ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ എ.രാജ, കനിമൊഴി ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ ദല്‍ഹിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എ.രാജയ്ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വിശ്വാസവഞ്ചനാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അഴിമതി നിരോധന നിമയത്തിലെ വിവിധ വ്യവസ്ഥകള്‍ പ്രകാരമാണ് കനിമൊഴിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
രാജയും മുന്‍ ടെലികോംസെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയും ഉള്‍പ്പെടെ ഒമ്പതുപേരെയും മൂന്ന് ടെലികോംകമ്പനികളെയും പ്രതികളാക്കിയാണ് ഏപ്രില്‍ ഒന്നിന് സി.ബി.ഐ. ആദ്യകുറ്റപത്രം ഫയല്‍ ചെയ്തത്. ഏപ്രില്‍ 25ന് സി.ബി.ഐ. ഫയല്‍ചെയ്ത രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഡി.എം.കെ. നേതാവ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെ പേരുള്ളത്. കനിമൊഴിക്കുപുറമെ കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത്കുമാര്, സ്വാന് ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വയുടെ ബന്ധുവും കുസേഗാവ് ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍സിന്റെ ഡയറക്ടറുമായ ആസിഫ് ബല്‍വ, കമ്പനിയുടെ മറ്റൊരു ഡയറക്ടര്‍ രാജീവ് അഗര്‍വാള്‍, സിനിയുഗ് ഫിലിംസിന്റെ കരീം മൊറാനി എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തില്‍ പ്രതികള്‍.
രണ്ട് കുറ്റപത്രങ്ങളിലായി ഐ.പി.സി.യുടെ 120 ബി, 420, 468, 471 വകുപ്പുകളും അഴിമതിവിരുദ്ധ നിയമത്തിന്റെ വിവിധവകുപ്പുകളും ഉപയോഗിച്ചാണ് പ്രതികള്‍ക്കെതിരെ സി.ബി.ഐ. കുറ്റംചുമത്തിയത്. പിന്നീട് ജീവപര്യന്തമോ പത്തുവര്‍ഷംവരെ തടവോ ലഭിക്കാവുന്ന ഐ.പി.സി. 409 (വിശ്വാസവഞ്ചന) പ്രകാരം കുറ്റംചുമത്തണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. രാജ ഫിബ്രവരി രണ്ടിനും കനിമൊഴി മെയ് 20നുമാണ് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ കേസിലെ പ്രതികള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
ധന മന്ത്രിയായിരുന്ന പി. ചിദംബരത്തെ സാക്ഷിയായി വിളിക്കണമെന്ന് രാജയും സ്പെക്ട്രം ലൈസന്‍സ് ലഭിക്കാത്ത തനിക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തരുതെന്ന് കനിമൊഴിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: