ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ അകത്തായ കനിമൊഴിയുടെ ജാമ്യഹര്‍ജിയില്‍ കോടതി വിധി വരുന്നത് വരെ ദല്‍ഹിയില്‍ തുടരുമെന്ന് കനിമൊഴിയുടെ പിതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധി അറിയിച്ചു. തിങ്കളാഴ്ചയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കഴിഞ്ഞ മെയ് ഇരുപതിന് കനിമൊഴി ജയിലിലായതിനെത്തുടര്‍ന്ന് ഇത് മൂന്നാം തവണയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഇതേ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി രാജയ്ക്കും കനിമൊഴിക്കുമെതിരെ ക്രിമിനല്‍ വിശ്വാസ വഞ്ചനാക്കുറ്റമാണ് സിബിഐ കോടതി ചുമത്തിയിരിക്കുന്നത്.
ഇതോടൊപ്പം സ്പെക്ട്രം കേസില്‍ തുടരന്വേഷണം നടത്തുന്നതിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിലും കരുണാനിധിക്ക് അമര്‍ഷമുണ്ട്. കേസിന്റെ വിചാരണ മികച്ച രീതിയില്‍ നടന്നുവരികയാണെന്നും ഇതില്‍ ഇടപെടാനാകില്ലെന്നുമാണ് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടത്. യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്നതിനായി തന്റെ മകളെ ബലിയാടാക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയടക്കമുള്ളവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നതുമാണ് കരുണാനിധിയുടെ നിലപാടെന്നറിയുന്നു. കഴിഞ്ഞ ദിവസം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കരുണാനിധി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹം ദല് ഹിയിലെത്തിയത്.
2ജി സ്പെക്ട്രം കേസില്‍ അകത്തായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം സിബിഐ പ്രത്യേക കോടതി ചുമത്തിയിട്ടുണ്ട്. യൂണിഫൈഡ് ആക്സസ് സര്‍വ്വീസ് ലൈസന്‍സും തുടര്‍ന്ന് 2ജി സ്പെക്ട്രവും അനധികൃതമായി വിതരണം ചെയ്്തതിലൂടെ രാജ്യത്തിന് നാല്‍പ്പതിനായിരം കോടിയുടെ നഷ്ടമുണ്ടായെന്നതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: