ട്രിപ്പോളി: ലിബയയിലെ ഏകാധിപതിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയെ വധിച്ചത് താനാണെന്ന അവകാശവാദവുമായി ലിബിയയിലെ യുവ പോരാളി രംഗത്ത്. ഗദ്ദാഫിയെ താന്‍ തലയിലും വയറ്റിലും രണ്ടു തവണ വെടിവച്ചുവെന്നാണ് ബെന്ഗാസിയില് നിന്നുള്ള സാനദ് അല്‍ സദേക് അല്‍ ഉറെബി എന്ന യുവാവ് അവകാശപ്പെടുന്നത്.
ഗദ്ദാഫിയെ വിമത സൈനികര്‍ പിടികൂടിയ ശേഷം തലയിലും വയറ്റിലും വെടിവയ്ക്കുക ആയിരുന്നെന്ന ലിബിയയിലെ പരിവര്‍ത്തന ദേശീയ കൗണ്‍സിലിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഉറെബ്യുടെ അവകാശവാദം. തെളിവിനായി ഇയാള്‍ ഒരു വീഡിയോയും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗദ്ദാഫിയെ വെടിവച്ചു കൊന്നതിനു ശേഷം സൈനിക യൂണിഫോമിലുള്ള അജ്ഞാതര്‍ക്ക് ഉറെബി അഭിമുഖം നല്‍കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്ക് അവര്‍ ഉറെബ്യെ അഭിനന്ദിക്കുന്നുമുണ്ട്. ഗദ്ദാഫിയുടെ രണ്ടാമത്തെ ഭാര്യ സഫിയ വിവാഹസമയത്ത് അണിയിച്ചതെന്ന് കരുതുന്ന സ്വര്‍ണ മോതിരവും രക്തം പുരണ്ട വസ്ത്രങ്ങളും ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്.
ബെന്‍ഗാസിയിലെ സൈന്യത്തില്‍ നിന്ന് വിട്ടുപോയ ശേഷം മിസ്രാതയിലെ പോരാളികള്‍ക്കൊപ്പം ചേരാന്‍ ഉറെബി തീരുമാനിക്കുകയായിരുന്നു. ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ തെരുവിലൂടെ നടക്കുന്നതിനിടെ കുട്ടികള്‍ക്കൊപ്പം പോവുകയായിരുന്ന ഗദ്ദാഫിയെ കണ്ടു. തലയില്‍ ഒരു തൊപ്പി ധരിച്ചിരുന്നെങ്കിലും തലമുടിയിലൂടെ അത് ഗദ്ദാഫിയാണെന്ന് മനസിലാക്കാനായി. അത് ഗദ്ദാഫിയാണ്, നമുക്കയാളെ പിടിക്കണം എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഗദ്ദാഫിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ആ സമയം ഗദ്ദാഫിയുടെ കൈയില്‍ സ്വര്‍ണത്തോക്കും ഉണ്ടായിരുന്നു.
ഗദ്ദാഫിയുടെ അടുത്ത് എത്തിയ ഉടന്‍ തന്നെ അയാളെ അടിച്ചു. ഉടന്‍ ഗദ്ദാഫി പറഞ്ഞു നീ എന്റെ മകനെപ്പോലെയാണ്. അപ്പോള്‍ ഞാന്‍ വീണ്ടും അടിച്ചു. ഞാന്‍ നിനക്ക് അച്ഛനെപ്പോലെയാണ് എന്നായിരുന്നു ഗദ്ദാഫിയുടെ മറുപടി. പിന്നെ ഗദ്ദാഫിയുടെ തല പിടിച്ച് തറയില്‍ ശക്തിയായി ഇടിച്ചു- ഉറെബി അവകാശപ്പെടുന്നു.
ഗദ്ദാഫിയെ ബെന്‍ഗാസിയിലേക്ക് കൊണ്ടുപോകണമെന്ന് താന്‍ പറഞ്ഞെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. മിസ്രാതയില് കൊണ്ടുപോയാല്‍ വിമത പോരാളികള്‍ അദ്ദേഹത്തെ കൊല്ലുമെന്ന് തീര്‍ച്ചയായിരുന്നു. തുടര്‍ന്ന് തോക്ക് എടുത്ത് രണ്ടു തവണ ഗദ്ദാഫിയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉറെബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: