കൊച്ചി: മുഖ്യമന്ത്രി നല്കിയ ഉറപ്പ് അവഗണിച്ച് മെട്രോ റെയില്‍ സംസ്ഥാന സ്പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം നഗരസഭാ കൗണ്‍സില്‍ മുന്‍പ് പാസാക്കിയ തീരുമാനം റദ്ദാക്കി നോര്‍ത്ത് മേല്‍പ്പാലം ഉടന്‍ പൊളിച്ചുമാറ്റുവാനും പുതുക്കിപ്പണിയുവാനുമുള്ള തീരുമാനത്തിനെതിരെ മര്‍ച്ചന്റ്സ് അസോസിയേഷനും വിവിധ സംഘടനകളും രംഗത്ത്. നോര്‍ത്ത് മേല്‍പ്പാലം തിരക്കിട്ട് പൊളിക്കാനുള്ള തീരുമാനം, പാലാരിവട്ടം മുതല്‍ കച്ചേരിപ്പടിവരെയുള്ള ബാനര്‍ജി റോഡ് നാലുവരി ഗതാഗതത്തിന് സജ്ജമാകുന്നതുവരെ മറ്റീവ്ക്കണമെന്നും ഗാന്ധി പീസ് ഫൗണ്ടേഷന് പ്രസിഡന്റ് കെ. സരോജം, എറണാകുളം ബാര്‍ അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് മെര്‍ലോ പള്ളത്ത്, കൊച്ചി നഗരപൗരസമിതി ട്രഷറര്‍ അഡ്വ. വി.സി. ജെയിംസ്, ഗോശ്രീ ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് മജ്നു കോമത്ത്, ഗാന്ധിനഗര്‍ പൗരസമിതി പ്രസിഡന്റ് പഞ്ഞിമല ബാലകൃഷ്ണന്, സീമാറ്റ്സ് കൊച്ചി കണ്‍വീനര്‍ വി.എം. മൈക്കിള്‍, പേട്ട-വൈറ്റില മെട്രോ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വി.പി.കെ. പണിക്കര്‍, സര്‍വോദയ മണ്ഡലം ജില്ലാ സെക്രട്ടറി സുരേഷ് ജോര്‍ജ്, എറണാകുളം ജില്ലാ പ്രതികരണസമിതി ജനറല്‍ കണ്‍വീനര്‍ സജിനി തമ്പി, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്മാന് എന്‍.ജി. ശിവദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
തീരുമാനം നടപ്പാക്കുന്നത് തല്ക്കാലം മറ്റീവ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മേയര്‍ക്കും നിവേദനം നല്‍കിയിരുന്നു. മേല്‍പ്പാലം പുതുക്കിപ്പണിത് നാലുവരിപ്പാത ഉണ്ടാക്കുവാനുള്ള തീരുമാനം 20 വര്‍ഷം മുമ്പെങ്കിലും നടപ്പാക്കേണ്ടതായിരുന്നു. പുതുക്കിപ്പണിയുവാനുള്ള ഉദ്ദേശ്യത്തോടെയാണെങ്കിലും മെട്രോ റെയിലിന്റെ പേരില്‍ പാലം ഇപ്പോള്‍ പൊളിക്കുന്നത് ദീര്‍ഘകാലം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും നിവേദനത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. മെട്രോ റെയില്‍ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല. ബാനര്‍ജി റോഡ് വീതികൂട്ടല്‍ പൂര്‍ത്തിയാക്കാതെ പാലം നാലുവരിയാക്കുന്നത് ഒരു പ്രയോജനവും ചെയ്യില്ല. തിരക്കിട്ട നടപടി റെയില്‍വേയെ പാലം പുനര്‍നിര്‍മ്മാണവുമായി സഹകരിപ്പിക്കുവാനുള്ള സാധ്യതകള്‍ ഇല്ലാതാക്കും. മെട്രോ റെയിലിന് അംഗീകാരം കിട്ടിയാല്‍തന്നെ മറ്റ് ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായശേഷമേ മേല്‍പ്പാലം പൊളിക്കേണ്ടതുള്ളൂ. നഗരസഭാ കൗണ്‍സിലില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അവതരിപ്പിച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഒട്ടും പ്രായോഗികമല്ല. നിര്‍ദ്ദിഷ്ട പുതിയ മേല്‍പ്പാലങ്ങളും അനുബന്ധ റോഡുകളും പൂര്‍ത്തിയാകുന്നതുവരെ തീരുമാനം മാറ്റിവെച്ചില്ലെങ്കില്‍ എറണാകുളത്തേക്കുള്ള യാത്ര ദുഷ്കരമാകുകയും എറണാകുളത്തെ വാണിജ്യമേഖലയും ജനജീവിതവും നിശ്ചലമാകുകയും ചെയ്യും. നഗരസഭയുടെ പുതിയ തീരുമാനം നഗരസഭാ യോഗനടപടി ചട്ടം 18ഉം ഉപചട്ടം 16ഉം പ്രകാരം നിലനില്‍ക്കത്തക്കതല്ല, അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: