മോഹന്‍ദാസ് കളരിക്കല്‍
മോശം കൈനീട്ടം സ്വീകരിച്ചുകൊണ്ടാണ് 11-ാം തീയതി വിപണിയുടെ തുടക്കം. 18823.19 ല്‍ ആണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. കമ്പനികളുടെ ആദ്യപാദഫലം പുറത്തുവന്നു തുടങ്ങിയിട്ടില്ല. അതിന്റെ ടെന്‍ഷന്‍ ഏറെക്കുറെ വിപണി അനുഭവിക്കുന്നുണ്ട്. ഇന്‍ഫോസിസ് ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള തീവ്രശ്രമം തന്നെ 11-ാം തീയതി വിപണിയില്‍ അലയടിച്ചു. ഇത് ഇന്‍ഫോസിസ് ഓഹരികളില്‍ 2.95 ശതമാനം വിലക്കുറവ് അടിച്ചേല്പിച്ചു. ലോഹ-ഖനന വിഭാഗം ഓഹരികളെ ഇന്‍ഫോസിസിന്റെ വീഴ്ച കാര്യമായി ബാധിച്ചു. 136.65 പോയിന്റ് വീഴ്ചയോടുകൂടി സൂചിക 18721.39 ല്‍ ക്ലോസ് ചെയ്തു. 5648.05 ല്‍ ആരംഭിച്ച നിഫ്റ്റി 44.55 പോയിന്റ് താഴ്ന്ന് 5616.10 ല്‍ ക്ലോസ് ചെയ്തു.
ഖാനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ലാഭം, രംഗത്തെ തൊഴിലാളികള്‍, രംഗം ആശ്രയിച്ചു നീങ്ങുന്ന ഇതര ജനവിഭാഗങ്ങള്‍ എന്നിവരുമായി പങ്കിടണമെന്ന കേന്ദ്ര ഖാനന കരടുബില്പ്രകാരമുള്ള നീക്കങ്ങള്‍ ഖാനനമേഖലയിലെ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ആശാപുര മെയിന്‍, കെജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഭൂഷണ് സ്റ്റീല്‍, വെല്കോര്പ്പ്, സെയില്‍, ടാറ്റാ സ്റ്റീല്‍, നാല്‍ക്കോ, ജിന്‍ഡാല്‍ സ്റ്റീല്‍ ഓഹരിവിലകളെ ആഴത്തില്‍ ബാധിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സിബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, വിപ്രോ ഓഹരികളെ വില്പന സമ്മര്‍ദ്ദം ഏറെ ബാധിച്ചു.
ആഭ്യന്തര വ്യാവസായിക വളര്‍ച്ച നിരക്കില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഒന്‍പത് മാസക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരം 5.6 ലാണ് നിരക്ക് എത്തി നില്‍ക്കുന്നത്. സമ്പത് വ്യവസ്ഥയുടെ മാന്ദ്യമാണ് ഇതിന് അടിവരയിടുന്നത്.
18534.11 ല്‍ ആണ് 12-ാം തീയതി സെന്‍സെക്സ് ആരംഭിച്ചത്. വ്യവസായിക വളര്‍ച്ച നിരക്കിലെ വീഴ്ച വിപണിയില്‍ ശക്തമായി പ്രതിഫലിച്ചു. 309.77 പോയിന്റ് വീഴ്ചയോടുകൂടി 18411.62 ല്‍ ആണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 5556.90 ല്‍ ആരംഭിച്ച നിഫ്റ്റി 89.95 പോയിന്റ് താഴ്ന്ന് 5526.15 ല്‍ ക്ലോസ് ചെയ്തു.
ഇന്‍ഫോസിസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 15 ശതമാനം അധികലാഭം കൈവരിച്ചു. പക്ഷേ ഇത് പ്രതീക്ഷിച്ച വരുമാനത്തില്‍ നിന്ന് കുറഞ്ഞുപോയത് ഇന്‍ഫോസിസ് ഓഹരിവിലകള്‍ താഴ്ത്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അന്ന് 969.44 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു. അമേരിക്ക, ജപ്പാന്, ഹോങ്കോങ്ങ്, യൂറോപ്പ്, ഇറ്റലി വിപണികളും മാന്ദ്യത്തില്‍ അമര്‍ന്ന ദിനമായിരുന്നു ജൂലൈ 12. ഐ.ടി, റിയല്‍ എസ്റ്റേറ്റ്, ക്യാപ്പിറ്റല്‍ ഗുഡ്സ്, ഓട്ടോമൊബെയില്‍ മേഖലയില്‍ പൊതുവേ മാന്ദ്യം ദൃശ്യമായിരുന്നു.
ഇന്‍ഫോസിസിന്റെ അറ്റാദായത്തിന്റെ തോത് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പ്രതീക്ഷിച്ച തോതില്‍ എത്താതിരുന്നതിന്റെ പേരില്‍ ഇന്‍ഫോസിസ് ഓഹരികള്‍ക്കുണ്ടായ ക്ഷീണം വിപണിയെ ആകെ ബാധിച്ച പ്രത്യാഘാതത്തില്‍ നിന്ന് വിടുതല്‍ നേടുവാന്‍ 13-ാം തീയതിയും വിപണിക്ക് സാധിച്ചില്ല. എങ്കിലും ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഹോങ്കോങ്ങ്, ജപ്പാന്, സിംഗപ്പൂര്‍, ദക്ഷിണകൊറിയന്‍ വിപണിയിലുണ്ടായ ഉണര്‍വ്വ് എന്നിവ ആഭ്യന്തര വിപണിയില്‍ അനുകൂല തരംഗങ്ങള്‍ സൃഷ്ടിച്ചു. മുന്‍നിര ഓഹരികളില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന അവസ്ഥ സംജാതമായത് വാങ്ങല്‍ താല്പര്യം വര്‍ദ്ധിപ്പിക്കുകയും അത് വിപണിക്ക് അനുകൂല ഘടമായി മാറുകയും ചെയ്തു. റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ്, ഓട്ടോമൊബെയില്‍, ബാങ്ക് ഓഹരികള്‍ അന്ന് നേട്ടം കൈവരിച്ചു.
18468.82 ആണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. 184.40 പോയിന്റ് ഉയര്‍ന്ന് അത് 18596.02 പോയിന്റില്‍ ക്ലോസ് ചെയ്തു. 5542.02 ല്‍ ആരംഭിച്ച നിഫ്റ്റി 59.30 പോയിന്റ് നേട്ടത്തോടുകൂടി 5585.45 പോയിന്റില്‍ ക്ലോസ് ചെയ്തു.
പരിസ്ഥിതി പ്രശ്നവുമായി നേരിട്ടു ബന്ധമുള്ള പല ഉല്‍പ്പാദന സ്ഥാപനങ്ങളും നിയമക്കുരുക്കില്‍ അകപ്പെട്ട് മുന്നോട്ടുപോകുവാനാകാത്ത വിധം വിഷമിച്ചിരുന്ന കാലഘട്ടത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ മാറ്റം പ്രസ്തുത ഓഹരിവിലകളില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. ഗുജറാത്ത് മിനറല്‍, കോള്‍ ഇന്ത്യ, അഡോണി പവര്‍, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ സിങ്ക്, എന്‍എംഡിസി തുടങ്ങിയ ഓഹരികളാണ് മന്ത്രിയുടെ മാറ്റം മൂലം വര്‍ദ്ധിച്ചത്.
മെയ് മാസത്തില്‍ നാണ്യപ്പെരുപ്പ നിരക്ക് 9.06 ശതമാനം ആയിരുന്നു. ജൂണില്‍ അത് 9.44 ശതമാനമായി ഉയര്‍ന്നു. ഇത് റിസര്‍വ്വ് ബാങ്കിന്റെ പണവായ്പാ നയത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ അടിച്ചേല്പിക്കുമെന്ന കാര്യം ഉറപ്പ്.
അതീവഗുരുതരമാണ് സാമ്പത്തിക പ്രശ്നങ്ങള്‍. ഓഹരി വിപണിയില്‍ ആശങ്ക പരത്തുവാന്‍ ഇതിലപ്പുറമൊന്നും വേണ്ട. 18563.69 ല്‍ ആരംഭിച്ച സെന്‍സെക്സ് 18803.05 വരെ കയറിയിരുന്നു. അതിനുശേഷം 18449 വരെ കുറയുകയും ചെയ്തു. 18618.20 ല്‍ ക്ലോസ് ചെയ്തു. നേട്ടം വെറും 22.18 പോയിന്റ് മാത്രം. 5569.00 ല്‍ ആരംഭിച്ച നിഫ്റ്റി 14.35 പോയിന്റ് ഉയര്‍ന്ന് 5599.80 ല്‍ ക്ലോസ് ചെയ്തു.
ഉത്തരേന്ത്യന്‍ മണ്‍സൂണ്‍ പ്രതീക്ഷിച്ചതോതില്‍ ഉയര്‍ന്നില്ല. അതും വിപണിയുടെ വികാരത്തെ ഏറെ ബാധിച്ചു. ലാഭമെടുക്കല്‍ വില്പന ത്വരിതപ്പെട്ടത് 15-ാം തീയതി ആഭ്യന്തര ഓഹരി വിപണിയെ വീണ്ടും പ്രതിസന്ധിയില്‍ എത്തിച്ചു. 18694.19 ല്‍ ആണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. ആഗോള വിപണിയിലെ തകര്‍ച്ച യൂറോപ്പ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവ അന്ന് വിപണിയുടെ മുന്നേറ്റത്തിന് തടസ്സമായി വര്‍ത്തിച്ചു. പലിശനിരക്കു വര്‍ദ്ധിക്കുമോ എന്ന ആശങ്കയും വിപണിയില്‍ നിലനില്‍ക്കുകയാണ്. 56.28 പോയിന്റ് താഴ്ന്ന് 18561.92 ല്‍ ആണ് അന്ന് വിപണി ക്ലോസ് ചെയ്തത്. 5602.95 ല്‍ ആരംഭിച്ച നിഫ്റ്റി 18.70 പോയിന്റ് താഴ്ന്ന് 5581.10 ല്‍ ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി, ടാറ്റാ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഐടിസി ഓഹരിവിലകള്‍ അന്ന് താഴ്ന്നു.
മൂന്ന് ദിവസം വീഴ്ചയിലും രണ്ടു ദിവസം ഉയര്‍ച്ചയിലും നീങ്ങിയ പോയവാര വിപണി 296 പോയിന്റ് നഷ്ടം രേഖപ്പെടുത്തിക്കൊണ്ടാണ് പിന്‍വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: