പാലക്കാട്: അഗളി കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നിന്നും 25 ലക്ഷത്തിന്റെ പഴകിയ മരുന്നുകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നിന്നെത്തിയ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ആശുപത്രിയില്‍ ആവശ്യമായതിനേക്കാള്‍ പത്തിരട്ടിയിലധികം മരുന്നുകളാണ് സ്റ്റോക്ക് ചെയ്തതായി തെളിഞ്ഞത്. ഈ ആശുപത്രിയെ കുറിച്ച് നേരത്തേയുണ്ടായിരുന്ന പരാതികളുടെയും പുതിയ പരാതികളുടെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഹോസ്പിറ്റലില്‍ സാധാരണഗതിയില്‍ ദിനംപ്രതി 200 ഒ പിയും അതിനാനുപാതികമായ ഐ പിയും മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ആരോഗ്യവിഭാഗം എത്തിച്ചത് എന്നാണ് അറിയുന്നത്.
അളവില്‍ കൂടുതലുള്ള മരുന്നുകളെ സംബന്ധിച്ച വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ഇവ മരുന്ന് ആവശ്യമായ മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനായി അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ എല്ലാ സ്ഥാപനങ്ങളിലും മരുന്ന് ആവശ്യത്തിന് കരുതലുള്ളതിനാല്‍ കൈമാറാനായില്ല.
എന്നാല്‍ ആവശ്യമായതിനേക്കാള്‍ പത്തിരട്ടിയിലധികം മരുന്ന് ഇറക്കി സൂക്ഷിച്ചതില്‍ ട്രൈബല്‍ ആശുപത്രി അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. മരുന്നുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇല്ലാത്ത ഹോസ്പിറ്റലില്‍ പലതരം രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഇറക്കിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് മേലുദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
വിജിലന്‍സ് അധികൃതരുടെ ആവശ്യപ്രകാരം തിങ്കളാഴ്ച ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക അന്വേഷണസംഘം ആശുപത്രിയിലെത്തി കെട്ടിക്കിടക്കുന്ന മരുന്നുകളുടെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കും.ആരോഗ്യ വകുപ്പ് വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രമണിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിയ ഡി.എം.ഒ.യോട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ രമണി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: