിരുന്ന ഓമനക്കുട്ടിയെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കി മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായും കോടതിയില്‍ മൊഴി ലഭിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നും ശാരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് ഒത്തുതീര്‍പ്പാക്കാന്‍ ചിലര്‍ സമീപിച്ചതെന്ന് മൊഴിയില്‍ പറയുന്നു. എന്നാല്‍ കൃത്യമായി എവിടെ വച്ചാണ് ഒത്തുതീര്‍പ്പുശ്രമം നടന്നതെന്ന് വ്യക്തമാക്കാന്‍ മാപ്പുസാക്ഷിക്കു കഴിഞ്ഞിട്ടില്ല.
സീരിയലില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ശാരിയെ കുമളിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ശാരിക്കും കൂടെ ഉണ്ടായിരുന്ന ഓമനക്കുട്ടിക്കും മയക്കുമരുന്നു നല്കിയ ശേഷം ശാരിയെ പീഡിപ്പിക്കുകയായിരുന്നു. സീരിയലില്‍ സ്റ്റാറാകണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണം എന്ന് ലതാനായര്‍ പറഞ്ഞതായും ഓമനക്കുട്ടി പറഞ്ഞു. കുമളി ഫോറസ്റ്റു ഗസ്തൗസില്‍ വച്ച് കൊച്ചുമോനും മനോജും പ്രശാന്തും ശാരിയെ ബലാല്‍സംഗം ചെയ്തതായും മൊഴിയിലുണ്ട്. കുമളി, പഴനി, ഇടപ്പള്ളി, ഗുരുവായൂര്‍ എന്നിങ്ങനെ നാലു സ്ഥലങ്ങളില്‍ വച്ച് പലതവണ ശാരി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.
ശാരിയെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമായപ്പോള്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നതിനെ താന്‍ എതിര്‍ത്തിരുന്നെന്നും എന്നാല്‍ ശാരിയുടെ മാതാപിതാക്കള്‍ അംഗീകരിച്ചില്ലെന്നും ഓമനക്കുട്ടി പറഞ്ഞു. പീഡനം നടന്നതായി പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ലതാനായരും കൂട്ടുപ്രതികളും ഭീഷണിപ്പെടുത്തി.
ഇന്നലെ രാവിലെ ആരംഭിച്ച സാക്ഷിവിസ്താരം ഇന്നും തുടരും. സിബിഐക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശന് ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ പി.കെ.വര്‍ഗീസ്, കെ.എസ്.അരുണ്‍കുമാര്‍ എന്നിവര്‍ ഹാജരായി. രാവിലെ കോടതി മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരായി മാപ്പുസാക്ഷി ശക്തമായി മൊഴികൊടുത്തു. ഉച്ചക്കുശേഷം പ്രതിഭാഗം സാക്ഷിയെ വിസ്തരിച്ചു ഓമനക്കുട്ടി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്കോടതിയില്‍ കൊടുത്തമൊഴിയും സിബിഐ കോടതിയില്‍ കൊടുത്തമൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: