കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിക്കുണ്ടില്‍ താഴ്ന്നു. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ 3.50ന് ബഹറിനില്‍ നിന്നും വന്ന ഗള്‍ഫ് എയറിന്റെ ജി.എഫ്. 270-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഭയന്നുവിറച്ച യാത്രക്കാര്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് ചാടി. ചാടുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് തണ്ണിത്തോട് തേക്കിന്‍കാട് വീട്ടില്‍ സെയ്ത് മുഹമ്മദ് (47) അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്. 137 യാത്രക്കാരും 6 വിമാന ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
റണ്‍വേക്ക് സമീപം ചെളിക്കുഴി ആയതിനാലാണ് മറ്റൊരു മംഗലാപുരം ദുരന്തം ആവര്‍ത്തിക്കാതെ രക്ഷപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ചെന്നൈ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ദെരൈരാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരിയിലെത്തി. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പെയിലറ്റില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. വിമാനം വിശദമായി ഡിജിസിഐ ഉദ്യോഗസ്ഥര്പരിശോധിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനക്കായി മുംബൈയിലേക്ക് കൊണ്ടുപോകും. വിമാനത്തിന്റെ ചിറകുകളും നോസ് വീലും ഒടിഞ്ഞുപോയി. എഞ്ചിനും തകരാറ് സംഭവിച്ചിട്ടുണ്ട്. ചെളിയും മറ്റും എഞ്ചിനുള്ളിലേക്കും കയറിയിട്ടുണ്ട്.
352 അടി ഡിസിഷന്‍ ഹൈറ്റിന് താഴെ വന്നപ്പോള്‍ ഭയങ്കരമായ മഴവന്നത് മൂലം പെയിലറ്റിന് റണ്‍വേ കാണാനാവാത്തത് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ യാത്രക്കാര്‍ ഈ വാദം തള്ളിക്കളയുന്നു. വലിയ മഴ തങ്ങള്‍ക്ക് അനുഭവപ്പെട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാറിലേക്കോ പെയിലറ്റിന്റെ പിഴവിലേക്കോ ഉള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ റെസ്ക്യൂ വിമാനം രാത്രി എത്തി വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. എയര്‍ബാഗ് ഉപയോഗിച്ച് വിമാനം ഉയര്‍ത്തുവാനാണ് ശ്രമം. കൊച്ചി ഷിപ്പ്യാര്ഡിന്റെ 100 ടണ്‍ ക്രെയ്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും 60 ടണ്‍, 50 ടണ്‍ ക്രെയിനുകളും ഉപയോഗിച്ച് വിമാനം ഉയര്‍ത്തുവാനായി ശ്രമിച്ചെങ്കലും വിജയിച്ചില്ല.
അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചതോടെ ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ഇകെ 532-ാം നമ്പര്‍ വിമാനം, കുവൈറ്റില്‍ നിന്നും വന്ന കീയു 351-ാം നമ്പര്‍ വിമാനം, ഷാര്‍ജയില്‍ നിന്നും 9 വന്ന ഡബ്ല്യൂ 561-ാം നമ്പര്‍ വിമാനം, ദുബായില്‍ നിന്നും വന്ന ഐഎക്സ് 434-ാം നമ്പര്‍ വിമാനം, ദോഹയില്‍ നിന്നും വന്ന 9 ഡബ്ല്യു 555-ാം നമ്പര്‍ വിമാനം, അബുദാബിയില്‍ നിന്നും വന്ന ഐഎക്സ് 452-ാം നമ്പര്‍ വിമാനം എന്നിവ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നും വന്ന എഐ 934-ാംനമ്പര്‍ വിമാനം, ദോഹയില്‍ നിന്നും വന്ന ക്യൂആര്‍ 266-ാം നമ്പര്‍ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: