കൊല്ലം: സ്മാരകത്തിനിടമില്ലാത്തതിനാല് ഒടുവില്‍ കാക്കനാടന്റെ സംസ്കാരം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നിന്ന് മാറ്റി. കൊല്ലം കോര്‍പ്പറേഷന്റെ അധീനതയിലുള്ള പോളയത്തോട് പൊതുശ്മശാനത്തില്‍ സംസ്കാര കര്‍മ്മങ്ങള്‍ നടന്നു. അതേസമയം സ്മാരകത്തിന്റെ പേര് പറഞ്ഞ് സഭാ നേതൃത്വം കാക്കനാടനെ കയ്യൊഴിയുകയായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
കാക്കനാടന്റെ അനുജന് തമ്പി കാക്കനാടന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്കരിക്കുന്നതിന് മാര്‍ത്തോമാ സഭാ അധികൃതര്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. സഭയെ തള്ളിപ്പറയുകയും കത്തോലിക്കാ സഭയില്‍ നിന്നും വിവാഹം കഴിക്കുകയും ചെയ്തു തുടങ്ങിയ കാരണങ്ങളാണ് തമ്പി കാക്കനാടന്റെ കാര്യത്തില്‍ സഭാ നേതൃത്വം ഉന്നയിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് മാര്‍ത്തോമാ സഭയ്ക്ക് പണത്തോട് മാത്രമാണ് പ്രതിപത്തിയെന്ന് കാക്കനാടന് പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു.
എന്നാല്‍ കാക്കനാടന്റെ മൃതദേഹത്തിന് അന്തിമ ശുശ്രൂഷകള്‍ നല്‍കാനും സംസ്കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സഭ മടികാട്ടിയില്ല. തമ്പി കാക്കനാടന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് പ്രശസ്തനായ കാക്കനാടന്റെ കാര്യത്തിലുണ്ടായാല്‍ സഭയ്ക്ക് അത് തീരാത്ത കളങ്കമാകുമെന്ന് അഭിപ്രായമുയര്‍ന്നതോടെയാണ് അദ്ദേഹത്തിന് സംസ്കാര ശുശ്രൂഷ നല്കാന് പള്ളി തയ്യാറായതെന്ന് വിലയിരുത്തപ്പെടുന്നു. മലങ്കര മാര്‍ത്തോമാ സുറിയാനി സഭാധ്യക്ഷന് ഡോ. ജോസഫ് വലിയ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലായിരുന്നു സംസ്ക്കാര ശുശ്രൂഷകള്‍.
അതിനിടെയാണ് കാക്കനാടന് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥാനം സ്മാരകമാക്കണമെന്ന് അഭിപ്രായമുയര്‍ന്നത്. രാവിലെ കാക്കനാടന്റെ വസതിയില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് കാക്കനാടന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ ഈവഴിക്ക് നീങ്ങിയത്. ഇതോടെ സഭാനേതൃത്വം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചാല്‍ സ്മാരകനിര്മ്മാണത്തിനുള്ള സൗകര്യമുണ്ടാവില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
കാക്കനാടന്റെ അച്ഛനും ആദ്യകാല കമ്മ്യൂണിസ്റ്റുമായ തമ്പലക്കാട് ജോര്‍ജ്ജ് കാക്കനാടന് നിരന്തരം നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് പോളയത്തോട് പൊതുശ്മശാനത്തിന്റെ ഒരു ഭാഗം മാര്‍ത്തോമാ പള്ളിക്കായി സര്‍ക്കാര്‍ നല്‍കിയത്. അതേ ശ്മശാനമാണ് ഇപ്പോള്‍ പള്ളി സെമിത്തേരി എന്ന പേരില്‍ അറിയപ്പെടുന്നത്. എന്തിന്റെ പേരിലായാലും കാക്കനാടന് മുന്നില്‍ ആ സെമിത്തേരിയുടെ കവാടം അടഞ്ഞിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ മതത്തിന്റെ പിടിയില്‍ നിന്നും കാക്കനാടന്റെ ചേതനയറ്റ ശരീരവും അവസാന നിമിഷത്തില്‍ കുതറിമാറി. പോളയത്തോട് പൊതുശ്മശാനത്തില്‍ സ്വതന്ത്രനായി അദ്ദേഹത്തിന് അന്ത്യനിദ്ര.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: