ചെങ്ങന്നൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാണ്ടനാട് മുതവഴി ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്നതായി കരുതുന്ന അമൂല്യ താഴികക്കുടം മോഷ്ടിച്ചു. താഴികക്കുടത്തിന്റെ മുകള്‍ഭാഗത്തിലെ (കൂമ്പ്) ഒന്നരയടിയോളം ഉയരമുള്ള ചെമ്പ് ഭാഗമാണ് നഷ്ടപ്പെട്ടത്. ഇതിന്റെ താഴെയുള്ള ചെറുതും വലുതുമായ രണ്ടു താഴികക്കുടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും നഷ്ടപ്പെട്ടില്ല. ഇന്നലെ പുലര്‍ച്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് താഴികകുടത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 35 അടിയോളം ഉയരമുള്ള ശ്രീകോവിലിനുമുകളിലുള്ള താഴികക്കുടമാണ് ഒടിച്ചെടുത്തത്. ക്ഷേത്രത്തിന് പിന്നില്‍കൂടി ഓടു പൊളിച്ച് മുകളില്‍ കയറി മുളയില്‍ ഇരുമ്പുകൊളുത്ത് ഘടിപ്പിച്ച് അടര്‍ത്തിയെടുക്കുകയായിരുന്നു. താഴികക്കുടത്തോട് ചേര്‍ന്നു നില്ക്കുന്ന ചെമ്പുപാകിയ ഭാഗത്ത് കയറാന്‍ കഴിയാത്തതിനാല്‍ അതിനു താഴെനിന്ന് കയര്‍ കെട്ടി വലിച്ചാണ് മോഷണം നടത്തിയതെന്ന് പോലീസ് കരുതുന്നു. ജില്ലാ പോലീസ് ചീഫ് കെ.ജെ.ജയിംസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി: എന്‍.നരേന്ദ്രബാബു ഉള്‍പ്പെടയുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും വിരലടയാള വിദഗ്ധര്‍, സയന്റിഫിക് വിദഗ്ദര്‍, പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് വര്‍ഷം മുന്‍പാണ് താഴികക്കുടത്തില്‍ അമൂല്യലോഹമായ ഇറിഡിയം ഉണ്ടെന്നുള്ള പ്രചരണം ശക്തമായത്.
വിദേശികളുള്‍പ്പെടെ കോടികള്‍ വിലപേശി ഇറഡിയം കൈവശപ്പെടുത്താനായി ശ്രമംനടന്നിരുന്നു. എന്നാല്‍ താഴികക്കുടം വില്‍ക്കില്ലെന്നും അത് സംരക്ഷിക്കപ്പെടണമെന്നും നാട്ടുകാരും ക്ഷേത്ര ഭരണസമിതിയും തീരുമാനമെടുത്തതോടെയാണ് ഇതു മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയത്.
നാട്ടുകാര്‍ ഇവിടെ കാവല്‍ ഏര്‍പ്പെടുത്തുകയും പോലീസ് പട്രോളിങ് നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ താഴികക്കുടം തട്ടിയെടുക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നാലോളം കേസുകള്‍ നിലവിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: