ന്യൂദല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുഷമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് നിവേദനം സമര്‍പ്പിച്ചു. റോഡ് ഉപരോധം മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തതായും ജനജീവിതം ദുഷ്കരമാക്കിയെന്നും അവര്‍ ആരോപിച്ചു.
സുഷമ സ്വരാജിനെ കൂടാതെ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലി, പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ അവസ്ഥ വളരെ ഗുരുതരമാണെന്നും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെ മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അയക്കണമെന്നും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. മണിപ്പൂരിലേത് വെറുമൊരു വൈകാരിക പ്രശ്നം മാത്രമല്ലെന്നും അത്യന്തം അപകടകരമാണെന്നും അവര്‍ പറഞ്ഞു.
സമരം നിയന്ത്രിക്കാന്‍ സാധിക്കാത്ത സര്‍ക്കാരിനെ എത്രയും വേഗം പിരിച്ചു വിടണം. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പെട്രോള്‍, ഡീസല്‍ വില തോന്നും പോലെയാണെന്നും ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍ എന്നിവയുടെ വില താങ്ങാന്‍ കഴിയുന്നതല്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഉപരോധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി സാദര്‍ ഹില്‍സ് ഡിസ്ട്രിറ്റ്ഹുഡ് ഡിമാന്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: