ലോകത്തിന്റെ ഭൂപടത്തിലേക്ക് ഒരു പുതിയ രാജ്യം കൂടി. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന് രണ്ടായി വിഭജിക്കപ്പെട്ടു. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാഷ്ട്രംകൂടിയാണ് സുഡാന് എന്ന പ്രത്യേകതയുമുണ്ട്. ആഫ്രിക്കയിലെ അമ്പത്തിനാലാം രാഷ്ട്രവും ലോകത്തിലെ 193-ാമത്തെ രാജ്യവുമാണ് തെക്കന്‍ സുഡാന്.
ജൂലായ് എട്ടിന് അര്‍ദ്ധരാത്രിയിലാണ് പുതുരാഷ്ട്രത്തിന്റെ പിറവി ഉണ്ടായത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനുശേഷമാണ് പുതിയ രാജ്യം ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി അമേരിക്കയുടെയും യുഎന്നിന്റെയും തുടര്‍ച്ചയായ മധ്യസ്ഥതയിലാണ് തെക്കന്‍ സുഡാന് പിറന്നുവീണത്.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍കീമൂണ്‍, സുഡാന് പ്രസിഡണ്ട് ഒമര്‍ അല്‍ ബഷീര്‍, ഇന്ത്യന്‍ ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി, അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്പവല് എന്നിവര്‍ പുതിയ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തെക്കന്‍ സുഡാന്റെ പുതിയ പ്രസിഡണ്ട് സാല്വാ കിര്മായാര്ദിന് ആണ് പതാക ഉയര്‍ത്തിയത്. ഐക്യരാഷ്ട്രസഭയും തെക്കന്‍ സുഡാനെ ഇതേ സമയം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സായുധ പോരാട്ടത്തിനുശേഷമാണ് പുതിയ രാജ്യം ഉടലെടുത്തത് എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഇതിനു പിന്നില്‍ ക്രൈസ്തവ മതശക്തികളുടെ കടുത്ത പ്രയത്നവും ഉണ്ടായിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1956 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ലോകത്തെ ഏറ്റവും വലിയ അറബ് രാജ്യമായ സുഡാന് മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിട്ടുള്ളതന്നെതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുമ്പുതന്നെ സുഡാന് പുതിയ രാജ്യത്തെ അംഗീകരിച്ചതും അതിന്റെ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ സ്വാതന്ത്ര്യ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുത്തതും ശുഭസൂചനയായിട്ടാണ് കണക്കാക്കുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുഡാന്റെ വിഭജനം പൂര്‍ണമാകുമ്പോഴും അതിര്‍ത്തിയില്‍ ഇപ്പോഴും സ്ഥലങ്ങളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് പറയുന്നത്. മാത്രമല്ല, പ്രതിദിനം 3,75,000 ബാരല്‍ എണ്ണ ഉത്പാദിപ്പക്കുന്ന രാജ്യമാണ് ദക്ഷിണ സുഡാന് എന്ന പ്രത്യേകതയും ഉണ്ട്. ഈ എണ്ണസമ്പത്തും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കപ്പെട്ടിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അബൈ ആണ് എണ്ണ സമ്പന്ന മേഖല. ഈ സ്ഥലത്തിന് ഇരുപക്ഷവും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അത് ഇരുരാജ്യങ്ങളും തമ്മില്‍ ഭാവിയില്‍ സംഘര്‍ഷത്തിന് വഴിതെളിച്ചേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എണ്ണസമ്പന്ന മേഖലയാണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് ഒരു ഡോളറില്‍ കുറവാണ് ഓരോരുത്തരുടേയും പ്രതിദിന വരുമാനം. 83 ശതമാനം ആളുകള്‍ ഇന്നും താമസിക്കുന്നത് ചെറ്റക്കുടിലുകളിലാണ്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ ഒരു ശതമാനം മാത്രം.
തീര്‍ന്നില്ല, ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. പിറക്കുന്ന കുഞ്ഞുങ്ങളില്‍ ഏഴിലൊന്നും അഞ്ചുവയസിന് മുമ്പുതന്നെ മരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതുപോലെതന്നെ പ്രസവത്തെ തുടര്‍ന്ന് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും സുഡാന് റെക്കോര്‍ഡാണ്. നിരക്ഷരത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് സുഡാന്. പകുതിയിലധികം കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസംപോലും കിട്ടിയിട്ടില്ല, കിട്ടുന്നില്ലെന്നുമത്രമല്ല.ലോകത്തെ പല രാജ്യങ്ങളും സാക്ഷരതാനിരക്കില്‍ ബഹുദൂരം മുന്നോട്ടുപോകുമ്പോള്‍ പുതിയ രാജ്യമായ തെക്കന്‍ സുഡാന് ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നത് പുതിയ ഭരണാധികാരികള്‍ ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷ.
മറ്റൊരു കാര്യംകൂടി ചിന്തിക്കാനുള്ളത് സുഡാന് രണ്ടായി വിഭജിക്കപ്പെട്ടത് തികച്ചും മതാടിസ്ഥാനത്തിലാണ്. ഇതാണ് അറേബ്യന്‍ രാജ്യങ്ങളില്‍ ആശങ്ക പരത്തിയിട്ടുള്ളത്. അമേരിക്കയുടേയും യു.എന്നിന്റെയും ഇസ്രയേലിന്റെയും ചില യുറോപ്യന്‍ രാജ്യങ്ങളുടെയും പരിപൂര്‍ണമായ സഹകരണം തെക്കന്‍ സുഡാനിനാണ്. സുഡാന് പീപ്പിള്‍ ലിബറേഷന്ആര്മിക്ക് വര്‍ഷങ്ങളായി ഇസ്രയേലില്‍ നിന്ന് ആയുധ-സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നുവത്രെ. മാത്രമല്ല, പട്ടാളക്യാമ്പുകളും പ്രവര്‍ത്തിച്ചിരുന്നു.അതായത് സുഡാന്റെ ആഭ്യന്തര പ്രശ്നത്തില്‍ മതവും ഒരു പ്രധാനഘടകമായിരുന്നു. ഇക്കാര്യം തള്ളിക്കളയാന്‍ സുഡാനും അമേരിക്കയും തയ്യാറായിട്ടുമില്ല. മാത്രമല്ല തെക്കന്‍ സുഡാനെ സ്വതന്ത്ര പരമാധികാര രാജ്യമായി അമേരിക്ക അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവരുടെ തെക്കന്‍ സുഡാനും മുസ്ലീങ്ങളുടെ വടക്കന്‍ സുഡാനും എന്ന രീതിയിലാണ് ഇപ്പോള്‍ വിഭജിക്കപ്പെട്ടിട്ടുള്ളത്. അതിനാലാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സന്ധിസംഭാഷണത്തിന് മുന്‍കൈയെടുത്തതെന്ന് പറയപ്പെടുന്നു. ഇതിനെ പല രീതിയിലും വ്യാഖ്യാനിക്കുന്നുണ്ട്. അതില്‍ തെറ്റും ശരിയും ഉണ്ടാകാം. ഏകദേശം ഒന്നര ദശലക്ഷത്തോളം പേര് രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കലാപം മുറക്ക് നടന്നപ്പോള്‍ രാജ്യം രണ്ടാകണമെന്ന വാദത്തിനുതന്നെയായിരുന്നു ജനങ്ങളുടെ താല്പര്യം. അതുകൊണ്ടാണ് അവിടെ നടന്ന ഹിതപരിശോധനയില്‍ ബഹുഭൂരിപക്ഷം പേരും പുതിയ രാജ്യം വേണമെന്ന വാദത്തില്‍ ഉറച്ചുനിന്നത്. ഹിതപരിശോധനയില്‍ തെളിഞ്ഞതും അതാണ്.
അമേരിക്കയാണ് ഇതിനുപിന്നില്‍ കളിച്ചതെന്ന ആരോപണവും നിലവിലുണ്ട്. സാഹചര്യത്തെളിവുകള്‍ നോക്കുമ്പോള്‍ അത് തള്ളിക്കളയാനും കഴിയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തെക്കന്‍ സുഡാന് കേന്ദ്രീകരിച്ച് ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിച്ച് ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ പരിപൂര്‍ണതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അങ്ങനെ മുസ്ലീം-ക്രൈസ്തവ ആധിപത്യത്തിലുള്ള രണ്ടു രാജ്യങ്ങളാണ് ഫലത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. വിഘടനവാദവും ഭീകരവാദവും വംശീയപ്രശ്നങ്ങളും എല്ലാംതന്നെ ഇതില്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. രാഷ്ട്രവിഭജനത്തിന്റെ ഘടകങ്ങള്‍ എന്തെല്ലാം ആണെന്നുള്ളത് ഒരുപക്ഷെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.
എന്തായാലും പുതിയ രാഷ്ട്രം പിറവിയെടുത്ത നിലയ്ക്ക് അതിന്റെ പുരോഗതിക്കാണ് പുതിയ ഭരണാധികാരികള്‍ ശ്രദ്ധിക്കുമെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. തെക്കന്‍ സുഡാനും മറ്റു പല രാജ്യങ്ങള്‍ക്കും വന്‍തോതില്‍ ഉതകുന്ന എണ്ണസമ്പത്തിനെ ഫലപ്രദമായി വിനിയോഗിക്കാനാണ് കിര്മായാര്ദിന് ശ്രമിക്കേണ്ടത്. കലാപം ഏറെ നാശം വിതച്ചെങ്കിലും പുരോഗതിക്ക് അത് തടസ്സമായിക്കൂടാ.
രണ്ടുരാജ്യങ്ങളും ഇനിയൊരു യുദ്ധം വേണ്ടെന്ന ഒരു ദൃഢപ്രതിജ്ഞയെടുത്തത് സ്വാഗതാര്‍ഹമാണ്. ആ പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കാന്‍ ശ്രമിക്കണം. എങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും അത് ഗുണകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: