ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍ കണ്ടെത്തിയ സ്ഫോടകവസ്തുക്കള്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടനയായ ലഷ്കറെ തോയ്ബയും സിഖ് ഭീകരസംഘടനയായ ബബാര്‍ ഖല്‍സയും ചേര്‍ന്ന് ശേഖരിച്ചതാണെന്ന് വ്യക്തമായി. ദീപാവലിയോടനുബന്ധിച്ച ദല്‍ഹിയില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഹരിയാനയിലെ അംബാലയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദല്‍ഹി പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിയാനയിലെ അംബാല റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നീല ഇന്‍ഡിക്ക കാറില്‍ നിന്നാണ് പോലീസ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി വിവരം നല്‍കിയതിനെത്തുടര്‍ന്ന് ദല്‍ഹി പോലീസ് നല്കിയ നിര്‍ദ്ദേശമനുസരിച്ച് ഹരിയാന പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെടുക്കുകയായിരുന്നു. മധുബനിയില്‍ നിന്നുള്ള ബോംബ് സ്ക്വാഡിന്റേയും ഫോറന്‍സിക് വിദഗ്ദ്ധരുടേയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന. കാശ്മീരില്‍ നിന്നും അംബാല വഴി ദല്‍ഹിയിലേക്ക് പോവുകയായിരുന്ന കാറാണിതെന്നാണ് നിഗമനം. എന്നാല്‍ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആരായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല.
കാറില്‍ നിന്നും കിട്ടിയ വസ്തുക്കള്‍ പരിശോധിച്ചതില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ ദല്‍ഹിയിലെ ബബാര്‍ ഖല്‍സ എന്ന സിഖ് ഭീകര സംഘടനയ്ക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് വ്യക്തമായതായും ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദല്‍ഹിയിലുടനീളം സ്ഫോട നങ്ങള്‍ നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഡെപ്യൂട്ടി ദല്‍ഹിപോലീസ് കമ്മീഷണര്‍ അരുണ്‍ കമ്പാനി മാധ്യമങ്ങളോട് പറഞ്ഞു.ദല്‍ഹി പോലീസില്‍ നിന്നും അടിയന്തര നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഹരിയാനപോലീസ് നടത്തിയ വാഹന പരിശോധനകള്‍ക്കിടെയാണ് അംബാല റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംശയാസ്പദമായ രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല ഇന്‍ഡിക്ക കാര്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രണ്ട് പേപ്പര്‍ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന അഞ്ച് കിലോഗ്രാമോളം തൂക്കമുള്ള സ്ഫോടക വസ്തുക്കളാണ് കാറിലുണ്ടായിരുന്നതെന്നും അഞ്ച് ഡിറ്റനേറ്ററുകള്‍, രണ്ട് ടൈമറുകള് എന്നിവയും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ടെന്നും ഹരിയാന ഡിജിപി രഞ്ജീവ് ദലാള്‍ അറിയിച്ചു. കാശ്മീരിലെ ബാരി ബ്രാഹ്മണ പ്രദേശത്തുനിന്നും വാങ്ങിയ ഒരു പെട്ടി മധുരപലഹാരങ്ങളും ജമ്മുകശ്മീരില്‍ നിന്നുള്ള രണ്ട് ദിനപ്പത്രങ്ങളും കാറില്‍ നിന്നും കണ്ടെടുത്തു. കാറിന്റെ ഹരിയാന രജിസ്ട്രേഷന് നമ്പറും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാര്‍ മോഷ്ടിക്കപ്പെട്ടതാവാനിടയുണ്ടെന്നും ഇതില്‍ നിന്നും കണ്ടെത്തിയ വസ്തുക്കളെല്ലാം തന്നെ വിശദമായ പരിശോധനയ്ക്കായി അയച്ചുകഴിഞ്ഞതായും പോലീസ് പറഞ്ഞു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും കാറില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നതായി വ്യക്തമാണെന്നും പോലീസ് പരിശോധന ശക്തമാക്കിയ സാഹചര്യത്തില്‍ ഇവര്‍ കാറുപേക്ഷിച്ച് കടന്നതാവാമെന്നും വിലയിരുത്തപ്പെടുന്നു. ജമ്മു-പഠാന്‍കോട് മേഖലയിലെ ലഖന്തപൂര് ടോളിലൂടെ വാഹനം കടന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: