ന്യൂദല്‍ഹി: സ്വകാര്യമേഖലയിലെ അഴിമതിയെയും കൈക്കൂലിയെയും ക്രിമിനല്‍ കുറ്റമായി കാണുന്നതിന് നിയമഭേഗദതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അറിയിച്ചു.. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാന്‍ സി.ബി.ഐക്ക് കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്പാല്‍ ബില്ല് നിലവില്‍ വന്നാലും സി.ബി.ഐയുടെ പ്രാധാന്യം കുറയില്ലെന്നും മന്മോഹന് സിങ് പറഞ്ഞു. ലോക്പാല്‍ ബില്ല് നടപ്പാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ സി.ബി.ഐ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ ഈ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിപത്താണ് അഴിമതി. അതിനാല്‍ അഴിമതിക്കെതിരെ സി.ബി.ഐയുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകണം. ഇതിന് കേസുകളുടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും പ്രോസിക്യൂഷന് നടപടികള്‍ വേഗത്തിലാക്കാനും കഴിയണം.
കാര്യസാദ്ധ്യത്തിന് വിദേശ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് കുറ്റമാക്കുന്നതിനുള്ള നിയമം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വകാര്യമേഖലയിലെ കൈക്കൂലിയെയും ക്രിമിനല്‍ കുറ്റമായി കാണും. അടുത്തിടെ ഉണ്ടായ അഴിമതിക്കേസുകളില്‍ സ്വകാര്യമേഖലയിലെ കുത്തകകള്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വകാര്യ മേഖലയിലെ അഴിമതിയെ ഏതു തരത്തില്‍ കാണുമെന്ന കാര്യം മന്മോഹന് സിങ് വ്യക്തമാക്കിയില്ല. എത്ര ശക്തമായ നടപടികള്‍ സ്വീകരിച്ചാലും അഴിമതി പൂര്‍ണമായി തുടച്ചു നീക്കാനാവില്ല. ഒരു ശതമാനം അഴിമതിക്കുള്ള സാധ്യതയെങ്കിലും എപ്പോഴും നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സത്യസന്ധമായ ചില പ്രവര്‍ത്തനങ്ങള്‍ അഴിമതിയായി കണക്കാക്കാനാവില്ല. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് കഴിയണം. ലോക്പാല്‍ ബില്ല് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അടുത്തിടെ നടന്ന അഴിമതിക്കെതിരെയുള്ള സമരങ്ങള്‍ അഴിമതിക്കെതിരെയുള്ള നടപടി രാജ്യത്തെ പ്രധാന അജണ്ടയാക്കി മാറ്റിയിട്ടുണ്ട്. ലോക്പാല്‍ ബില്ല് നടപ്പാക്കിയാലും അഴിമതിക്കെതിരെയുള്ള പ്രധാന ആയുധമായി സി.ബി.ഐ നിലകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്പാല്‍ ബില്ലില്‍ സി.ബി.ഐയെ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കരുതെന്ന് സി.ബി.ഐ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: