ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗ്രാമ റോഡ് വികസന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റാമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്കി. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളം 1048 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചു.
ഗ്രാമീണ റോഡുകളുടെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം കേന്ദ്രമന്ത്രി ജയറാം രമേശുമായി സംസാരിച്ചത്. നിലവില്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള റോഡുകള്‍ക്കാണ് പ്രധാനമന്ത്രി ഗ്രാമ റോഡ് വികസന പദ്ധതി പ്രകാരമുള്ള സഹായം കിട്ടുന്നത്.
എന്നാല്‍ കേരളത്തില്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ റോഡുകളുണ്ട്. ഗ്രാമങ്ങള്‍ക്കുള്ളില്‍ കരകളെ പ്രധാന റോഡുമായി ബന്ധപ്പിക്കാനുള്ള ചെറു റോഡുകളാണ് ആവശ്യം. ഇതിനായി കേന്ദ്ര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് ജയറാം രമേശ് അറിയിച്ചു.
കാലവര്‍ഷക്കെടുതി, കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഭൂചലനം എന്നീ വിഷയങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സി-ഡിറ്റിന് കീഴില്‍ ദേശീയ അനിമേഷന്‍ അക്കാദമി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി വാര്‍ത്താവിതരണ മന്ത്രി അംബികാസോണിക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: