തിരുവനന്തപുരം: രാമങ്കരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നടുറോഡില്‍ പരസ്യമായി ചോദ്യം ചെയ്ത് പീഡിപ്പിച്ച പോലീസ് സബ്ഇന്‍സ്പെക്ടര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹിഷ്കരണം. നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടയിലാണ് പ്രതിപക്ഷത്തു നിന്ന് എസ്.ശര്‍മ്മ പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. പീഡനത്തിനിരയായ ആറാംക്ലാസ്സുകാരിയെ വീടിനു മുന്നില്‍ നടുറോഡില്‍ വച്ചാണ് എസ്.ഐ ചോദ്യം ചെയ്തത്. പീഡനമേറ്റത് എങ്ങനെയാണെന്ന് ആംഗ്യഭാഷയില്‍ കാട്ടിത്തരാന്‍ പെണ്കുട്ടിയോടാവശ്യപ്പെട്ട എസ്.ഐയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യക്തിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിന്റെ പീഡനത്തിനും ഇരയായതായി അദ്ദേഹം പറഞ്ഞു. മാലാഖ കയറാന്‍ മടിച്ചിടത്തേക്ക് ചെകുത്താന് കയറിയ നിലയ്ക്കാകരുത് സര്‍ക്കാരിന്റെ ചെയ്തികള്‍. സര്‍വ്വീസില്‍ നിന്ന് പുറത്താക്കേണ്ട ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി സംരക്ഷിക്കുകയാണുണ്ടായതെന്നും ശര്‍മ്മ ആരോപിച്ചു.
നന്ദി പ്രമേയചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയവേയാണ് പ്രതിപക്ഷം ബഹിഷ്കരണം നടത്തിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് ശര്‍മ്മ ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ മുഖ്യമന്ത്രി വഴങ്ങിയില്ല. പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് സഭാനടപടികള്‍ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങുകയായിരുന്നു.
സഹകരണ കാര്‍ഷിക ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടു നല്കിയ അടിയന്തരപ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ശൂന്യവേളയില്‍ പ്രതിപക്ഷം നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തിയത്. പ്രതിപക്ഷത്തുനിന്നും ഇ.പി ജയരാജനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് തേടിയത്. സംസ്ഥാന കാര്‍ഷിക സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് യു. ഡി. എഫ് സര്‍ക്കാര്‍ താലൂക്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടതെന്നു ഇ.പി.ജയരാജന് ആരോപിച്ചു. നിയമം ദുരുപയോഗം ചെയ്താണ് 17 താലൂക്ക് സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇതിനു പ്രത്യേക ഓര്‍ഡിനന്‍സിറക്കി. 12 വര്‍ഷമായി രജിസ്ട്രേഷനോടുകൂടിയാണ് ഇവ പ്രവര്‍ത്തിച്ചുവന്നത്. കോടിക്കണക്കിനു രൂപയാണ് സഹകരണ ബാങ്ക് വഴി കര്‍ഷകര്‍ക്കു വായ്പ നല്‍കിയത്. സഹകരണജനാധിപത്യം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജയരാജന് ആരോപിച്ചു.
നബാര്‍ഡ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ച സഹകരണസംഘങ്ങളെയാണ് പിരിച്ചുവിട്ടതെന്നു അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി മന്ത്രി സി.എന്‍.ബാലകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു. സഹകരണ നിയമത്തില്‍ 2000 ജനുവരി ഒന്നിന് കൊണ്ടുവന്ന ഭേദഗതിപ്രകാരം കാര്‍ഷിക വികസന ബാങ്കിന്റെ പ്രവര്‍ത്തനപരിധി ഒരു താലൂക്കായി നിജപ്പെടുത്തിയിട്ടുണ്ട്. നബാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പരിശോധിച്ചശേഷം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവന്ന ബാങ്കുകള്‍ക്കെതിരേയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ നടപടി നിയമവിധേയമാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂരിപക്ഷം നേടുന്നതിനായി ധൃതിപിടിച്ചു സഹകരണബാങ്കുകള്‍ രൂപീകരിച്ചതിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കു അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്നായിരുന്നു വാക്കൗട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: