കൊച്ചി: ലോകഹൃദയദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 25ന് എറണാകുളം ജില്ലാ ഭരണകൂടം ഈ വര്‍ഷവും കൊച്ചി മാരത്തണ്‍ നടത്തുന്നു. ലോകഹൃദയദിനത്തോടനുബന്ധിച്ചു നടത്തുന്ന മാരത്തോണ്‍ സംഘടിപ്പിക്കുന്നത് ലയണ്‍സ് ക്ലബ് എറണാകുളം നോര്‍ത്തും ഹാര്കെയര് ഫൗണ്ടേഷനും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററും സതേണ്‍ നേവല്‍ കമാന്റും, കൊച്ചി സിറ്റി പോലീസ് കെഎസ്എസ്എ, എന്‍ആര്‍എച്ച്എം എന്നിവരും ചേര്‍ന്നാണ്. തുടര്‍ന്നുള്ള എല്ലാവര്‍ഷങ്ങളിലും കൊച്ചി മാരത്തണ്‍ ജില്ലാഭരണകൂടം സംഘടിപ്പിക്കുന്നതാണ്. കൊച്ചി മാരത്തണിന്റെ ഇവന്റ് മാനേജര്‍ വൈബ്രന്റ് ആഡ്സ് ആന്റ് ഈവെന്റ്സ് ആണ്. മാരത്തണ്‍ എന്നത് 42.195 കി.ദൂരം വരുന്ന ഒരു ദീര്‍ഘദൂര ഓട്ടമത്സരമാണ്. (26 മെയില്‍ 385 വാരം). മാരത്തണ്‍ ഓട്ട മത്സരത്തിന്റെ ഉത്ഭവം ബന്ധപ്പെട്ടു നില്‍ക്കുന്നത് ഫീഡിപ്പിഡ്സ് എന്ന ഗ്രീക്ക് പട്ടാളക്കാരന് മാരത്തണ്‍ യുദ്ധത്തില്‍ ഏതന്‍സിലേക്ക് സന്ദേശവുമായി ഓടിയതുമായിട്ടാണ്. കൊച്ചിയുടെ ചരിത്രത്തില്‍ മത്സരത്തിന്റെ രണ്ടാം വര്‍ഷമാണ് ഇത്.
ഹാര്‍ട്ട് മെയില്‍സ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കൊച്ചി മാരത്തണില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം 42 കിമീ ദൂര മാരത്തണ്‍ മത്സരം ഉണ്ടായിരിക്കും. 2 ലക്ഷം രൂപയാണ് വിജയിക്ക് നല്‍കുക. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍നിന്നും തുടങ്ങി കലൂര്‍ സിഗ്നല്‍, കെ.കെ.റോഡ്,കടവന്ത്ര, വൈറ്റില, പാലാരിവട്ടം സിഗ്നല്‍, പാലാരിവട്ടം ജംഗ്ഷന് വഴി വീണ്ടും കലൂര്‍ എത്തി അതേ റൂട്ടില്‍ കൂടിതന്നെ മൂന്നുതവണ പൂര്‍ത്തിയാക്കി കലൂര്‍ സ്റ്റേഡിയത്തില്‍ അവസാനിക്കത്തക്കരീതിയിലാണ് ദൂരം ക്രമീകരിച്ചിരിക്കുന്നത്. പത്ത് വ്യത്യസ്ത ഇനങ്ങളിലായി ഏകദേശം പതിനായിരം പേരോളമാണ് ഈ വര്‍ഷത്തെ മാരത്തണില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
കൊച്ചി മാരത്തണിന്റെ വെബ്സൈറ്റ് ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി.തോമസ് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീത് അദ്ധ്യക്ഷനായിരുന്നു. എംഎല്‍എമാരായ ഡൊമനിക്ക് പ്രസന്റേഷന്, സാജുപോള്‍, ലൂഡിലൂയിസ്, ടി.യു.കുരുവിള, വി.ഡി.സതീശന്, ജോസ് തെറ്റയില്‍, ജോസ് വാഴക്കന് എന്നിവര്‍ സന്നിഹിതരായിരുന്നു. പദ്മശ്രീ ജോസ് ചാക്കോ പെരിയപ്പുറം (ചെയര്മാന് ഹാര്‍ട്ട് കീയര്‍ ഫൗണ്ടേഷന്) കൊച്ചി മാരത്തണിന്റെ പ്രാധാന്യത്തെക്കുറിച്ച് വശദീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാഫിക്ക് ബേബി വിനോദ്, ഡോ.ടോണി ഡാനിയല്‍ (കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്), ദക്ഷിണ നാവിക സേന കമാണ്ട് ഓഫ് സ്പോര്‍ട്സ് കമാന്‍ണ്ടര്‍ സല്ജയ് ആര്‍ദ്രി, എഡ്വേഡ് മാത്യു (പ്രസിഡന്റ്, ലയണ്‍സ് ക്ലബ് ഓഫ് എറണാകുളം നോര്‍ത്ത്), മാത്യു എം.ജോസഫ് (എം.ഡി.വൈബ്രാന്‍ഡ് ഇവന്റ്) എന്നിവര്‍ പങ്കെടുത്തു. സ്റ്റാന്‍ലി കുഞ്ഞിപ്പാലു സ്വാഗതവും ഡോ.എം.ബീന നന്ദിയും പറഞ്ഞുയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: