ന്യൂദല്‍ഹി: തെലുങ്കാന പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ ഇന്നലെനടത്തിയ ദൗത്യവും പൊളിഞ്ഞു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും പ്രശ്നപരിഹാരത്തിന് സാവകാശം വേണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന തെലുങ്കാന പ്രവര്‍ത്തകര്‍ തള്ളി. ചര്‍ച്ച വേണ്ട തെലുങ്കാന മതിയെന്ന നിലപാടില്‍ പ്രക്ഷോഭകര്‍ ഉറച്ചുനില്‍ക്കുകയാണ്. സമയബന്ധിതമായി തെലുങ്കാന സംസ്ഥാനം രൂപീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് അവര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്കി.
തെലുങ്കാന പ്രശ്നം പരിഹരിക്കാന്‍ സമയം വേണമെന്ന മന്‍മോഹന്‍സിംഗിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് ടിആര്‍എസ് മേധാവി കെ. ചന്ദ്രശേഖര റാവവും തെലുങ്കാന സംയുക്ത സമരസമിതി കണ്‍വീനര്‍ പ്രൊഫ. കോദണ്ട രാമനും അറിയിച്ചു.
അനുദിനം വഷളായിവരുന്ന തെലുങ്കാന പ്രശ്നം കേന്ദ്രത്തിന് തലവേദനയായതോടെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്നലെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം മനസ്സിലാക്കാന്‍ കഴിയുമെന്നും എത്രയും നേരത്തെ പ്രശ്ന പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആന്ധ്രാപ്രദേശിലെ തെലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തെലുങ്കാന നേതാക്കളുടെ ആവശ്യങ്ങള്‍ പാര്‍ട്ടി കോര്‍ കമ്മറ്റി മുമ്പാകെ അവതരിപ്പിക്കുകയും വിഷയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്മോഹന് പറഞ്ഞു. എന്നാല്‍ ഉറപ്പുകളൊന്നും കൊടുക്കന്‍ അദ്ദേഹം തയ്യാറായതുമില്ല.
തെലുങ്കാനയിലെ പൊതുപണിമുടക്ക് 22-ാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അനിവാര്യമായ കേന്ദ്ര ഇടപെടലും മേഖലയിലെ സ്ഥിതിഗതികളും സംസ്ഥാന മന്ത്രിമാരായ കെ. ഗീതാറെഡ്ഡിയും കെ. ജനറെഡ്ഡിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അടുത്തുവരുന്ന ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പോലുമുള്ള മാനസികാവസ്ഥയിലല്ല ജനങ്ങളെന്നും അവര്‍ വ്യക്തമാക്കി. പ്രത്യേക സംസ്ഥാനത്തിന്റെ കാര്യത്തില്‍ സമയബന്ധിതമായ പ്രഖ്യാപനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകണമെന്ന് മന്ത്രിമാരും എംപിമാരും എംഎല്സിയുമടങ്ങുന്ന പ്രതിനിധി സംഘം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരുടെ പിന്തുണയോടെ നടക്കുന്ന പണിമുടക്കും ആന്ധ്രയിലെ സംഭവവിവകാസങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി 7, റേസ് കോഴ്സ് വസതിയില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കുശേഷം ഗീതാറെഡ്ഡി വാര്‍ത്താലേഖകരോടു പറഞ്ഞു.
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ ഹൈദരാബാദിലെ ഇതര മേഖലകളിലെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും തങ്ങള്‍ ഉറപ്പുവരുത്തിക്കൊള്ളാമെന്ന് നേതാക്കള്‍ അവകാശപ്പെടുകയും ചെയ്തു. തെലുങ്കാന മേഖലയോട് വിയോജിപ്പ് പ്രകടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിക്ക് ഉപദേശം നല്‍കണമെന്നും അവര്‍ മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈദ്യുതി നിലച്ച ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്രയും വേഗം അത് പുനഃസ്ഥാപിക്കയും പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളമെത്തിക്കുകയും വേണമെന്നതടക്കമുള്ള ആവശ്യങ്ങളും പ്രതിനിധി സംഘം ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ആവലാതികളെല്ലാം മന്‍മോഹന്‍സിംഗ് ക്ഷമയോടെ കേട്ടിരുന്നതായി പേഡപ്പിളി എംപി ജി. വിവേകാനന്ദും നിസാമബാദ് എംപി മധു ഗൗഡ് യസ്ഖിയും പറഞ്ഞു. പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്ന ആവശ്യത്തെ ആന്ധ്രയുടെ തീരദേശ മേഖലയില്‍ നിന്നും റായലസീമ പ്രദേശത്തുനിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നതാണ് കേന്ദ്രത്തെ വെട്ടിലാക്കിയിരിക്കുന്നത്. തന്നെവന്നുകണ്ട ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ ഉറപ്പുകൊടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതും ഇതുകൊണ്ടാണ്. തെലുങ്കാനക്ക് സംസ്ഥാന പദവി കൊടുത്താല്‍ വിരുദ്ധചേരിയില്പ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന വ്യക്തമായ ധാരണ പ്രധാനമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും ഉണ്ട്.
ഇതിനിടെ പ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബസ് ഗതാഗതം തടസ്സപ്പെടുത്തി. നിരവധി സാധാരണക്കാരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടിയത്. വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ഏകദേശം 50 സ്വകാര്യ ബസ്സുകളാണ് ലക്ഷ്യസ്ഥാനത്തിന് 300 കിലോമീറ്റര്‍ അകലെ വച്ച് യാത്ര അവസാനിപ്പിച്ചത്. എന്നാല്‍ പ്രശ്നബാധിത പ്രദേശം അധികാരപരിധിയിലുള്ള പോലീസ് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യത്തെ നിരാകരിക്കുകയാണെന്ന് ബസ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും നല്‍ഗോണ്‍ഡ ജില്ലയിലേക്കുള്ള ഗതാഗതം വരും ദിവസങ്ങളിലും പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയേക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ഹൈദരാബാദിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുമെന്ന് തെലുങ്കാന സംയുക്ത പ്രവര്‍ത്തക സമിതി ചെയര്മാന് എം. കൊണ്ടാരം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ഈ മേഖലയിലേക്ക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ രണ്ടാഴ്ച മുമ്പ് ഗതാഗതം നിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വകാര്യ ബസ്സുകള്‍ ഈ മേഖലയില്‍ ഓടിത്തുടങ്ങുകയും ചെയ്തു. എന്നാല്‍ അതും നിലച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: