കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അംഗങ്ങളായ സംയുക്ത സമിതിക്ക് രൂപം നല്കാന് കോട്ടയത്തു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ഇന്റര്‍സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ശബരിമല എന്ന പേരിലുളള സമിതി എല്ലാ വര്‍ഷവും രണ്ടു തവണ യോഗം ചേരും. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഒരുക്കങ്ങള്‍ സംബന്ധിച്ചും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗം നടന്നത്.
തീര്‍ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനും ഈ സംസ്ഥാനങ്ങളിലെ സെക്രട്ടറിയേറ്റുകളില്‍ പ്രത്യേക ശബരിമല സെല്‍ ഈ സീസണില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും. നിലക്കല്‍ കേന്ദ്രമാക്കി ഈ സംസ്ഥാനങ്ങള്‍ക്ക് ഗസ്റ്റ് ഹൗസുകള്‍, ഡോര്‍മെറ്ററികള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് അഞ്ചേക്കര്‍ ഭൂമി കേരളസര്‍ക്കാര്‍ വിട്ടുകൊടുക്കും. ഈ സീസണ് കഴിഞ്ഞാലുടന്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. നിലക്കലിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കില്ല. നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം നിലക്കലില്‍ ഉണ്ട്. ശബരിമലയെ വൃത്തിയായി സൂക്ഷിക്കുന്നതിന് ക്ലീന്‍ ശബരിമല ക്യാംപെയിന് നവംബര്‍ ഏഴിന് രാവിലെ 9ന് പമ്പയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 3000 വോളണ്ടിയര്‍മാര്‍ അണിനിരക്കും. ഇതിന് മറ്റു സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കി ശുചിത്വ പരിപാടി വിപുലീകരിക്കുന്നതിനായി കര്‍മ്മപദ്ധതിക്ക് രൂപം കൊടുക്കും. വിദഗ്ധ ഡോക്ടര്‍മാരുടെയും ആധുനിക ഉപകരണങ്ങളുടെയും സേവനം ശബരിമലയില്‍ ലഭ്യമാക്കും. സുരക്ഷാ മാന്വല്‍ കൃത്യമായി നടപ്പാക്കും. സുരക്ഷയുമായി ബന്ധപ്പെട്ട കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. വാഹനാപകടങ്ങള്‍ കുറക്കുന്നതിന് അതാത് സംസ്ഥാന ഗതാഗത വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. 150 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനും കൗണ്‍സില്‍ അംഗസംസ്ഥാനങ്ങളുടെ സഹകരണം ലഭ്യമാക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നടപ്പാക്കേണ്ട പദ്ധതികള്‍ക്കാണ് ഇപ്പോള്‍ രൂപം കൊടുക്കുന്നത്. നിലക്കലില്‍ അരവണ-അപ്പം പ്ലാന്റ് മാറ്റി സ്ഥാപിക്കും. വലിയ നടപ്പന്തല്‍ പുനര്‍നിര്‍മ്മിച്ച് 40,000 ചതുരശ്ര അടി സ്ഥലം ലഭ്യമാക്കും. സന്നിധാനത്തെ തിരക്കൊഴിവാക്കാന്‍ ശരംകുത്തിയില്‍ നിന്ന് പ്രത്യേക പാത നിര്‍മ്മിക്കും. അപകടസാധ്യതയേറെയുള്ള എരുമേലിക്കടുത്തായുള്ള കണമല വളവില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ജോസ് കെ. മാണി എം.പി, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. സിസിലി, കെ.വി. പത്മനാഭന് എന്നിവര്‍ ആശംസ നേര്‍ന്നു. ദേവസ്വം കമ്മീഷണര്‍ എന്‍. വാസു ശബരിമല തീര്‍ത്ഥാടനത്തിനു നടത്തിയിട്ടുളള മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ശബരിമല മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഹായ് പവര്‍ കമ്മറ്റി ചെയര്‍മാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ അവതരിപ്പിച്ചു.
യോഗത്തില്‍ തമിഴ്നാട് റിലീജിയസ് എന്‍ഡോവ്മെന്റ് സെക്രട്ടറി ഡോ. എം. രാജാറാം, ആന്ധ്രാപ്രദേശ് എന്‍ഡോവ്മെന്റ് കമ്മീഷണര്‍ ജി. ബാലരാമയ്യ, കര്‍ണ്ണാടക റവന്യൂ സെക്രട്ടറി പി.എസ്. ശ്രീനിവാസാചാരി, കര്‍ണ്ണാടക എന്‍ഡോവ്മെന്റ് കമ്മീഷണര്‍ ബി.ജി. നന്തകുമാര്‍, പോണ്ടിച്ചേരി ടൂറിസം സെക്രട്ടറി ബി.ആര്. ബാബു എന്നിവര്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ സ്വാഗതവും ദേവസ്വം കമ്മീഷണര്‍ എന്‍. വാസു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: