കൊച്ചി: പ്രമുഖ തന്ത്രവിദ്യാ, ജ്യോതിഷ പണ്ഡിതന് പറവൂര്‍ ശ്രീധരന് തന്ത്രി (85) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വടക്കന്‍ പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.
കൊടുങ്ങല്ലൂര്‍ നാലുമാക്കല്‍ കുടുംബാംഗം പരേതയായ എന്‍.എസ്. അമൃതവല്ലിയാണ് ഭാര്യ. പ്രമുഖ ജോതിഷിയായ ജ്യോതിസ്സ്, ബിസിനസുകാരനായ കെ.എസ്. ഗിരീഷ്, പ്രമുഖ തന്ത്രിയായ കെ. എസ്. രാകേഷ് എന്നിവര്‍ മക്കളാണ്. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്.
പറവൂര്‍ പെരുമ്പടന്ന എട്ട്യോടത്ത് കവളമ്പാറ മാമന്വൈദ്യരുടെയും എടവനക്കാട് കടയന്ത്ര വീട്ടില്‍ പാര്‍വതിയമ്മയുടെയും മൂന്നാമത്തെ മകനായി 1925 ഒക്ടോബര്‍ ഒമ്പതിന് പുണര്‍തം നക്ഷത്രത്തിലാണ് ജനനം. കെടാമംഗലം പ്രൈമറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പറവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വരെ പഠിച്ചു. പിതാവാണ് സംസ്കൃതവും വൈദ്യശാസ്ത്രവും പഠിപ്പിച്ചത്. വഴിക്കുളങ്ങരയിലെ നമ്പ്യാത്ത് കരുണാകരപിള്ളയുടെ വീട്ടില്‍ അവധിദിനങ്ങളില്‍ ജ്യോതിഷ പഠനവും നടത്തിയിരുന്നു. പെരുവാരം പട്ടേരിമനയിലെ ശങ്കരന് ഭട്ടതിരിപ്പാടിന്റെ ശിഷ്യനായി. ജ്യോതിഷ പഠനത്തിനു ശേഷം പ്രശ്നവിധികളും തന്ത്രവിധികളും പഠിക്കാന്‍ അയ്യമ്പിള്ളിയിലെ പഴയമ്പിള്ളി കണ്ടച്ചനാശാന്റെ ശിഷ്യത്വം സ്വീകരിച്ചു.
പഠിക്കുമ്പോള്‍ തന്നെ ചെറായി വിജ്ഞാനി വര്‍ദ്ധിനി സഭയുടെ ഗൗരീശ്വര ക്ഷേത്രത്തില്‍ ശാന്തിയായി ചുമതലയേറ്റു. 19-ാം വയസ്സില്‍ പ്രശ്നങ്ങള്‍ നടത്താനുള്ള പ്രാപ്തി നേടി. പാഴൂര്‍ പടിപ്പുരയിലെ വരിക്കോലി കൃഷ്ണന് ജോത്സ്യനില്നിന്ന് അഷ്ടമംഗല പ്രശ്നം, ദേവപ്രശ്നം എന്നിവയും പഠിച്ചു. മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രത്തില്‍ പത്തുവര്‍ഷത്തോളം മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചു. ഈഴവ സമുദായാംഗമായ ഒരാള്‍ താന്ത്രിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനെതിരെ നെറ്റി ചുളിച്ചവരെ തന്റെ അറിവുകൊണ്ടാണ് ശ്രീധരന് തന്ത്രി എതിരിട്ടത്. അവര്‍ണ്ണ – സവര്‍ണ്ണ ഭേദമില്ലാതെ എല്ലാവര്ക്കും വേദവും മന്ത്രവും പഠിക്കാന്‍ കഴിയണമെന്ന ലക്ഷ്യമായിരുന്നു തന്ത്രവിദ്യാ പീഠത്തിന്റെ പിറവിക്കു പിന്നില്‍ മാധവ്ജിക്കൊപ്പം ശ്രീധരന് തന്ത്രിയുമുണ്ടായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി 200 ഓളം ക്ഷേത്രങ്ങളില്‍ ശ്രീധരന് തന്ത്രി പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഗുരുവായ കണ്ടച്ചനാശാന്റെ കുടുംബ ക്ഷേത്രമായ പഴമ്പിള്ളി ശ്രീഭദ്രകാളി ക്ഷേത്രത്തിലായിരുന്നു ആദ്യ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത്. ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ഉള്‍പ്പെടെ നിരവധി മന്ദിരങ്ങളില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചിട്ടുണ്ട്. പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലാണ് പറവൂര്‍ ശ്രീധരന് തന്ത്രി ആദ്യമായി സഹസ്രകലശം നടത്തിയത്. ഈഴവ സമുദായംഗമായ ഒരു പുരോഹിതന് നടത്തിയ ആദ്യത്തെ സഹസ്രകലശമെന്ന നിലയില്‍ ഇത് ചരിത്രത്തില്‍ ഇടം പിടിച്ചു.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നടന്ന കോടിയര്‍ച്ചനയുടെ പ്രധാന തന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചത് ശ്രീധരന് തന്ത്രിയാണ്.
1984 ല്‍ ശിവഗിരി തീര്‍ത്ഥാടന കനക ജൂബിലി ഉദ്ഘാടനം ചെയ്യാന്‍ ഇന്ദിരാഗാന്ധി എത്തിയപ്പോള്‍ പ്രത്യേക പൂജകള്‍ നടത്തിയതും ഇദ്ദേഹമായിരുന്നു. തന്ത്രവിധികളുമായി കേരളത്തിലുണ്ടായ തര്‍ക്കങ്ങളിലെല്ലാം ശ്രീധരന് തന്ത്രികളുടെ വാക്ക് അന്തിമ തീര്‍പ്പായിട്ടുണ്ട്. ശബരിമല, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, വൈക്കം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ തുടങ്ങി മഹാക്ഷേത്രങ്ങളില്‍ നടന്ന അഷ്ടമംഗല പ്രശ്നങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ദേവയജനപദ്ധതി, പിതൃകര്മ്മവിധി എന്നിവയാണ് ശ്രീധരന് തന്ത്രി രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍. മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃത കീര്‍ത്തി പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും കീര്‍ത്തിമുദ്രകളും ലഭിച്ചിട്ടുണ്ട്.
രമാ ജ്യോതിസ്, വത്സല ഗിരീഷ്, പ്രീത രാകേഷ് എന്നിവര്‍ മരുമക്കളാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: