കാഠ്മണ്ഡു: നേപ്പാളില്‍ ചെറുയാത്രാവിമാനം തകര്‍ന്ന് പത്ത് ഇന്ത്യക്കാരടക്കം പത്തൊന്‍പത് പേര് മരിച്ചു. ഉത്തരേന്ത്യക്കാരായ ദമ്പതികളും, തമിഴ്നാട് സ്വദേശികളായ എട്ട് പേരുമാണ് മരണമടഞ്ഞ ഇന്ത്യക്കാര്‍. എവറസ്റ്റ് സന്ദര്‍ശിച്ചതിനു ശേഷം മടങ്ങുകയായിരുന്ന ചെറുവിമാനമാണ് കാഠ്മണ്ഡുവിന് സമീപം കോഠ്ദന്ത മലനിരകളില്‍ തകര്‍ന്ന് വീണത്. ഇന്ത്യക്കാരെക്കൂടാതെ രണ്ട് അമേരിക്കന്‍ പൗരന്മാരും മൂന്ന് നേപ്പാള്‍ പൗരന്മാരും ഒരു ജപ്പാന് പൗരനുമാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. 16 യാത്രക്കാരും നേപ്പാള്‍ സ്വദേശികളായ മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സൂചന. കണ്ട്രോള് ടവറുമായുള്ള ബന്ധം മുറിഞ്ഞ് വിമാനം കാണാതാവുകയും പിന്നീട് നടത്തിയ തെരച്ചിലിനൊടുവില്‍ കാഠ്മണ്ഡുവില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന മലനിരകള്‍ക്കിടയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
കാഠ്മണ്ഡുവിലെ യൂണിസെഫ് ആരോഗ്യവകുപ്പ് മേധാവി പങ്കജ് മേത്ത ഭാര്യ ഛായ, തമിഴ്നാട് സ്വദേശികളായ എം.വി മരതാചലം, എം.മണിമാരന്‍, വി എം.കനകാസഭേശന്, എ.കെ കൃഷ്ണന്, ആര്.എം മീനാക്ഷി സുന്ദരം, കെ. ത്യാഗരാജന്, ടി. ധനശേഖരന്, കാട്ടൂസ് മഹാലിംഗം എന്നിവരാണ് വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍. ഗുജറാത്ത് സ്വദേശികളായ മേത്ത ദമ്പതിമാര്‍ മൂന്നു വര്‍ഷമായി കാഠ്മണ്ഡുവില്‍ താമസിച്ചു വരികയായിരുന്നു. തമിഴ്നാട് സ്വദേശികളായ എട്ട് വിനോദ സഞ്ചാരികളും താച്ചലിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു തങ്ങിയിരുന്നത്. ക്യാപ്ടന് ജെ.ഡി തമാര്ക്കര്, ക്യാപ്റ്റന്‍ പി. അധികാരി എയര്‍ഹോസ്റ്റസ് എ. ശ്രേഷ്ഠ എന്നിവരാണ് മരണമടഞ്ഞ വിമാന ജീവനക്കാര്‍. അപകടത്തില്‍ മരണമടഞ്ഞ അമേരിക്കക്കാര്‍ ആന്‍ഡ്രൂ വേഡ്, നതാലിയെ നെയ്ലന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉജിമ തൊഷിനോറിയാണ് മരിച്ച ജപ്പാന് പൗരന്. മരിച്ച മൂന്ന് നേപ്പാള്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.
അപകടസ്ഥലത്തിറങ്ങിയ സിമൃക് എയര്‍ലൈന്‍സ് ഹെലികോപ്ടറില്‍ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. നേപ്പാള്‍ ഉപമുഖ്യമന്ത്രി, ആഭ്യന്തരമത്രി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: