തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അഞ്ച് നിലവറ തുറന്നപ്പോള്‍ കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതെന്ന് സുപ്രീംകോടതി നിയോഗിച്ച സംഘത്തിലെ അംഗം ജസ്റ്റിസ് സി.എസ്.രാജന്. ഏഷ്യാനെറ്റ് അഭിമുത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന് ലഭിച്ചത് നിധിയല്ല. നിധിയെന്നാല്‍ ആരും അറിയാതെ കിടക്കുന്നത് കണ്ടെത്തുന്നതാണ്. ഇത് അങ്ങനെയല്ല. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് ഭഗവാന് സമര്‍പ്പിച്ചതാണ്. എല്ലാം തിരുവാഭരണങ്ങളും കാണിക്കകളുമാണ്. പതിനെട്ട് അടി നീളമുള്ളതാണ് മാലകള്‍. അനന്തപത്മനാഭന് കിടക്കുന്നത് ഇത്രയും നീളത്തിലാണ്.
മൂന്നുവാതിലില്കൂടി നോക്കിയാലെ ഭഗവാനെ പൂര്‍ണമായും കാണാനാകൂ. ആയിരക്കണക്കിന് വര്‍ഷമായി തുടരുന്ന ഓരോ ആചാരാനുഷ്ഠാനങ്ങള്‍ക്കും കാണിക്ക സമര്‍പ്പിക്കും. കാലാകാലങ്ങളായി കാഴ്ചവച്ചത് അറിയാത്ത സ്വത്തല്ല. നിധിയാണെങ്കില്‍ സര്‍ക്കാരിന് മുതല്‍കൂട്ടാന്‍ നിയമമുണ്ട്. ഇത് ആര്‍ക്കും ഏറ്റെടുക്കാനാവില്ല. സ്വര്‍ണാഭരണങ്ങളും നവരത്നങ്ങളുമെല്ലാം വിലമതിക്കാന്‍ കഴിയാത്തതാണ്. വിലനിര്ണയിക്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വില ഊഹാപോഹങ്ങളാണ്. വില ഇപ്പോള്‍ പറയുന്നതാകാം. അതില്‍ കൂടുതലുമാകാം. പൗരാണിക സ്വത്താണിത്. അവിടെ കണ്ടതെല്ലാം 45 കാരറ്റ് സ്വര്‍ണങ്ങളാണ്.
വിപണിയിലുള്ള ഏറ്റവും കൂടുതല്‍ 22 കാരറ്റ് ആണ്. എത്രകാലം കിടന്നാലും 45 കാരറ്റിന്റെ നിറം മങ്ങില്ല. വിലയും കണക്കുകൂട്ടാനാവില്ല. വെള്ളി വെളിച്ചം തട്ടിയാല്‍ കറുത്തുപോകും. നവരത്നങ്ങളും മറ്റും ബല്‍ജിയത്തില്‍ നിന്നും കൊണ്ടുവന്നതാണെന്ന വാര്‍ത്തകള്‍ പിശകാണ്. ബര്‍മ്മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള രത്നങ്ങളാണ്. ഇവ മുറിച്ചെടുത്തതിന്റെ പേരാണ് ‘ബല്‍ജിയം കട്ട്’ എന്നത്. വിദഗ്ദരും പുരാവസ്തു ഡയറക്ടരും വിദഗ്ധ ഉദ്യോഗസ്ഥരും ഇത് സ്ഥിരീകരിച്ചതാണ്. ഏറ്റവും കൂടുതല്‍ മൂല്യമുള്ള സാധനങ്ങള്‍ ലഭിച്ച ‘എ’ അറ നാല് കരിങ്കല്ലുകള്‍ നീക്കിയശേഷമാണ് തുറന്നത്. പടിക്കെട്ടിറങ്ങി ചെറിയ അറയില്‍ ഇറങ്ങിനോക്കിയപ്പോഴാണ് വിസ്മയം സൃഷ്ടിച്ചത്. രണ്ട് മൂന്ന് തട്ടുകളിലായി നിരത്തിവച്ച രീതിയിലായിരുന്നു. തങ്കഅങ്കിയാകട്ടെ കയറുമ്പോള്‍ തന്നെ കാണാനായി.
ഭരണിയിലും പെട്ടികളിലും സൂക്ഷിച്ചിരുന്ന മറ്റ് വസ്തുക്കള്‍ ഇപ്പോള്‍ ട്രങ്ക്പെട്ടിയില്‍ നമ്പറിട്ട് അടുക്കിവച്ചിരിക്കുകയാണ്. പെട്ടിക്ക് പുറത്തും അകത്തും നമ്പറും ലിസ്റ്റും പതിച്ചിട്ടുണ്ട്. ഇനി പരിശോധിക്കാന്‍ എളുപ്പമാണ്. ഉടമസ്ഥാവകാശം ആര്‍ക്കെന്ന് പറയേണ്ടത് സുപ്രീംകോടതിയാണ്. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചതാണ്. രാജാക്കന്മാര് ഒന്നും എടുക്കാറില്ല. കോടതി നേരത്തെ പറഞ്ഞത് തന്നെ കൊട്ടാരത്തിന് ക്ഷേത്രം നല്കണമെന്നല്ല. തമ്പുരാന്, സര്‍ക്കാരിന്റെ പ്രതിനിധി, രണ്ട് ഭക്തജന പ്രതിനിധി അടങ്ങിയ ട്രസ്റ്റിന് ഏല്‍പ്പിക്കണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: