ന്യൂദല്‍ഹി: ഹ്രസ്വകാല രാഷ്ട്രിയ പരിഗണനകള്‍ മാറ്റി വച്ച് രാജ്യപുരോഗതിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന നിഷേധാത്മക നിലപാട് മറികടക്കാന്‍ കഴിയണമെന്നും അദ്ദേഹം ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
അമ്പത്തിയാറാമത് ദേശീയ വികസന സമിതി യോഗമാണ് ദല്‍ഹിയില്‍ പുരോഗമിക്കുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. യു.പി.എ ഭരണകാലത്ത് എട്ടര ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം നടപ്പാക്കാനായിട്ടില്ലെന്ന വിമര്‍ശനമുണ്ട്. ഇതില്‍ കുറച്ച് ശരിയുണ്ട്. എന്നാല്‍ പുരോഗതിയുടെ ഫലം എല്ലാവരിലും എത്തിയിട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. പുരോഗതി എല്ലാവരെയും ബാധിക്കുന്ന തരത്തിലാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് ഒരു നിഷേധാത്മക സമീപനം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഇരകളായി നാം മാറരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പരസ്പരം കുറ്റപ്പെടുത്തി കാലം കഴിക്കുന്നതിന് പകരം വികസനത്തിന് വേണ്ടി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം. ഇതിനായി ഹ്രസ്വകാല രാഷ്ട്രീയ പരിഗണനകള്‍ മാറ്റി വയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനും കൊച്ചി മെട്രോയ്ക്കും കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിക്കടിയുള്ള ഇന്ധന വില വര്‍ദ്ധന ഒഴിവാക്കണമെന്നും രാസവള സബ്സിഡി തുടരണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: