ബംഗളൂരു: ഭൂമി വിതരണം ചെയ്തത് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവിലേക്ക് മാറ്റിയ യെദ്യൂരപ്പയെ വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെടുന്ന സംഘം പരിശോധിച്ചുവരികയാണ്.
രാവിലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിലാകുകയും പല തവണയായി ഛര്‍ദ്ദിയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു യെദ്യൂരപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. ലോകായുക്ത പ്രത്യേക കോടതിയാണ് യെദ്യൂരപ്പയെ ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തത്. ജാമ്യം നിഷേധിച്ച ലോകായുക്ത കോടതി വിധിക്കെതിരെ യെദ്യൂരപ്പ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ നടന്ന ചില ഭൂമിയിടപാടുകളില്‍ ക്രമക്കേട് ആരോപിച്ച് രണ്ട് അഭിഭാഷകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ലോകായുക്ത ജഡ്ജി എന്‍.കെ.സുധീന്ദ്രറാവു നോട്ടീസയക്കുകയും ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പകപോക്കല്‍ ലക്ഷ്യമാക്കി യെദ്യൂരപ്പക്കും കുടുംബത്തിനുമെതിരെ നല്കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രിയുടെ മക്കളായ ബി.വൈ.രാഘവേന്ദ്ര എംപി, ബി.വൈ.വിജേന്ദ്ര, മരുമകന് സോഹന്‍ കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു.
ആരോപണം നേരിടുന്ന മുന്‍മന്ത്രി എസ്.എന്‍.കൃഷ്ണയ്യ ഷെട്ടിയെയും 22 വരെ റിമാന്റ് ചെയ്തിട്ടുണ്ട്. ബിജെപി എംഎല്‍എ ഹേമചന്ദ്ര സാഗറിനും മറ്റ് പത്തുപേര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതിയില്‍നിന്ന് യെദ്യൂരപ്പയെ ഡിവൈഎസ്പി പ്രസന്ന രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കടുത്ത പുറംവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന യെദ്യൂരപ്പയുടെ അപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല.
ജാമ്യം കിട്ടിയ യെദ്യൂരപ്പയുടെ മക്കളോട് അഞ്ച് ലക്ഷത്തിന്റെയും പത്ത് ലക്ഷത്തിന്റെയും ബോണ്ടുകള്‍ സമര്‍പ്പിക്കാനും അവരുടെ ഉടമസ്ഥതയിലുള്ള ഭാവലാഗിരി പ്രോപ്പര്‍ട്ടീസ് ആന്റ് ആദര്‍ശ് ഹോംസ് ലിമിറ്റഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകള്‍ സമര്‍പ്പിക്കാനും ജഡ്ജി നിര്‍ദേശിച്ചു.
യെദ്യൂരപ്പക്കെതിരായ കോടതി ഉത്തരവ് കേട്ടയുടന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ മുംബൈ യാത്ര റദ്ദാക്കുകയും മന്ത്രിസഭാംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാവാന്‍ തീരുമാനിച്ച യെദ്യൂരപ്പയുടെ വസതിയില്‍ പോലീസ് സംഘം അറസ്റ്റ് വാറണ്ടുമായി എത്തിയതറിഞ്ഞ് നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ തടിച്ചുകൂടി. യെദ്യൂരപ്പക്കെതിരെയുള്ള കേസുകള്‍ നിയമപരമായി നേരിടുമെന്ന് ബിജെപി വക്താവ് ജെ.പി.നദ്ദ ന്യൂദല്‍ഹിയില്‍ അറിയിച്ചു.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പാര്‍ട്ടിക്കുള്ളത്. അഴിമതിവീരന്മാരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനയാത്ര മുന്‍ നിശ്ചയപ്രകാരം 30, 31 തീയതികളില്‍ സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്.ഈശ്വരപ്പ അറിയിച്ചു. “നിയമം അതിന്റെ വഴിക്ക് നീങ്ങും. സംശുദ്ധനായി യെദ്യൂരപ്പ പുറത്തുവരും”. മംഗലാപുരത്ത് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: