കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് മേല്‍പ്പാലത്തിലെ രണ്ടാം ചെറുപാലം തിങ്കളാഴ്ചയോടെ പൊളിക്കാന്‍ തുടങ്ങുമെന്ന് കൊച്ചി മെട്രോ റയില്‍ കോര്പ്പറേഷന് എം.ഡി. ടോംജോസ് പറഞ്ഞു. ചിറ്റൂര്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ് രണ്ടാം പാലം പൊളിക്കുന്നതിനു തടസമായതെന്നും ഇതു പരിഹരിക്കാന്‍ രാജാജി റോഡ് മുതല്‍ പച്ചാളം റയില്‍വെ ഗേറ്റു വരെയുള്ള ഭാഗം മൂന്നു ദിവസത്തിനകം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ടാര്‍ ചെയത് ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ ഏകോപന സമിതി യോഗത്തിനു ശേഷമാണ് ടോം ജോസ് ഇക്കാര്യമറിയിച്ചത്.
ഇതിനുപുറമെ പച്ചാളം ചാത്യാത്ത് റോഡു വരെയുള്ള ഭാഗവും ഇവര്‍ നന്നാക്കും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. കെഎസ്ആര്‍ടിസിയുടെ ഗാരേജിനായുള്ള സ്ഥലത്തെ മണ്ണിട്ടു നികത്തല്‍ പൂര്‍ത്തിയായി. 15 ദിവസത്തിനകം ഗാരേജിന്റെ നിര്‍മാണം തുടങ്ങാനാകും. ഇതിനുള്ള ടെന്റര്‍ നല്‍കിയതായും പ്രവൃത്തികരാറിനുള്ള താമസം മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാരേജിലെ ഇന്സ്പെക്ഷന് റാമ്പിനുള്ള ഡിസൈന്‍ ലഭിച്ചാല്‍ രണ്ടുദിവസത്തിനകം അതിന്റെ നിര്‍മാണവും തുടങ്ങും.
വൈറ്റില മൊബിലിറ്റി ഹബില്‍ രാത്രികാല സര്‍ക്കുലര്‍ സര്‍വീസ് ഇല്ലെന്ന പരാതി യോഗം ചര്‍ച്ച ചെയ്തു. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ രാത്രികാല സര്‍വീസ് തുടങ്ങണമെന്നു ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, ആര്‍ടിഒ എന്നിവര്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ചര്‍ച്ച ചെയ്തതായും സര്‍വീസ് നടത്താമെന്ന് കെഎസ്ആര്‍ടിസി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
നോര്‍ത്തിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനു ഒരാഴ്ചകൂടി വേണ്ടിവരുമെന്ന് കൊച്ചി നഗരസഭ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. എം.ജി. റോഡിലെ ഭൂമിയേറ്റെടുക്കല്‍ സര്‍വെ നടപടി 50 ശതമാനം പൂര്‍ത്തിയായി. ഇതിനായി രണ്ടു എല്‍.എ. യൂണിറ്റു കൂടി അനുവദിക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ഇതനുവദിച്ചാല്‍ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആകും. കാര്യമായി ആര്‍ക്കും പരുക്കില്ലാതെ ഇവിടെ ഭൂമിയേറ്റെടുക്കല്‍ നടത്താനാകുമെന്നാണ് കരുതുന്നതെന്നും ടോം ജോസ് പറഞ്ഞു.
യോഗത്തില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത്, സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍, വൈറ്റില മൊബിലിറ്റി ഹബ് എം.ഡി. ഡോ. എം. ബീന, ഡിഎംആര്‍സി പ്രതിനിധി ശ്രീരാം, എന്‍എച്ച്.എ.ഐ. പ്രൊജക്ട് ഡയറക്ടര്‍ എബ്രഹാം, ആര്‍ടിഒ സി.ജെ. തോമസ്, വൈദ്യുതി ബോര്‍ഡ്, കെഎസ്ആര്‍ടിസി, പൊതുമരാമത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: