തിരുവനന്തപുരം: 5534 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്ന കെ.എം മാണിയുടെ പുതുക്കിയ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളും നികുതി ഇളവുകളും നിരവധിയുണ്ട്. മദ്യത്തിനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന അധിക നികുതിയും കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഭുമി ഇടപാടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നാമമാത്രമാക്കിയതും ബജറ്റിനെ ശ്രദ്ധേയമാക്കുന്നു.
ഇരുപത് ശതമാനം കൂടുതല്‍ വിലയുള്ള കാറുകളുടെ വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം ആഡംബര സെസാണ് ബജറ്റ് ശുപാര്‍ശ ചെയ്യുന്നത്. നാലായിരം ചതുരശ്ര അടി മുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് രണ്ട് ശതമാനം സെസ്സും പിരിക്കും. മദ്യം, പുകയില എന്നിവയുടെ നികുതിയും കൂട്ടി.
വിദേശ മദ്യത്തിന് ഈടാക്കുന്ന ഒരു ശതമാനം സെസ് ആറ് ശതമാനമാക്കി. ബിവറേജസ് കോര്പ്പറേഷന് മേല്‍ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് അഞ്ച് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി. പാന്‍പരാഗ് പോലെയുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ നികുതി ഇരുപത് ശതമാനമാക്കി ഉയര്‍ത്തി.
കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ധന നിശ്ചയ ആധാരങ്ങള്‍, ഭാഗ ഉടമ്പടികള്‍ എന്നിവയ്ക്ക് ഇനി മുതല്‍ ആയിരം രൂപ മാത്രം സ്റ്റാമ്പ് ഡ്യൂട്ടി മതി. വില്‍പ്പന നികുതികളിലെ ചില വ്യവസ്ഥകളിലും മാറ്റമുണ്ട്. സ്വര്‍ണ്ണ വ്യാപാരികള്‍ തലേവര്‍ഷം അടച്ച നികുതിയുടെ 125 ശതമാനം ഇത്തവണ നികുതിയായി അടയ്ക്കണമെന്ന വ്യവസ്ഥ മാറ്റി.
നിലവിലുള്ള നികുതി നിരക്കോ വിറ്റുവരവിന്റെ 1.25 ശതമാനമോ ഏതാണെന്ന് കൂടുതലെന്ന് നോക്കി ആ തുക വേണം സ്വര്‍ണ്ണ വ്യാപാരികള്‍ ഇനി മുതല്‍ അടയ്ക്കേണ്ടത്. ഇതുവഴി നികുതി പിരിവ് 15 കോടിയോളം രൂപ കൂടുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.
സംസ്ഥാന ലോട്ടറികള്‍ ആഴ്ചയില്‍ എല്ലാ ദിവസവും നടത്തി 263 കോടി രൂപ അധികം പിരിക്കും. ആകെ 615 കോടി രൂപയുടെ വിഭവ സമാഹരണമാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. ഇതുവഴി റവന്യൂ വരുമാനം 39,427 കോടിയായി ഉയരും. റവന്യൂ ചെലവ് 44,961 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: