ന്യൂദല്‍ഹി: ഒക്ടോബര്‍ 27 നു മുമ്പ് 9.5 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് ചൂണ്ടിക്കാട്ടി അണ്ണ ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ് കെജ്രിവാളിന് ആദായനികുതി ഓഫിസ് നോട്ടീസ് അയച്ചു. ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കെ കെജ്രിവാള് ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ രാജി ഇതുവരെ വകുപ്പ് സ്വീകരിച്ചിട്ടില്ല.
പിഴയൊടുക്കിയാല്‍ മാത്രമെ രാജി സ്വീകരിക്കൂവെന്ന നിലപാടിലാണ് വകുപ്പ്. സ്റ്റഡി ലീവിനു ശേഷം കെജ്രിവാള് ജോലിയില്‍ തിരിച്ചു പ്രവേശിച്ചില്ലെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു വര്‍ഷത്തെ ശമ്പളമായ മൂന്നര ലക്ഷം രൂപയും പലിശ 4.16 ലക്ഷം രൂപയും സര്‍ക്കാരിലേക്ക് അടച്ചാല്‍ മാത്രമേ രാജി സ്വീകരിക്കൂ. ഇതു കൂടാതെ കംപ്യൂട്ടര്‍ വാങ്ങാന്‍ 50,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതു പലിശയും ചേര്‍ത്ത് ഒരു ലക്ഷം രൂപയായി. ഇതും തിരിച്ചടയ്ക്കണം.
എന്നാല്‍ താന്‍ യാതൊരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നു കെജ്രിവാള് അറിയിച്ചു. സ്റ്റഡിലീവ് സമയത്തു താന്‍ രാജിവയ്ക്കുകയോ വിരമിക്കുകയോ ഇല്ലെന്ന ബോണ്ടാണ് നല്‍കിയത്. ഇതു താന്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2000 നവംബര്‍ ഒന്നു മുതല്‍ 2002 ഒക്ടോബര്‍ 31 വരെയാണ് സ്റ്റഡി ലീവ് എടുത്തത്. 2002 നവംബര്‍ ഒന്നിനു ജോലിയില്‍ തിരിച്ചു പ്രവേശിപ്പിച്ചു. 2005 ഒക്ടോബര്‍ ഒന്നിന് മൂന്നു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി. 2006 ഫെബ്രുവരിയില്‍ രാജിവച്ചു.
2004-06 ല്‍ ശമ്പളമില്ലാത്ത ലീവാണ് എടുത്തത്. ഈ സാഹചര്യത്തില്‍ ബോണ്ട് ലംഘിച്ചുവെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നു കെജ്രിവാള് അറിയിച്ചു. ജിപിഎഫ് തുകയില്‍ നിന്നു കംപ്യൂട്ടര്‍ ലോണ്‍ പിടിച്ചു കൊള്ളാന്‍ ആദായനികുതി ഉദ്യോഗസ്ഥരോടു കെജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: