ന്യൂദല്‍ഹി: രാംലീലാ മൈതാനിയില്‍ യോഗ ഗുരു രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ അതിക്രമം നടത്താനുള്ള കാരണമെന്തെന്ന് ദല്‍ഹി പോലീസിനോട് സുപ്രീംകോടതി. ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ച പോലീസ് നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു.
ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്ത സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ബാബാ രാംദേവിനും അനുയായികള്‍ക്കും യോഗ നടത്തുവാനാണ് മൈതാനം വിട്ടുകൊടുത്തതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗ അഭ്യസനത്തിലേര്പ്പെട്ടിരിക്കുന്ന ബാബായ്ക്കും അനുയായികള്‍ക്കുമെതിരെയാണ് പോലീസ് അതിക്രമം അഴിച്ചുവിട്ടതെന്ന് രേഖകളും വീഡിയോ ദൃശ്യങ്ങളും തെളിയിക്കുന്നതായി ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തനിക്കും തന്റെ അനുയായികള്‍ക്കുമെതിരെ രാംലീലാ മൈതാനിയില്‍ നടന്ന അതിക്രമം ദല്‍ഹി പോലീസിലെ ഉന്നതോദ്യോഗസ്ഥരുടെ ആജ്ഞപ്രകാരമല്ല, മറിച്ച് ചില രാഷ്ട്രീയ കക്ഷികള്‍ ആസൂത്രണം ചെയ്തതുപ്രകാരമാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിച്ച് രാംദേവ് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനയച്ച കത്ത് ഗൗരവമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.കേസ് സംബന്ധിച്ച അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 25ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: