കാഞ്ഞങ്ങാട്: കാസര്‍കോട്ടു നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ അടുത്ത കാലത്ത് സര്‍വ്വീസ് ഗണ്യമായി കുറച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ യാത്രാപ്രശ്നം രൂക്ഷമായി. നാഷണല്‍ ഹൈവേയിലൂടെയുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി കൊടുക്കേണ്ടന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ ഇല്ലാതായത്. എന്നാല്‍ ഇതിനനുസരിച്ച് സര്‍ക്കാര്‍ ബസുകള്‍ കൂടുതല്‍ ട്രിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള ബസ്സുകള്‍ മിക്കതും ഗ്യാരേജുകളിലാണ് എന്ന ആക്ഷേപവുമുണ്ട്. ബസ്സുകളുടെ കുറവ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. സമയത്തിന് സ്കൂളിലെത്താനും തിരിച്ചെത്താനും വിദ്യാര്‍ത്ഥികള്‍ നന്നെ വിഷമിക്കുകയാണ്. ഇന്ധന വില ഉള്‍പ്പെടെ ബസ്സ് സര്‍വ്വീസുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധനവുണ്ടായ സാഹചര്യവും റോഡുകളുടെ ശോചനീയാവസ്ഥയും മൂലമുണ്ടാകുന്ന എന്‍ഞ്ചിന്‍ പാര്‍ട്സ് തകരാറുകളും വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കയറുന്നതിനാല്‍ ഫുള്‍ ചാര്‍ജ്ജ് നല്കി യാത്ര ചെയ്യുന്ന യാത്രക്കാരെ കയറ്റാന്‍ കഴിയാത്തതും ബസ്സുടമകളെ പ്രതിസന്ധിയിലാക്കുന്നുതായി ഉടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം സ്റ്റുഡന്‍സ് ഓണ്‍ലി ബസ്സുകള്‍ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് ഫലപ്രദമാക്കുകയും ചെയ്താല്‍ ഒരുപരിധി വരെ യാത്രാ പ്രശ്നം പരിഹരിക്കാവുന്നതാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടില്‍ 28 സ്വകാര്യ ബസ്സുകള്‍ മുമ്പുണ്ടായിരുന്നു. കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ നൂറില്‍ അധികം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട് റൂട്ടില്‍ 4ഉം മംഗലാപുരം റൂട്ടില്‍ 2൦ഉം ബസ്സുകള്‍ മാത്രമെയുള്ളൂ. പി.എസ്സ്.സി പരീക്ഷ നടന്ന കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്‍നാടുകളില്‍ നിന്നും വന്ന ഉദ്യോഗാര്‍ത്ഥികള്‍ ബസ്സ് സര്‍വ്വീസ് ഇല്ലാതെ നന്നായി വിഷമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: