ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിയിടപാടില്‍ കുറ്റക്കാരനെന്ന് വ്യക്തമായ മുതിര്‍ന്ന ഡിഎംകെ നേതാവും കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രിയുമായ ദയാനിധി മാരന് രാജിവെച്ചു. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മാരന് വ്യക്തമായ പങ്കുള്ളതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് രാജി.
മാരന് ടെലികോം മന്ത്രിയായിരിക്കെ 2004-07 കാലയളവിലാണ് അഴിമതിയില്‍ പങ്കാളിയായതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മാരന് (44) രാജിസമര്‍പ്പിച്ചു. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാരന്റെ രാജിയെന്ന് അറിയുന്നു. സ്പെക്ട്രം കുംഭകോണത്തിന്റെ പേരില്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ഡിഎംകെ മന്ത്രിയാണ് മാരന്.
രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം കുംഭകോണത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന ഡിഎംകെ നേതാവും കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജ നേരത്തെ രാജിവെച്ചിരുന്നു. സ്പെക്ട്രം കുംഭകോണത്തില്‍ രാജയുടെ പങ്ക് സിഎജി പുറത്തുവിട്ടതിനെത്തുടര്‍ന്ന് 2010 നവംബറിലാണ് അദ്ദേഹം രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. രാജയുടെ കാര്യത്തിലെന്ന പോലെ പ്രശ്നം വന്‍ വിവാദമായതിനുശേഷമാണ് മാരന്റെ രാജിയും. മാരനെതിരെ സിബിഐ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതോടെ മന്ത്രിസഭയില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്. ബാലുവുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സംഭാഷണം നടത്തുകയും മാരനെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ വിവരം ബാലു കരുണാനിധിയെ അറിയിച്ചു. തുടര്‍ന്നാണ് രാജിക്കത്ത് നല്കാന് കരുണാനിധി മാരനോട് ആവശ്യപ്പെട്ടതത്രെ.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വസതിയിലേക്ക് മടങ്ങിയ മാരന് തിരിച്ചെത്തിയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. കരുണാനിധിയുടെ മരുമകനും മുന്‍ കേന്ദ്രമന്ത്രിയുമായ മുരശൊലി മാരന്റെ മകനാണ് ദയാനിധി മാരന്. സ്പെക്ട്രം കേസില്‍ പ്രതികളായ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയും എ. രാജയും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
ഇത് രണ്ടാം തവണയാണ് ദയാനിധി മാരന് മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത്. കരുണാനിധിയുടെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്ന് മാരനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ 2007-ല്‍ അദ്ദേഹം രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം 2009 മെയ് മാസത്തില്‍ വീണ്ടും മന്ത്രിസഭയിലെത്തിയ മാരന് ടെക്സ്റ്റെയില്‍ വകുപ്പാണ് കിട്ടിയത്.
2004-07ല്‍ മാരന് ടെലികോം മന്ത്രിയായിരിക്കെ എയര്‍സെല്‍ പ്രമോട്ടറായിരുന്ന സി. ശിവശങ്കരന് മേല്‍ അവിഹിത സമ്മര്‍ദ്ദം ചെലുത്തി ടെലികോം കമ്പനിയുടെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസിന് കൈമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മലേഷ്യന്‍ കമ്പനിക്ക് സ്പെക്ട്രം അനുവദിച്ചതിന് പ്രത്യുപകാരമായി മാരന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിക്ക് കോടികള്‍ കോഴകിട്ടിയിരുന്നു.
മാധ്യമവാഴ്ചയുടെ ഇരയാണ് മാരനെന്ന് കരുണാനിധി പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് ആരെയും വീഴ്ത്താന്‍ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. മാരന് ഡിഎംകെ പൂര്‍ണ പിന്തുണ നല്‍കുന്നതായും കരുണാനിധി പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രി സ്ഥാനത്തുനിന്നുള്ള മാരന്റെ രാജി ഏറെ വൈകിപ്പോയെന്ന് എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ആരോപിച്ചു. അദ്ദേഹത്തോട് വളരെ നേരത്തെ രാജിവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടേണ്ടതായിരുന്നു. ചെന്നൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇത് ഡിഎംകെയുടെ അന്ത്യമായിരിക്കുമോ എന്ന ചോദ്യത്തിന്, ഡിഎംകെയുടെ അന്ത്യം ജനങ്ങള്‍ നേരത്തെ തീരുമാനിച്ചുകഴിഞ്ഞുവെന്നായിരുന്നു അവരുടെ മറുപടി. മാരന് കുടുംബത്തിനെതിരെ കിട്ടുന്ന ഏതുപരാതിയും എല്ലാ ഗൗരവത്തോടെയും നടപടിക്ക് വിധേയമാക്കുമെന്നും ജയലളിത പറഞ്ഞു.
ഇതിനിടെ, സ്പെക്ട്രം അഴിമതിക്കേസില്‍ നേരിട്ട് ഇടപെട്ടുകൊണ്ടിരുന്ന മാരന് ഇത്രയും കാലം മന്ത്രിസഭയില്‍ തുടര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ബിജെപി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു. മാരന്റെ രാജി വലിയ വാര്‍ത്തയൊന്നുമല്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഇത്രയും കാലം കാത്തിരുന്നത് എന്തിനെന്ന് വ്യക്തമാക്കണം, ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു. രാജയുടെ കാര്യത്തില്‍ ഉണ്ടായതുപോലെയുള്ള നിലപാടാണ് കേന്ദ്രത്തിനെങ്കില് അത് രാജ്യത്തിന് വലിയ നാണക്കേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനായ മന്ത്രിയെ കേന്ദ്രമന്ത്രിസഭയില്‍ നിലനിര്‍ത്തിയ പ്രധാനമന്ത്രി മറുപടി പറയണമെന്ന് സിപിഐ നേതാവ് ഡി. രാജയും ആവശ്യപ്പെട്ടു. ഒന്നിന് പുറകെ ഒന്നായി കേന്ദ്രമന്ത്രിമാര്‍ അഴിമതിയില്‍ ഉള്‍പ്പെട്ടതോടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: