ന്യൂദല്‍ഹി: രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിക്കേസില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും മുന്‍ കേന്ദ്ര ടെലികോംമന്ത്രിയുമായ എ.രാജക്കും ഡിഎംകെ എംപി കനിമൊഴിക്കും കോടതി കുറ്റപത്രം നല്കി. ഇവര്‍ക്ക്പുറമെ കോര്‍പ്പറേറ്റ് വമ്പന്മാരടക്കം 15 പേര്‍ക്കുകൂടി കുറ്റപത്രം നല്‍കിയിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ നവം. 11 ന് ആരംഭിക്കാനും പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 409 (ക്രിമിനല്‍ വിശ്വാസവഞ്ചന), 420 (ചതി), 468, 471 (വ്യാജരേഖ ചമക്കല്‍), അഴിമതിനിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം പ്രതികളെല്ലാം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നതായി 700 പേജ് വരുന്ന ഉത്തരവില്‍ പ്രത്യേക ജഡ്ജി ഒ.പി. സെയ്നി ചൂണ്ടിക്കാട്ടി. രാജ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആര്.കെ. ചന്ദോളിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറ എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
റിലയന്‍സ് ടെലികോം ലിമിറ്റഡ്, സ്വാന് ടെലികോം, യൂണിടെക് (തമിഴ്നാട്) വയര്‍ലസ് ലിമിറ്റഡ് എന്നീ ടെലികോം സ്ഥാപനങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുമാരായ റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി, ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗൗതം ദോഷി, പ്രസിഡന്റ് സുരേന്ദ്ര വിവാറ, സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി നായര്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്താന്‍ തക്ക തെളിവുകള്‍ സിബിഐ ഹാജരാക്കിയിട്ടുണ്ട്. സ്വാന് ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന് ബല്‍വ, ഇയാളുടെ ബന്ധു ആസിഫ് ബല്‍വ, ഇവരുടെ സഹപ്രവര്‍ത്തകനായ രാജീവ് അഗര്‍വാള്‍, യൂണിടെക് ലിമിറ്റഡിെന്റ എംഡി സഞ്ജയ് ചന്ദ്ര, ഡിബി റിയാല്‍റ്റി എംഡി വിനോദ് ഗോയങ്ക എന്നിവരാണ്കുറ്റപത്രം ലഭിച്ച മറ്റ് പ്രമുഖര്‍.
കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്, ബോളിവുഡ് സംവിധായകന് കരീം മൊറാനി എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയടക്കം വിവിധ കുറ്റങ്ങള്‍ ചുമത്താന്‍തക്ക തെളിവുകള്‍ പ്രതികള്ക്കെതിരെയുള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. രാജ, ചന്ദോളിയ, ബെഹുറ എന്നിവര്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ചതിനും തെളിവുണ്ട്. സിബിഐയുടെയും പ്രതികളുടെയും രണ്ടുമാസത്തോളം നീണ്ട വാദപ്രതിവാസങ്ങള്ക്കൊടുവില് കഴിഞ്ഞ 14 നാണ് കോടതിവിധി പറയാന്‍ മാറ്റിയത്. ക്രിമിനല്‍ ഗൂഢാലോചന നടത്തി അനര്‍ഹരായ ഓപ്പറേറ്റര്‍മാര്‍ക്ക് സ്പെക്ട്രം അനുവദിച്ചതുവഴി രാജയും കൂട്ടാളികളും ഖജനാവിന് 30,984 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കഴിഞ്ഞ ഏപ്രില്‍ 2 ന് സിബിഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളെയെല്ലാം വിചാരണ ചെയ്യാന്‍ മതിയായ പ്രാഥമിക തെളിവുകളുണ്ടെന്ന് നേരത്തെ സ്പെഷ്യല്‍ സിബിഐ പ്രോസിക്യൂട്ടര്‍ യു.യു. ലളിത് വാദിച്ചിരുന്നു. രാജ ഉള്‍പ്പെടെ എല്ലാ പ്രതികളും സിബിഐയുടെ വാദത്തെ എതിര്‍ത്തിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 409 പ്രകാരം എല്ലാ പ്രതികള്‍ക്കുമെതിരെ ക്രിമിനല്‍ വിശ്വാസവഞ്ചനാ കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ ജാമ്യം തേടാന്‍ വഴിതെളിഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഇവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കരുതെന്ന് സുപ്രീംകോടതി എല്ലാ കോടതികള്‍ക്കും വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: