കൊച്ചി: കള്ളപ്പണം വെളുപ്പിക്കലും അതിന്റെ വ്യാപനവും തടയാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിച്ചാല്‍ മാത്രമേ കള്ളപ്പണത്തിന്റെ വ്യാപനം തടയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രിക്കാനുള്ള കര്‍മപരിപാടി അവലോകനംചെയ്യാന്‍ സംഘടിപ്പിച്ച ഏഷ്യ-പസഫിക് ഗ്രൂപ്പിന്റെ പതിനാലാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ കള്ളപ്പണത്തിന്റെ വ്യാപനം തടയുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം ലോകവ്യാപകമായി നടക്കുന്ന സാഹചര്യത്തിലും ഇതിനെതിരെ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ഏഷ്യാ-പസഫിക് രാജ്യങ്ങളുടെ സമ്മേളനം കൊച്ചിയില്‍ നടക്കുന്നത്.
40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകരാജ്യങ്ങള്‍ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറിക്കൊണ്ട് ഇതിന്റെ വ്യാപനം തടയാനുള്ള ശ്രമം നടത്തണമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ലോകരാജ്യങ്ങള്‍ക്ക് കള്ളപ്പണം വലിയ തോതില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. മയക്കു മരുന്നിലൂടെയും ആയുധകള്ളക്കടത്തിലൂടെയുമാണ് മനുഷ്യ കടത്തിലൂടെയുമാണ് കള്ളപ്പണം ഉണ്ടാക്കുന്നത്. ഈ പണം വെളുപ്പിക്കുകയും അത് പിന്നീട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം ഇപ്പോള്‍ നിലവിലുണ്ട്.
കള്ളപ്പണം തടയുന്നതിന് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ കര്‍ശനമായ ഒരു നിയമമുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കി. നിയമം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ ഭേദഗതിയെ കുറിച്ച് ചിന്തിക്കുന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: