ന്യൂദല്‍ഹി : മൃഗസംരക്ഷണം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയ്ക്കു പ്രത്യേക മന്ത്രാലയവും മന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി കെ.വി.തോമസ് പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തെഴുതി. ഇപ്പോള്‍ ഈ വകുപ്പുകള്‍ എല്ലാം കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാറിന്റെ കീഴിലാണ്.
മറ്റു വകുപ്പുകളെ അപേക്ഷിച്ച് മൃഗസംരക്ഷണ മേഖലയിലും, ഫിഷറീസ് മേഖലയിലും കാതലായ വികസനങ്ങള്‍ ഒന്നും തന്നെ സാദ്ധ്യമായിട്ടില്ല. കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലായതു കൊണ്ട് തന്നെ പ്രഥമ പരിഗണന ലഭിക്കുന്നത് കൃഷിക്കാണ്. മറ്റുള്ളതിന് കുറഞ്ഞ പരിഗണന മാത്രമെ ലഭിക്കുന്നുള്ളൂ. മാത്രമല്ല ഇതിന് ലഭിക്കുന്ന ഫണ്ടുകള്‍ അത്തരത്തിലുമാണ് വിനിയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കി ഒരു പുതിയ വകുപ്പ് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
കൂടതല്‍ ഫണ്ട് ലഭിക്കുന്നതിലൂടെ മൂന്നു മേഖലകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ 30 ശതമാനം സംഭാവന നല്‍ക്കുന്നതു മൃഗസംരക്ഷണ മേഖലയാണ്. കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം ഇനങ്ങളില്‍ രാജ്യത്തിന്റെ മൊത്തം ജി.ഡി.പി ആറു ശതമാനത്തില്‍ കൂടുതലാണ്. കന്നുകാലി വളര്‍ത്തലിലും പാല് ഉത്പാദനത്തിലും ലോകത്തു മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
മത്സ്യമേഖലയുടെ വികസനത്തില്‍ എറണാകുളം എംപിയായ കെ.വി. തോമസിനു പ്രത്യേക താത്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: