തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ആര്. ബാലകൃഷ്ണപിള്ള തടവിലിരിക്കേ ടെലിഫോണില്‍ നടത്തിയ സംഭാഷണം നിയമസഭയെ ഇളക്കിമറിച്ചു. പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പറയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയ്ക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് അറിയിച്ചു.
സി.പി.ഐയിലെ മുല്ലക്കര രത്നാകരനാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയം കൊണ്ടുവന്നത്. തടവിലുള്ള ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് ടെലിഫോണില്‍ സംസാരിക്കുന്നതാണ് ചാനലുകള്‍ സംപ്രേഷണം ചെയ്തെന്ന് മുല്ലക്കര ചൂണ്ടിക്കാട്ടി. ശിക്ഷ കിട്ടുന്നവര്‍ക്ക് രക്ഷയും രക്ഷ കിട്ടേണ്ടവര്‍ക്ക് ശിക്ഷയുമാണ് ഇവിടെ കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിലെ ഏറ്റവും വലിയ കുടുംബത്തിലെ ഇടപെടല്‍ ഉണ്ടായതിനാല്‍ സി.ബി.ഐയെപോലുള്ള സംവിധാനത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുല്ലക്കര ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചു. ദക്ഷിണമേഖല ഐ.ജി സ്ഥലത്തെത്തിയാല്‍ അന്വേഷണം നേരിട്ട് വിലയിരുത്തും. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രാഷ്ട്രീയലക്ഷ്യം വച്ചു കൊണ്ട് പ്രതികള്‍ ആരൊക്കെയാണെന്ന് പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള സര്‍വ്വസൗകര്യങ്ങളും കൂടി പഞ്ചനക്ഷത്ര സൗകര്യത്തില്‍ കഴിയുന്നു. എല്ലാവരോടും ഫോണില്‍ സംസാരിക്കുന്നു. ഇതേക്കുറിച്ചൊന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പിള്ളയുടെ കുടുംബത്തോട് അടുപ്പമുള്ള ഡിവൈ.എസ്.പിയെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം തന്നെ വേണം. ഈ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയല്ല, പകരം സഭയ്ക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളെല്ലാം സഭയുടെ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു.
ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: