ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടന മന്ത്രി ഗുരുദാസ് കാമത്ത് രാജിവെക്കുകയും മന്ത്രി ശ്രീകാന്ത് ജെന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതോടെ നിറംകെട്ടു. ഇരുവരും കോണ്‍ഗ്രസ് അംഗങ്ങളാണ്.
തങ്ങള്‍ക്ക് മാറ്റിവെച്ച വകുപ്പുകളില്‍ അസംതൃപ്തി രേഖപ്പെടുത്തിയാണ് രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചത്. തുടര്‍ന്ന് ജലവിഭവത്തിന്റെയും ശുചിത്വത്തിന്റെയും ചുമതലയുണ്ടായിരുന്ന കാമത്ത് പ്രധാനമന്ത്രിക്ക് രാജി അയക്കുകയായിരുന്നു. യുപിഎ നേതൃത്വത്തിനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ഏറ്റ കനത്ത ആഘാതമായിരിക്കുകയാണ് ഈ നടപടി. 61-കാരനായ ശ്രീകാന്ത് ജെനക്ക് രാസവള വകുപ്പിന് പകരം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കാനായിരുന്നു തീരുമാനം. ഒറീസയിലെ ഏക കോണ്‍ഗ്രസ് എംപിയും നാലാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടയാളുമാണ് ജന. തീര്‍ത്തും അപ്രധാനമായ വകുപ്പിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ജന വിട്ടുനിന്നത്. ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് തീരെ അപ്രധാനമായ വകുപ്പും സഹമന്ത്രിസ്ഥാനവും എന്നത് ജനയെ ചൊടിപ്പിച്ചു. മുന്‍ ഒറീസ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ ശിഷ്യത്വം സ്വീകരിച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്.
ഗുരുദാസ് കാമത്തിന് ശുചിത്വം, കുടിവെള്ളം എന്നീ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് നല്‍കിയത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. വടക്കു-പടിഞ്ഞാറന്‍ മുംബൈയിലെ ജനപ്രതിനിധിയാണ് 57-കാരനായ കാമത്ത്. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് കാമത്ത്. പല പ്രമുഖരെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിട്ടുമുണ്ട്. മുമ്പ് ഐടി, വാര്‍ത്താവിനിമയം, ആഭ്യന്തരവകുപ്പില്‍ സഹമന്ത്രിസ്ഥാനം എന്നിവ വഹിച്ചിട്ടുണ്ട്.
‘ഒഡീഷയിലെ ജനങ്ങളുടെ വികാരം’ പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും സോണിയാഗാന്ധിയെയും ധരിപ്പിക്കുമെന്നും ജന പറഞ്ഞു. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദ്ദം തനിക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിന് തടസമായെന്നും ശ്രീകാന്ത് ജന കൂട്ടിച്ചേര്‍ത്തു. രാജിവെക്കുമോ എന്ന ചോദ്യത്തിന് താനെന്തിന് രാജിവെക്കണമെന്ന മറുചോദ്യമാണ് ജന ഉന്നയിച്ചത്.
പുനഃസംഘടന ഒറീസയിലെ ജനങ്ങളോട് നീതി കാട്ടിയോ എന്ന ചോദ്യത്തിന് അവരോട് ചോദിക്കൂ എന്ന മറുപടിയാണ് ജന നല്‍കിയത്. സംസ്ഥാനത്തിന്റെ ബൗളറോ ബാറ്റ്സ്മാനോ ആകാന്‍ താനില്ലെന്നും ജന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: