ആരോഗ്യ സൂചികയില്‍ മുന്‍നിരയിലായിരുന്ന കേരളം ഇന്ന് വിവിധതരം പനികള്‍ ബാധിച്ച് ഒരു വൈറസ് സംസ്ഥാനമായി മാറിയിരിക്കുന്നു. പനി, ഡെങ്കിപ്പനി, എച്ച്1എന്‍1 പനി, എലിപ്പനി, ന്യൂമോണിയ, ടൈഫോയ്ഡ് എന്നിവക്ക് പുറമെ പാലക്കാട് ജില്ലയില്‍നിന്നും കോളറയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണം കുറവാണെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്ക് പനിബാധിതരുടെ ഒഴുക്കാണ്. എറണാകുളം ജില്ല പനിജടിലമാണെന്ന് തെളിയിച്ച് വിവിധ ആശുപത്രികളില്‍ എത്തിയ പനിബാധിതരുടെ എണ്ണം 11033 ആണ്. രോഗം പിടിപ്പെട്ടിട്ടും ആശുപത്രിയിലെത്താത്തവരും ഉണ്ട്. ഒന്‍പതാം തീയതി മുതല്‍ 14 വരെ 114066 പേര് ആണ് ചികിത്സ തേടി എത്തിയതത്രെ. ഇതില്‍ 1216 പേര്‍ക്ക് വയറിളക്കം, അഞ്ച് ഡെങ്കിപ്പനി, അഞ്ച് മലേറിയ, അഞ്ച് എലിപ്പനി, മൂന്ന് ടൈഫോയ്ഡ് എന്നീ രോഗങ്ങളാണ്.
കേരളത്തിലെ വിവിധ ആശുപത്രികളില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി ബാധിച്ചെത്തിയവര് 80,000 ആണ്. സ്വകാര്യ ആശുപത്രികളും പനിബാധിതരെക്കൊണ്ട് നിറയുന്നുണ്ട്. ആറു മാസത്തിനിടയില്‍ 6.16 ലക്ഷം പേര്‍ക്ക് പനി ബാധിച്ചു എന്ന് ആരോഗ്യവകുപ്പിന്റെ കണക്കും തെളിയിക്കുന്നു. ജില്ലകളില്‍ ആലപ്പുഴ ജില്ലയുടെ ആരോഗ്യസ്ഥിതിയാണ് ഏറ്റവും പരിതാപകരം. ഇവിടെ ഡോക്ടര്‍മാര്‍ പോലും പനിബാധിതരാണ്. ഈ സീസണില്‍ 16000 പേര് ജില്ലാ ആശുപത്രികളില്‍ എത്തി. വ്യാഴാഴ്ച മാത്രം 825 രോഗികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ വന്നത്. തൃശൂര്‍ ജില്ലയില്‍ 1739 പേര് സര്‍ക്കാര്‍ ആശുപത്രിയിലും 1152 പേര് സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. കണ്ണൂരില്‍ 62,000 പേര് പനിബാധിതരാണ്. ദിവസേന എത്തുന്ന പനിബാധിതര്‍ 1500 ആണ്. ഇവിടെ 109 ഡോക്ടര്‍മാരുള്ളതില്‍ 16 പേര് അവധിയിലാണ്. പാലക്കാട്ട് 1200 പനിബാധിതരോടൊപ്പം ഒരു കോളറബാധിതനെയും കണ്ടെത്തി. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതും കുടിക്കാനുള്ള സ്രോതസ്സുകള്‍ മലിനമായതുമാണ് കോളറബാധക്ക് കാരണമെന്നാണ് കണ്ടെത്തുന്നത്.
കേരളത്തില്‍ പനി ബാധിക്കുന്നത് മലിനീകൃത സാഹചര്യത്തില്‍ ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്നിന്നാണെന്ന ആരോപണം ഉയരുന്നുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരിലും പ്രാന്തപ്രദേശങ്ങളിലും പടരുന്നത് മലേറിയയാണ്. എലിപ്പനിയും ചിക്കുന്‍ഗുനിയയും ടൈഫോയ്ഡും ഇവിടെ വ്യാപിക്കുന്നുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍നിന്നുതന്നെ 825 പേര് ചികിത്സ തേടിയെത്തിയിരുന്നു. ആലുവ, എടത്തല മുതലായ പ്രദേശങ്ങളും പനിച്ചൂടില്ത്തന്നെയാണ്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ശരാശരി അഞ്ഞൂറോളം പേര് ചികിത്സ തേടുമ്പോള്‍ മൂവാറ്റുപുഴയിലും നൂറോളം പേരാണ് പനിയുമായി എത്തിയിരിക്കുന്നത്. കേരളം എന്തുകൊണ്ട് പകര്‍ച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളുടെയും ആസ്ഥാനമായിമാറുന്നു എന്ന വസ്തുത പഠനവിധേയമാക്കേണ്ട സമയം അതിക്രമിച്ചു. ഇവിടെ സമഗ്രമായ ഒരു ആരോഗ്യനയമോ പ്രതിബദ്ധതയുള്ള ഒരു ഡോക്ടര്സമൂഹമോ ഇല്ല. നാട്ടിന്പുറത്തേക്ക് സ്ഥലംമാറ്റിയാല്‍ അവധി എടുക്കുന്നവരാണ് മിക്ക ഡോക്ടര്‍മാരും.
ആശുപത്രികളുടെയോ ഡോക്ടര്‍മാരുടെയോ അഭാവം കേരളത്തിലില്ല. ഇവിടെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പോലും ഉണ്ട്. പക്ഷെ മറുനാട്ടുകാര്‍ ധാരാളം വന്നെത്തുന്ന കേരളത്തില്‍ വൈറസും വന്നെത്തുന്നു എന്നുവേണം കരുതാന്‍. വൈറസുകളടെ ജനിതക മാറ്റങ്ങള്‍ രോഗനിര്‍ണയത്തിന് തടസമാകുന്നു. ഡോക്ടര്‍മാരുടെ പ്രശ്നം കേരളത്തിന് ഇന്നും സമസ്യയാണ്. പനിയില്‍ കേരളം വിറയ്ക്കുമ്പോഴും അവര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് സമരഭീഷണി മുഴക്കിയിരുന്നു. ഡോക്ടര്‍മാരുടെ ഒഴിവുകളും നികത്തപ്പെടുന്നില്ല. പക്ഷെ എല്ലാത്തിലും പ്രധാന വിഷയം കേരളത്തില്‍ അന്യംനിന്നുപോയ ശുചിത്വബോധമാണ്. കുടിവെള്ളത്തില്‍ പോലും കക്കൂസ് മാലിന്യം തള്ളുന്ന, ജലപാതകളും തോടും നദിയും ഓടയും മാലിന്യകേന്ദ്രമാക്കുന്ന കേരളത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ പടരുക സ്വാഭാവികം. പക്ഷെ മാലിന്യംസംസ്ക്കരണം ഇന്നും തദ്ദേശസ്ഥാപനങ്ങളുടെ അജണ്ടയിലില്ല. ശുദ്ധജലലഭ്യത, ജലാശയ പുനര്‍ജീവനം, മാലിന്യസംസ്ക്കരണം മുതലായവ മലയാളിയുടെ അജണ്ടയാകുകയും രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയം മറന്ന് ഏകമനസ്കരായി ഈ രോഗാവസ്ഥക്ക് പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ മാത്രമേ കേരളം രോഗാതുരതയില്‍നിന്നും രക്ഷപ്പെടുകയുള്ളൂ.
മതിയായ സുരക്ഷ വേണം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്തിന്റെ മുകളില്‍ അവകാശത്തര്‍ക്കം കൊഴുക്കുമ്പോഴും സ്വര്‍ണത്തിനും പണത്തിനും വേണ്ടി കൊല്ലും കൊലയുമായി ജ്വല്ലറി കൊള്ളയും മറ്റും സംസ്ക്കാരമാക്കി മാറ്റിയിരിക്കുന്ന കേരളത്തില്‍ ഈ അമൂല്യനിധിയുടെ സുരക്ഷിതത്വത്തെപ്പറ്റി കേരളത്തില്‍ ആരും വ്യാകുലപ്പെടുന്നില്ല. ക്ഷേത്രഭണ്ഡാരത്തില്‍ കണ്ടെത്തിയ നിധി ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കുമെന്നും അതിന് സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പ്രഖ്യാപിക്കുകയും സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഒരു കോടി രൂപ ഇതിനായി നീക്കിവെക്കുകയുംചെയ്തു. പക്ഷെ ഇപ്പോള്‍ ഈ സുരക്ഷാ ക്രമീകരണങ്ങളില്‍ സുപ്രീംകോടതിതന്നെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നു. ആധുനിക സുരക്ഷാ സംവിധാനം ഒരുക്കാന്‍ ഈ ഒരു കോടി രൂപ തികയുന്നില്ലെന്നും ബോംബ്സ്ഫോടനത്തിനു പോലും തകര്‍ക്കാന്‍ കഴിയാത്ത സുരക്ഷിത അറകള്‍ നിര്‍മിക്കണമെന്നും പോലീസിന്റെ ആലോചനയില്‍ തീര്‍പ്പുണ്ടാകുക സുപ്രീംകോടതി വിധിക്ക് ശേഷമായിരിക്കും. നിധിയുടെ പരിപാലനത്തെ സംബന്ധിച്ച് വിശദമായ ഉത്തരവ് ഈ മാസം 22 ന് പുറപ്പെടുവിക്കും.
ഇപ്പോഴത്തെ അവസ്ഥയില്‍ നിധിശേഖരം എത്രത്തോളം സുരക്ഷിതമാണെന്നാണ് സുപ്രീംകോടതി ആശങ്കപ്പെടുന്നത്. സ്വത്തുസംരക്ഷണം ഉറപ്പുവരുത്തിയ ശേഷം മതി തുടര്‍പരിശോധനകള്‍ എന്നും കോടതി നിര്‍ദ്ദേശിക്കുന്നു. ദേവപ്രശ്നം നടത്താതെ ബി നിലവറ തുറക്കരുതെന്നാണ് രാജകുടുംബം ആവശ്യപ്പെടുന്നത്. മൂലംതിരുനാള്‍ രാമവര്‍മയുടെ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ച നിധിയുടെ യഥാര്‍ത്ഥ മൂല്യം സാങ്കേതിക പരിജ്ഞാനമുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. നിലവറയില്‍ ആയിരുന്നപ്പോള്‍ മൂല്യം അറിഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ ഇത് സുരക്ഷിതമായിരുന്നു. വിദഗ്ധരായ ആളുകളെ കണ്ടെത്തി സുരക്ഷാസംവിധാനം ശക്തമാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അതിനിടെ കേരളത്തിലെ സാംസ്കാരിക-സാമുദായിക, രാഷ്ട്രീയ നേതാക്കള്‍ പരിഗണിക്കുന്നത് ഇത് ആര്‍ക്ക് അവകാശപ്പെടാം എന്നും എങ്ങനെ സ്വായത്തമാക്കി ധൂര്‍ത്തടിക്കാം എന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: