തിരുവനന്തപുരം : കേരള ഗ്രാമീണ കുടിവെള്ള വിതരണ ശുചിത്വപദ്ധതിയായ ജലനിധിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് 1022 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ 75ശതമാനം ലോകബാങ്കും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നല്‍കും. 15 ശതമാനം പഞ്ചായത്തുകള്‍ വഹിക്കണം. 10 ശതമാനം ഗുണഭോക്താക്കള്‍ എടുക്കണം. 196 കോടിയാണ് സംസ്ഥാന സര്‍ക്കാരിന് ചെലവിടേണ്ടി വരികയെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. ഏഴ് വടക്കന്‍ ജില്ലകളിലെ സ്വകാര്യ ഹയര്‍ സെക്കന്ററി സ്കൂളില്‍ അധികമായി 1766 തസ്തികകള്‍ക്ക് അംഗീകാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 178 സ്കൂളുകളില്‍ പ്ലസ്ടൂ അനുവദിച്ചിരുന്നു. ഇതില്‍ 32 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കഴിഞ്ഞ ഓഗസ്റ്റു മുതല്‍ തസ്തിക അനുവദിച്ചിരുന്നു. 146 സ്വകാര്യ സ്കൂളുകള്‍ക്കാണ് ഇപ്പോള്‍ 1766 അധ്യാപക തസ്തിക അനുവദിക്കുന്നത്.
ഇതില്‍ 1510പേര് ജൂനിയര്‍ അധ്യാപകരും 110പേര് സീനിയര്‍ അധ്യാപകരും 146പേര് പ്രിന്സിപ്പല്മാരുമായിരിക്കും. തസ്തികയ്ക്ക് ഓഗസ്റ്റ് 6 മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. രാസവളത്തിന്റെ വിലവര്‍ദ്ധന കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന നികുതി ഉപേക്ഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാറ്റിനത്തില്‍ 4 ശതമാനവും സര് ചാര്ജ്ജിനത്തില് ഒരു ശതമാനവും ആണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം 35 കോടിയുടെ നഷ്ടം ഇതുമൂലമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
എന്‍ഡോ സള്ഫാന് ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്ന കടബാധ്യതയുടെ മൊറോട്ടോറിയം അടുത്ത മാര്‍ച്ച് 31 വരെ നീട്ടാനും തീരുമാനമായി. ഇവരുടെ കടം എഴുതിത്തള്ളുന്നകാര്യം എന്‍ഡോസള്‍ഫാന്‍ പ്രത്യേക പാക്കേജില്‍പ്പെടുത്തി പരിഗണിക്കും. പാക്കേജിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അപകടത്തില്‍ മരിച്ച സിപിഐ നേതാവ് വേലപ്പന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് അരുവിക്കരയില്‍ പുതുതായി പോലീസ് സ്റ്റേഷനും അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: